'വീട്ടുകാരോട് പണം അയച്ച് തരാൻ ആവശ്യപ്പെടുകയാണ്, ഇതാണ് ഇപ്പോൾ അവസ്ഥ; വിവരിച്ച് കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥി
'താമസിക്കാനൊരു നല്ല വീട് ലഭിക്കാൻ നാല് മാസത്തേക്ക് വാടക കൊടുക്കാനായി ഇന്ത്യയിലെ വീട്ടുകാരോട് പണം ആവശ്യപ്പെടേണ്ടി വന്നു എനിക്ക്. വിദ്യാർത്ഥികൾക്ക് കുറഞ്ഞ ചെലവിൽ വീടൊരുക്കാൻ സാർക്കാരിന് സാധിക്കുന്നില്ലെങ്കിൽ പിന്നെ ഇവരെന്തിനാണ് വിദേശ വിദ്യാർത്ഥികളെ ക്ഷണിക്കുന്നത്?', ചോദിക്കുന്നത് കാനഡയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥി ഹർഷാൽ ഭാസ്ഗൗരിയാണ്. ഹർഷാൽ മാത്രമല്ല പഠനാവശ്യങ്ങൾക്കായി കാനഡയിൽ എത്തുന്ന പലരും ഇതേ സങ്കടം പങ്കുവെയ്ക്കുകയാണ്. ഉപരിപഠനത്തിനായി എത്തുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം കൂടുമ്പോഴും താമസ സൗകര്യം ലഭിക്കാതെ പലരും നെട്ടോട്ടം ഓടുകയാണെന്നാണ് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.
ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) പ്രകാരം കഴിഞ്ഞ വർഷം വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് ഉണ്ടായത്. അതായത് 550,150 അന്താരാഷ്ട്ര സ്റ്റുഡന്റ് സ്റ്റഡി പെർമിറ്റുകളാണ് രാജ്യം നൽകിയത്. അഞ്ച് വർഷം മുമ്പുള്ളതിനേക്കാൾ 75 ശതമാനം വർദ്ധനവാണിത്. ഐആർസിസി ഡാറ്റ അനുസരിച്ച്, അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ചൈന, നൈജീരിയ, ഫിലിപ്പീൻസ്, ഇന്ത്യ എന്നിവിടങ്ങളിൽ നിന്ന് വന്നവരാണ്.ഇതിൽ തന്നെ 40 ശതമാനവും ഇന്ത്യക്കാരാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

അന്തർദേശീയ വിദ്യാർത്ഥികൾ സാധാരണയായി വംശീയ വിവേചനം ഇവിടെ നേരിടാറുണ്ട്. അതുകൊണ്ട് തന്നെ വീട് അന്വേഷിച്ച് പോകുന്ന പല വിദ്യാർത്ഥികൾക്കും ദുരനുഭവങ്ങൾ നേരിടേണ്ടി വരാറുണ്ടെന്ന് യോർക്ക് സർവകലാശാലയിലെ പ്രൊഫസറായ ടാനിയ ദാസ് ഗുപ്ത പറയുന്നു. ഇപ്പോഴത്തെ അവസ്ഥയ്ക്ക് അവരെ കുറ്റപ്പെടുത്തുന്നതിന് പകരം താമസത്തിനുള്ള സൗകര്യങ്ങൾ അതത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകണ്ടേയെന്ന് ദാസ് ഗുപ്ത പറഞ്ഞു.
അതേസമയം വിദ്യാർത്ഥികളുടെ പാർപ്പിട ദൗർലഭ്യം പരിഹരിക്കുന്നതിനായി ഇന്റർനാഷണൽ സ്റ്റുഡന്റ് പ്രോഗ്രാമിൽ മാറ്റങ്ങൾ വരുത്താൻ പ്രവിശ്യകളപമായും പ്രാദേശിക ദേശീയ വിദ്യാഭ്യാസ അസോസിയേഷനുകളുമായും മറ്റ് പ്രധാന പങ്കാളികളുമായും ചർച്ച നടത്തുകയാണെന്ന് ഐ ആർ സി സി പറഞ്ഞു. കാനഡയുടെ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്ന വിദ്യാർത്ഥികളെ എങ്ങനെ തിരഞ്ഞെടുക്കുമെന്നും അവരെ എങ്ങനെ നിലനിർത്താൻ കഴിയുമെന്നത് സംബന്ധിച്ച് പരിശോധന നടത്തുകയാണെന്ന് ഐആർസിസി വ്യക്തമാക്കി.
ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കണമെങ്കിൽ കാനഡിയിലേക്ക് വരുന്ന വിദ്യാർത്ഥികളുടെ എണ്ണം നിജപ്പെടുത്തണമെന്നാണ് അഭിപ്രായം എന്ന് ഹർഷാൽ ഭാസ്ഗൗരി പറഞ്ഞു. ഇപ്പോഴത്തെ ഇവിടുത്തെ സാഹചര്യം എന്താണെന്ന് വ്യക്തമായി അറിയുന്നത് കൊണ്ടാണ് താൻ ഇത് പറയുന്നതെന്നും ഭാസ്ഗൗരി പറഞ്ഞു. കാനഡയിൽ പഠിക്കാൻ അവസരം ലഭിച്ചതിൽ താൻ അഭിമാനിക്കുന്ന. എന്നാൽ ബിരുദം നേടിയതിന് ശേഷം ഒരിക്കൽ പോലും കുടുംബത്തെ ഇവിടേക്ക് കൊണ്ടുവരാൻ താൻ താത്പര്യപ്പെടുന്നില്ലെന്നും ഇവിടുത്തെ പ്രതിസന്ധി കാരണമാണതെന്നും ഭാസ്ഗൗരി പറഞ്ഞു.












Click it and Unblock the Notifications