കാനഡയിലേക്ക് ഇനി ആർക്കും അങ്ങനെ പറക്കാമെന്ന് കരുതേണ്ട: പുതിയ പൂട്ടുമായി സർക്കാർ
ഒറ്റാവോ: അന്തർദേശിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കടുത്ത നിയന്ത്രണം നടപ്പാക്കിയിരിക്കുകയാണ് കാനഡ. പാർപ്പിട പ്രതിസന്ധി ഉൾപ്പെടെയുള്ള വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് വിദ്യാർത്ഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. പുതിയ അന്താരാഷ്ട്ര വിദ്യാർത്ഥി പെർമിറ്റുകളുടെ എണ്ണം 2023 അപേക്ഷിച്ച് 35 ശതമാനം കുറയ്ക്കാനാണ് തീരുമാനം. ഈ വർഷം ഏകദേശം 360,000 അംഗീകൃത പഠന പെർമിറ്റുകളായിരിക്കും നൽകിയേക്കുകയെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
പുതിയ തീരുമാനം അനുസരിച്ചുള്ള നടപടിക്രമങ്ങൾ വിവിധ പ്രവിശ്യകൾ ആരംഭിച്ചിട്ടുണ്ട്. അതിനിടയിൽ ഇപ്പോൾ ഇതാ രാജ്യത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പ്രവിശ്യകളിലൊന്നായ ഒന്റാറിയോ പുതിയ തീരുമാനം നടപ്പാക്കാൻ ഒരുങ്ങുകയാണ്.

പൊതുസർവ്വകലാശാലകൾക്കും കോളേജുകൾക്കും മാത്രം അന്താരാഷ്ട്ര സ്റ്റഡി പെർമിറ്റുകൾ അനുവദിക്കാനാണ് ഒന്റാറിയോയുടെ തീരുമാനം. ഒന്റാറിയോയുടെ തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ കൂടി പരിഗണിച്ച് സ്റ്റം കോഴ്സുകൾ ,ഹോസ്പിറ്റാലിറ്റി, ശിശു സംരക്ഷണം തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകുന്ന പോസ്റ്റ്സെക്കൻഡറി പ്രോഗ്രാമുകൾക്കാകും പ്രവിശ്യ മുൻഗണന നൽകുക. സാധാരണ സ്വകാര്യ സ്ഥാപനങ്ങളായ കരിയർ കോളേജുകൾക്ക് ഈ വർഷം അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ അപേക്ഷ സ്വീകരിക്കാൻ അനുവദിക്കില്ല.
ഫ്രഞ്ച് ഭാഷാ വൈദഗ്ധ്യത്തിനായുള്ള ആവശ്യം പരിഹരിക്കാനുള്ള ശ്രമത്തിൻറെ ഭാഗമായി ഫ്രഞ്ച് ഭാഷാ എൻറോൾമെൻ്റിനും മുൻഗണന നൽകും. അൽഗോമ യൂണിവേഴ്സിറ്റി ഒഴികെയുള്ള പൊതു സർവ്വകലാശാലകൾ 2023 ലേത് പോലെ സ്റ്റഡി പെർമിറ്റ് അപേക്ഷകൾ നിലനിർത്തും. അതുപോലെ, ഒൻ്റാറിയോയിലെ 24 പൊതു കോളേജുകളിൽ 11 എണ്ണവും 2023 ലെവലിൽ അപേക്ഷകൾ നിലനിർത്താനാണ് തീരുമാനം.കോൺസ്റ്റോഗ കോളേജ് ഉൾപ്പെടെയുള്ള പൊതു-സ്വകാര്യ പങ്കാളിത്തമുള്ള കോളേജുകളിൽ പക്ഷേ അപേക്ഷകളിൽ ഇടിവ് ഉണ്ടായേക്കുമെന്നാണ് വിലയിരുത്ത്പെടുന്നത്.
ഒൻ്റാറിയോയ്ക്ക് അനുവദിച്ചിട്ടുള്ള പഠനാനുമതി അപേക്ഷകളുടെ ആകെ എണ്ണം സംബന്ധിച്ച നിർദ്ദിഷ്ട വിശദാംശങ്ങൾ ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഇവിടെയായിരിക്കും കാനഡയിലെ മറ്റ് പ്രവിശ്യകളെക്കാളും കൂടുതൽ സ്റ്റഡി പെർമിറ്റുകൾ അനുവദിക്കുകയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം സ്വകാര്യ കോളേജുകൾക്ക് പെർമിറ്റ് ലഭിക്കാതിരിക്കുന്നത് ഈ മേഖലയിൽ വലിയ തിരിച്ചടിക്കാണ് കാരണമായേക്കുക. ഏത് കോളേജുകളിലും അഡ്മിഷൻ ലഭിക്കുമെന്ന സാഹചര്യം ഇതോടെ ഇല്ലാതാകുകയും ചെയ്യും.
അതേസമയം പുതിയ നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളുടെ പശ്ചാത്തലത്തിൽ കാനഡയിലേക്ക് വിദേശ പഠനത്തിനായി പറക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ ഇടിവ് ഉണ്ടായിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര വിഷയങ്ങളും വിദ്യാർത്ഥികളുടെ എണ്ണം കുറയാൻ കാരണമായിട്ടുണ്ട്.












Click it and Unblock the Notifications