രാജ്യത്തിന് നാണക്കേട്; മാപ്പപേക്ഷ തള്ളി സുപ്രീംകോടതി; സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപത്തില്‍ അന്വേഷണം
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യയുടെ അഭിമാനമായ മാറിയ കേണല്‍ സോഫിയ ഖുറേഷിയെ വര്‍ഗീയമായി അപമാനിച്ച ബിജെപി മന്ത്രിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ സുപ്രീംകോടതി. കേസില്‍ മധ്യപ്രദേശ് മന്ത്രി കുന്‍വര്‍ വിജയ് ഷായ്‌ക്കെതിരെ പ്രത്യേക അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടു.
മധ്യപ്രദേശ് കേഡറിലെ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് കോടതി നിര്‍ദേശം നല്‍കി. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കണം അന്വേഷണ സംഘത്തെ നയിക്കേണ്ടത്. ജസ്റ്റിസ് സൂര്യകാന്ത്, എന്‍ കോടീശ്വര്‍ സിങ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്. നാളെ രാത്രി 10 മണിക്കുള്ളില്‍ സംഘത്തെ രൂപീകരിക്കണം.

മന്ത്രിക്കെതിരെയുള്ള അന്വേഷണ സംഘത്തിലെ മൂന്നു പേരില്‍ ഒരാള്‍ വനിതാ ഐപിഎസ് ഓഫീസര്‍ ആയിരിക്കണം. ഇവരെല്ലാം സംസ്ഥാനത്തിന് പുറത്തുള്ളവരായിരിക്കണം. അന്വേഷണ റിപ്പോര്‍ട്ട് മെയ് 28 നകം നേരിട്ടു സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
മന്ത്രി ഷായ്ക്ക് എതിരെയുള്ള അറസ്റ്റ് നടപടികള്‍ കോടതി തടഞ്ഞെങ്കിലും വര്‍ഗീയ പരാമര്‍ശത്തിനുള്ള അനന്തര ഫലങ്ങള്‍ അദ്ദേഹം നേരിടേണ്ടി വരുമെന്ന് കോടതി പറഞ്ഞു. മന്ത്രിക്കെതിരെ
മധ്യപ്രദേശ് സര്‍ക്കാര്‍ നടപടി എടുക്കേണ്ടതായിരുന്നുവെന്നും കോടതി പറഞ്ഞു വിഷയം തങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അന്വേഷണത്തില്‍ മന്ത്രി സഹകരിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി
ഇന്ത്യന്‍ ആര്‍മിയില്‍ ഉയര്‍ന്ന റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥയെ അപമാനിച്ചതിന് പിന്നാലെ മന്ത്രി നടത്തിയ ക്ഷമാപണം സുപ്രീംകോടതി തള്ളിക്കളഞ്ഞു. മന്ത്രിയുടെ പരാമര്‍ശങ്ങള്‍ നീചമെന്നാണ് കോടതി വിമര്‍ശിച്ചത്. മന്ത്രി ആത്മാര്‍ത്ഥമായി ക്ഷമാപണം നടത്തിയിട്ടില്ലെന്ന് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു.
ജസ്റ്റിസ് സൂര്യകാന്തിന്റെ വാക്കുകള്‍: 'നിങ്ങള്‍ എന്തു തരത്തിലുള്ള ക്ഷമാപണമാണ് നടത്തിയത്. ക്ഷമാപണത്തിന് ഒരു അര്‍ത്ഥമുണ്ട്. നിങ്ങളുടെ പ്രസ്താവന രാജ്യത്തിന് നാണക്കേടുണ്ടാക്കി. അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുന്നതിനു മുമ്പ് അതിന്റെ വരുംവരായ്കകള്‍ തിരിച്ചറിയണം. പ്രസ്താവന നടത്തിയ ശേഷമുള്ള ക്ഷമാപണം നിയമനടപടിയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയുള്ള മുതലക്കണ്ണീര്‍ ആണോ എന്നും കോടതി ചോദിച്ചു. ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഓരോ വാക്കും വിവേകത്തോടെ പ്രയോഗിക്കണമെന്നും സുപ്രീംകോടതി ഓര്‍മിപ്പിച്ചു
കേണല്‍ സോഫിയ ഖുറേഷി ഭീകരരുടെ സഹോദരി എന്നായിരുന്നു മാധ്യപ്രദേശിലെ ആദിവാസി ക്ഷേമ വകുപ്പ് മന്ത്രിയായ വിജയ് ഷായുടെ പരാമര്‍ശം. നമ്മുടെ പെണ്‍മക്കളുടെ സിന്ദൂരം മായ്ച്ച ഭീകരരെ ഇല്ലാതാക്കാന്‍ അവരുടെ സഹോദരിയെ തന്നെ അയച്ച് പ്രതികാരം ചെയ്തു എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്ന ഒരു പരിപാടിയിലാണ് മന്ത്രി സൈനിക ഉദ്യോഗസ്ഥയെ വര്‍ഗീയമായി അധിക്ഷേപിച്ചത്. മന്ത്രിയുടെ പ്രസ്താവനക്കെതിരെ വലിയ വിമര്‍ശനമാണ് ബിജെപിക്കുള്ളില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ മന്ത്രിയില്‍ നിന്ന് വിശദീകരണം തേടുകയും ചെയ്തിരുന്നു എന്നാല്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചു എന്നാണ് മന്ത്രി ആരോപിക്കുന്നത്.
പ്രസ്താവന വിവാദമായതോടെ മധ്യപ്രദേശ് സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം പൊലീസ് ഫയല്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് വിജയ് ഷാ സുപ്രീം കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications