ജര്‍മ്മനിയില്‍ ജോലി വേണോ...? ഇനി വിസയില്ല എന്ന പ്രശ്‌നമുണ്ടാകില്ല; ഇന്ത്യക്കാര്‍ക്ക് കോളടിച്ചു
ജര്‍മ്മനിയില്‍ ജോലി തേടുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. പ്രതിവര്‍ഷം ഇന്ത്യക്കാര്‍ക്ക് 90000 വിസകള്‍ അനുവദിക്കും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ജര്‍മ്മനി. ജര്‍മ്മന്‍ ബിസിനസ് 2024-ന്റെ 18-ാമത് ഏഷ്യ-പസഫിക് കോണ്‍ഫറന്‍സില്‍ വെച്ചാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായിരിക്കുന്നത് എന്ന് അറിയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ഇന്ത്യയും ജര്‍മ്മനിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെ മോദി പ്രകീര്‍ത്തിച്ചു. നേരത്തെ പ്രതിവര്‍ഷം 20000 വിസകളായിരുന്നു ഇന്ത്യക്കാര്‍ക്ക് ജര്‍മ്മനി അനുവദിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ 90000 ആയി ഉയര്‍ത്തിയിരിക്കുന്നത്. 3.5 മടങ്ങിന്റെ വര്‍ധനവാണ് വിസ അനുവദിക്കുന്നതില്‍ ഉണ്ടാകാന്‍ പോകുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ ജര്‍മ്മനിക്ക് ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികളെ ആവശ്യമാണ് എന്നാണ് ഇത് അടിവരയിടുന്നത്.

ഇന്ത്യക്കാര്‍ക്കുള്ള വിസ വര്‍ധിപ്പിച്ചത് വിവിധ മേഖലകളിലെ കൂടുതല്‍ പ്രൊഫഷണലുകള്‍ക്ക് അവസരം തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിസ പരിധി ഉയര്‍ത്താനുള്ള തീരുമാനം ഇന്ത്യയുടെ ടാലന്റ് പൂളില്‍ ജര്‍മ്മനിയ്ക്കുള്ള താല്‍പ്പര്യത്തേയും പ്രതിഫലിപ്പിക്കുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, എഞ്ചിനീയറിംഗ്, ഹെല്‍ത്ത് കെയര്‍ തുടങ്ങിയ മേഖലകളില്‍ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് മെച്ചപ്പെട്ട അവസരങ്ങള്‍ സൃഷ്ടിക്കുന്നതാണ് പുതിയ തീരുമാനം.
ടെക്നോളജി മുതല്‍ ആരോഗ്യ സംരക്ഷണം വരെയുള്ള ഒന്നിലധികം വ്യവസായങ്ങളില്‍ ജര്‍മ്മനി തൊഴിലാളി ക്ഷാമം നേരിടുന്നുണ്ട്. ഇന്ത്യക്കാര്‍ക്കുള്ള വിസ 90,000 ആയി ഉയര്‍ത്തുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെയും സാങ്കേതിക പുരോഗതിയെയും പിന്തുണയ്ക്കാന്‍ കഴിയുന്ന വിദഗ്ദ്ധരായ ഇന്ത്യന്‍ പ്രൊഫഷണലുകളെ ആകര്‍ഷിക്കാനാണ് ജര്‍മ്മനി ലക്ഷ്യമിടുന്നു.
അതേസമയം ഇന്ത്യക്കാര്‍ക്കും വലിയ നേട്ടമാണ് പുതിയ തീരുമാനം. ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയും പുതുമുഖങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഇന്ത്യക്കാര്‍ക്കുള്ള വിസ ക്വാട്ടയിലെ ഈ വിപുലീകരണം ഉഭയകക്ഷി ബന്ധത്തെ ശക്തിപ്പെടുത്തുകയും വിദ്യാഭ്യാസം, ഗവേഷണം, പ്രൊഫഷണല്‍ പരിശീലനം എന്നിവയില്‍ സഹകരണം വളര്‍ത്തുകയും ചെയ്യും എന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ ഇന്ത്യയും ജര്‍മ്മനിയുമായുള്ള സൗഹൃദം അനുദിനം വളരുകയാണ് എന്ന് നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. നമ്മുടെ പരസ്പര വ്യാപാരം 30 ബില്യണ്‍ ഡോളറിലധികം നിലവാരത്തിലെത്തി. ഇന്ന് നൂറുകണക്കിന് ജര്‍മ്മന്‍ കമ്പനികള്‍ ഇന്ത്യയിലുണ്ട്. അതേസമയം ഇന്ത്യന്‍ കമ്പനികളും ജര്‍മ്മനിയില്‍ അവരുടെ സാന്നിധ്യം അതിവേഗം വര്‍ധിപ്പിക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഒരു വശത്ത്, സിഇഒ ഫോറം മീറ്റിംഗ് ഇവിടെ നടക്കുന്നു, മറുവശത്ത്, നമ്മുടെ നാവികസേന ഒരുമിച്ച് പരിശീലനം നടത്തുന്നു. ഇന്ത്യയും ജര്‍മ്മനിയും തമ്മിലുള്ള സൗഹൃദം ഓരോ ചുവടിലും ആഴത്തിലാകുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് ശക്തമായ ജനാധിപത്യ രാജ്യങ്ങളും മുന്‍നിര സമ്പദ്വ്യവസ്ഥകളും ആഗോള നന്മയ്ക്കായി എങ്ങനെ സഹകരിക്കുന്നു എന്ന് വിശദീകരിക്കുന്ന ജര്‍മ്മന്‍ കാബിനറ്റ് 'ഫോക്കസ് ഓണ്‍ ഇന്ത്യ' രേഖയുടെ പ്രകാശനത്തെ മോദി സ്വാഗതം ചെയ്തു.












Click it and Unblock the Notifications