കിടപ്പാടമില്ല: കാനഡയില്‍ സഹികെട്ട് ഇന്ത്യന്‍ വിദ്യാർത്ഥികളുടെ പ്രതിഷേധം; ഒടുവില്‍ വഴങ്ങി അധികൃതർ
മതിയായ താമസ സൗകര്യം ഉള്‍പ്പെടേയുള്ള കാര്യങ്ങള്‍ ലഭിക്കാതായതോടെ ഇന്ത്യക്കാർ ഉള്‍പ്പെടേയുള്ള വിദേശ വിദ്യാർത്ഥികള്‍ കാനഡയില്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. വാഗ്ദാനം ചെയ്ത പാർപ്പിട സൗകര്യം പോലും നല്‍കാന്‍ സർവ്വകലാശാലകള്‍ തയ്യാറാവാതിരുന്നതോടെ വിദ്യാർത്ഥികള്‍ വലിയ രീതിയിലുള്ള പ്രതിഷേധവും വിവിധ പ്രദേശങ്ങളില്‍ ആരംഭിച്ചിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇത്തരം പ്രതിഷേധങ്ങള്‍ ശക്തിപ്പെട്ട് വരുന്നതായുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. സർക്കാർ വിഷയത്തില്‍ ഇടപെട്ട് പരിഹാരം കാണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. ഇപ്പോഴിതാ വിദ്യാർത്ഥികളുടെ ഈ ആവശ്യം സർക്കാർ കേള്‍ക്കുകയും വിഷയത്തില്‍ ഇടപെടുകയും ചെയ്തിരിക്കുകയാണ്.

സെപ്തംബർ രണ്ടാം വാരത്തിൽ ഒന്റാറിയോയിലെ നോർത്ത് ബേയിലുള്ള കാനഡോർ കോളേജ് കാമ്പസിലായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം ഏറ്റവും രൂക്ഷമായത്. സർക്കാർ പ്രതിനിധികള്‍ വിഷയത്തില്‍ ഇടപെട്ടതോടെ വിദ്യാർത്ഥികളും കോളേജ് അധികൃതരും തമ്മിൽ ധാരണയിലെത്തുകയായിരുന്നു. താങ്ങാനാവുന്ന താമസസൗകര്യം എന്ന ആവശ്യം അംഗീകരിക്കാമെന്ന് ഉറപ്പ് നൽകുകയായിരുന്നു.
സമരം ചെയ്യുന്ന വിദ്യാർഥികൾ കോളേജ് ഗ്രൗണ്ടിന് സമീപത്തെ ടെന്റിലായിരുന്നു താമസിച്ചിരുന്നത്. സെപ്റ്റംബറിൽ ആരംഭിക്കുന്ന കാനഡയിലെ പുതിയ കോളേജ് വർഷത്തിന്റെ ആരംഭത്തിൽ 3,500-ലധികം അന്തർദ്ദേശീയ വിദ്യാർത്ഥികളാണ് ഈ നഗരത്തിലേക്ക് മാത്രം എത്തിയത്. എന്നാല്‍ നോർത്ത് ബേയുടെ ചെറുതും ജനസാന്ദ്രത കുറഞ്ഞതുമായ പ്രത്യേകത കണക്കിലെടുക്കുമ്പോൾ, ഗണ്യമായ പണപ്പെരുപ്പം മൂലമുണ്ടാകുന്ന വർദ്ധിപ്പിച്ച വാടക കാരണം വിദ്യാർത്ഥികൾക്ക് വീടുകള്‍ കിട്ടാത്ത സ്ഥിതി വരികയായിരുന്നു.
പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ പിന്തുണച്ച് മോൺട്രിയൽ യൂത്ത് സ്റ്റുഡന്റ്സ് ഓർഗനൈസേഷനും (MYSO) രംഗത്ത് വന്നിരുന്നു. ക്യാമ്പസിലെ എല്ലാ വിദ്യാർത്ഥികള്‍ക്കും ഇനി പാർപ്പിടം ഉണ്ടായിരിക്കുമെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി. "ഈ ആഴ്ച കൊമേഴ്‌സ് കോർട്ട് കാമ്പസിൽ നടന്ന പ്രകടനങ്ങളിൽ പങ്കെടുത്ത എല്ലാ കാനഡോർ വിദ്യാർത്ഥികള്‍ക്കും നിലവിൽ പാർപ്പിടം ഏർപ്പാടാക്കിയിട്ടുണ്ട്. കോളേജിന്റെ വക്താവ് വ്യക്തമാക്കി.
"അനുയോജ്യമായ താമസസൗകര്യം കണ്ടെത്താൻ കാനഡോർ എല്ലാ വിദ്യാർത്ഥികളുമായും പ്രവർത്തിക്കുന്നത് തുടരുന്നു. അടുത്തയാഴ്ച ഞങ്ങൾ കൂടുതൽ സമഗ്രമായ അപ്‌ഡേറ്റ് നൽകും. " കോളേജ് അധികൃതർ കൂട്ടിച്ചേർത്തു. "താങ്ങാവുന്ന നിരക്കിൽ അവർക്ക് താമസസൗകര്യം ഒരുക്കും, വിദ്യാർത്ഥികൾ മറ്റെവിടേക്കെങ്കിലും മാറാൻ ആഗ്രഹിക്കുന്നുവെങ്കിൽ, മുഴുവൻ ഫീസും തിരികെ നൽകും, കൂടാതെ ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ നിയമങ്ങൾ അനുസരിച്ച് ക്ലാസുകൾക്ക് ഓൺലൈൻ ഓപ്ഷൻ ഉണ്ടായിരിക്കും" കോളേജുകാർ വ്യക്തമാക്കുന്നു.
ദുരിതം നേരിട്ട വിദ്യാർത്ഥികളില്‍ ഭൂരിഭാഗവും പഞ്ചാബില്‍ നിന്നുള്ളവരായിരുന്നു. ഇതില്‍ മലയാളികളും ഉണ്ടെന്നാണ് സൂചന. പ്രദേശത്ത് മതിയായ താമസസൗകര്യം ലഭിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കി. ഇതിനായി ഉയർന്ന രീതിയിലുള്ള വാടകയാണ് ഉടമകള്‍ ഈടാക്കുന്നത്. ഇതിന് കഴിയാത്തവർ തുറസ്സായ സ്ഥലങ്ങളിലോ ടെന്റുകളിലോ ബസ് ടെർമിനലുകളിലോ കാറുകളിലോ ഉറങ്ങുന്നുവെന്നായിരുന്നു ദ ട്രിബൂണ്‍ റിപ്പോർട്ട് ചെയ്തിരുന്നത്.
ചിലർക്ക് താമസസൗകര്യം ലഭിച്ചത് കോളേജില്‍ നിന്നും നൂറിനലേറെ കിലോമീറ്റർ അകലെയാണ്. സ്ഥരിമായി കോളേജില്‍ വന്ന് പോകണമെങ്കില്‍ വലിയൊരു തുക ഇവർക്ക് യാത്രാ ഇനത്തില്‍ മാത്രം ചിലവഴിക്കേണ്ടി വരും. പ്രശ്നം ഒടുവില്‍ വലിയ രീതിയിലുള്ള പ്രതിഷേധത്തിനും ഇടയാക്കുയായിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ്, ഒന്റാറിയോയിലെ കിച്ചനറിലെ കോനെസ്റ്റോഗ കോളേജിലെ ഒരു ഇന്ത്യൻ വിദ്യാർത്ഥി പാലത്തിനടിയിൽ ഉറങ്ങുന്നതായുള്ള ഒരു ടിക് ടോക്ക് വീഡിയോ വൈറലായിരുന്നു. ഒരു പുതപ്പ് ഉൾപ്പെടെയുള്ള ഒരു ചെറിയ ബാഗ് മാത്രമായിരുന്നു വിദ്യാർത്ഥിയുടെ കൈവശമുണ്ടായിരുന്നതെന്നതും ശ്രദ്ധേയമാണ്.












Click it and Unblock the Notifications