യുകെയിൽ ജോലി തേടി പോകുകയാണോ?മലയാളികൾ അടക്കമുള്ളവരുടെ ശ്രദ്ധയ്ക്ക്..ഈ കണക്കുകൾ ആശ്വാസമല്ല
ലണ്ടൻ; മലയാളികൾ ഉൾപ്പെടെയുള്ളവർ കുടിയേറ്റത്തിനായി തിരഞ്ഞെടുക്കുന്ന രാജ്യങ്ങളിലൊന്നാണ് യു കെ. പ്രതിവർഷം നിരവധി പേരാണ് ഉപരിപഠനത്തിനായി ഇവിടേക്ക് പറക്കുന്നത്. എന്നാൽ യുകെയിൽ എത്തിയാൽ മികച്ച ജോലികൾ സ്വന്തമാക്കാനാകുമോയെന്നതാണ് പ്രധാന ചോദ്യം. എളുപ്പമല്ലെന്നാണ് പലരും നൽകുന്ന ഉത്തരം.
ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞവരെങ്കിലും ഉയർന്ന ശമ്പളത്തിലൊരു ജോലി തരപ്പെടുത്തുകയെന്നത് ശ്രമകരമാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. അതിനിടയിൽ ഇപ്പോഴിതാ ആശങ്കയേറ്റി മറ്റൊരു കണക്കാണ് യുകെയിൽ നിന്നും പുറത്തുവരുന്നത്. തൊഴിൽ അവസരങ്ങൾ രാജ്യത്ത് കുറയുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

2022 ഡിസംബറിനെ അപേക്ഷിച്ച് 2023 ൽ 32 ശതമാനം കുറവ് തൊഴിൽ ഒഴിവുകൾ മാത്രമാണ് റിപ്പോർ്ട്ട് ചെയ്യപ്പെട്ടതെന്നാണ് കണക്കുകൾ പറയുന്നത്. ഡിസംബറിൽ 1.710 ദശലക്ഷം തൊഴിലവസരങ്ങളാണ് പരസ്യപ്പെടുത്തിയത്. ഇത് ഉയർന്ന നിരക്കാണെങ്കിൽ പോലും മുൻവർഷം 2.517 ദശലക്ഷം തൊഴിലവസരങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നാണ് റിക്രൂട്ട്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് കോൺഫെഡറേഷൻ (ആർ ഇ സി) ചൂണ്ടിക്കാട്ടുന്നത്.2023-ൽ തൊഴിൽ വിപണി ദുർബലമായി, പ്രത്യേകിച്ച് സ്ഥിരം ജോലിയുടെ കാര്യത്തിൽ', ആർഇസി ചീഫ് എക്സിക്യൂട്ടീവ് നീൽ കാർബെറി പറഞ്ഞു.
ഡിസംബറിൽ സ്ഥിരം ജീവനക്കാരുടെ ആവശ്യം പൊതുമേഖലയിൽ വർധിച്ചെങ്കിലും സ്വകാര്യമേഖലയിൽ കുറഞ്ഞു എന്നത് ശ്രദ്ധേയമാണ്. അതേസമയം ജോലി അപേക്ഷകരുടെ എണ്ണം വലിയ രീതിയിൽ വർധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കെപിഎംജിയുടെയും ആർഇസിയുടെയും യുകെ റിപ്പോർട്ട് ഓൺ ജോബ്സ് സർവേ ചൂണ്ടിക്കാട്ടുന്നു.
നഴ്‌സിംഗ്/മെഡിക്കൽ/കെയർ എന്നിങ്ങനെയുള്ള തൊഴിൽ മേഖലകളിലാണ് സ്ഥിരം തൊഴിലാളികൾക്ക് കൂടുതൽ ഡിമാന്റ് രേഖപ്പെടുത്തിയത്. അതേസമയം ഏറ്റവും കുറവ് രേഖപ്പെടുത്തിയതാകട്ടെ കൺസ്ട്രക്ഷൻ, ഐടി & കംപ്യൂട്ടിംഗ് മേഖലകളിലാണ്. ഹോട്ടൽ കാറ്ററിംഗ് മേഖലകളിലാണ് കൂടുതലായി ഹ്രസ്വകാല ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. നിർമ്മാണ, റീട്ടെയിൽ വിഭാഗങ്ങൾ ഇതിനിടയിൽ താത്കാലിക തൊഴിലാളികളുടെ ഡിമാൻഡിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തി.
വേതന വളർച്ച അതിന്റെ നിലവിലെ നിരക്കായ 7 ശതമാനത്തിൽ നിന്ന് പകുതിയോളം കുറഞ്ഞില്ലെങ്കിൽ പണപ്പെരുപ്പം അതിന്റെ 2 ശതമാനത്തിലേക്ക് സ്ഥിരമായി തിരികെ കൊണ്ടുവരുന്നത് ബുദ്ധിമുട്ടാണെന്നാണ് ബ്രിട്ടന്റെ തൊഴിൽ വിപണിയെ സൂക്ഷ്മമായി നിരീക്ഷിച്ച് കൊണ്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കുന്നത്. അതിനിടെ 2024 ൽ കൂടുതൽ നിയമനങ്ങൾ കമ്പനി നടത്തിയേക്കുമെന്ന പ്രതീക്ഷയാണ് ആർഇസി ചീഫ് കാർബറി പങ്കുവെയ്ക്കുന്നത്.












Click it and Unblock the Notifications