'സുരേഷ് ഗോപി 10 ലക്ഷം വാങ്ങി; മോഹന്‍ലാല്‍ പണം ഇങ്ങോട്ട് തന്നു', അമ്മയ്ക്ക് ബാക്കി 45 ലക്ഷം
കൊച്ചി: താരസംഘടനയായ അമ്മയിലെ വിവാദത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വെണ്ണല ശിവക്ഷേത്രം ഭാരവാഹികളില്‍ നിന്ന് അമ്മ 75 ലക്ഷം രൂപയുടെ സ്പോണ്‍സര്‍ഷിപ്പ് കരാറുണ്ടാക്കി. ഇതില്‍ 30 ലക്ഷം രൂപ ബാങ്ക് വഴി കൈമാറി. ബാക്കി 45 ലക്ഷം രൂപ അമ്മ ഭാരവാഹികള്‍ ചില രേഖകള്‍ കാണിച്ചാല്‍ അടുത്ത മാസം കൈമാറുമെന്ന് ക്ഷേത്ര കമ്മിറ്റി ചെയര്മാന് നന്ദകുമാര്‍ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയില്‍ അമ്മയുടെ കുടുംബ സംഗമം നടന്നിരുന്നു. ക്ഷേത്രം സ്പോണ്സര് ചെയ്യാമെന്ന് സമ്മതിച്ചു. ഇക്കാര്യം അമ്മയുടെ എക്സിക്യൂട്ടീവില്‍ ചര്‍ച്ച ചെയ്തപ്പോള്‍ നടി അന്‍സിബ ഹസന് എതിര്‍ത്തു. ഒരു മതസ്ഥാപനങ്ങളില്‍ നിന്നു അമ്മ സ്പോണ്‍സര്‍ഷിപ്പ് സ്വീകരിക്കരുത് എന്നും ഡൊണേഷന്‍ വാങ്ങാമെന്നും ആയിരുന്നു അന്‍സിബയുടെ നിലപാട്. എന്നാല്‍ ഇക്കാര്യം പ്രസിഡന്റ് ശ്വേത മേനോന് ഉള്‍പ്പെടെയുള്ളവര്‍ അംഗീകരിച്ചില്ല.

അമ്മയും വെണ്ണല ക്ഷേത്രവും തമ്മിലുണ്ടാക്കിയ കരാര്‍ വിവരങ്ങള്‍ ഇന്ന് പുറത്തുവന്നു. ശ്വേത മേനോന് ആവശ്യപ്പെട്ടത് പ്രകാരമാണ് സ്പോണ്സര് ചെയ്തത് എന്ന് നന്ദകുമാര്‍ പറയുന്നു. ക്ഷേത്ര ഭാരവാഹികള്‍ വിശദമായി ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനം എടുത്തത്. അമ്മയിലും ചര്‍ച്ച നടന്നു. അന്‍സിബ മാത്രമാണ് എതിര്‍ത്തത് എന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചുവെന്നും നന്ദകുമാര്‍ പറഞ്ഞു.
ക്ഷേത്രത്തിന്റെ പണം വാങ്ങുന്നതില്‍ എതിര്‍പ്പ് അറിയിച്ച പിന്നാലെ തനിക്കെതിരെ പോലീസ് കേസ് വന്നു എന്ന് അന്‍സിബ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നടി ലക്ഷ്മി പ്രിയയാണ് പരാതി നല്‍കിയത്. അന്‍സിബ അയച്ച മെസേജ് തന്റെ കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടാകാന്‍ കാരണമായി എന്നായിരുന്നു പരാതി. പോലീസ് സ്റ്റേഷനില്‍ വച്ച് തന്നെ മൂന്ന് മണിക്കൂര്‍ ഹറാസ് ചെയ്തുവെന്ന് അന്‍സിബ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
തനിക്കെതിരെ ഒരംഗം പോലീസില്‍ പരാതി നല്കിയ കാര്യം അമ്മ പ്രസിഡന്റിനെ അന്‍സിബ അറിയിച്ചിരുന്നു. ഈ പരാതി അമ്മയുമായി ബന്ധപ്പെട്ടതല്ലെന്നും വെണ്ണല ക്ഷേത്ര ഭാരവാഹികള്‍ താന്‍ രണ്ട് കോടി ആവശ്യപ്പെട്ടാല്‍ അതും തരുമായിരുന്നു എന്നുമാണ് ശ്വേത മേനോന് പ്രതികരിച്ചത് എന്ന് അന്‍സിബ വെളിപ്പെടുത്തി. അന്‍സിബ എതിര്‍പ്പ് രേഖപ്പെടുത്തിയ ശേഷവും അമ്മ നേതൃത്വം പണം കൈപ്പറ്റി എന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്.
ശ്വേത മേനോന് ആണ് സ്പോണ്‍സറിങ് വിഷയത്തില്‍ ബന്ധപ്പെട്ടത് എന്ന് നന്ദകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അന്‍സിബ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ക്ഷേത്രത്തിലെ പരിപാടിക്ക് പോയിരുന്നു. എല്ലാ താരങ്ങള്‍ക്കും മതിയായ പ്രതിഫലം നല്‍കാറുണ്ട് എന്നാണ് ക്ഷേത്ര കമ്മിറ്റി സൂചിപ്പിക്കുന്നത്. ഇതിന് മുമ്പ് സുരേഷ് ഗോപി ക്ഷേത്രത്തിലെ പരിപാടിക്ക് വന്നിരുന്നു, അന്ന് പത്ത് ലക്ഷം രൂപ വാങ്ങിയെന്നും നന്ദകുമാര്‍ പറഞ്ഞു.
സുരേഷ് ഗോപിയുടെ ചാരിറ്റി സംഘടനയ്ക്ക് വേണ്ടിയാണ് പണം കൈപ്പറ്റിയത് എന്നും ബാങ്ക് അക്കൗണ്ട് വഴിയാണ് ഇടപാട് നടത്തിയത് എന്നുമാണ് നന്ദ കുമാര്‍ പറയുന്നത്. എന്നാല്‍ മോഹന്‍ലാല്‍ പരിപാടിക്ക് വന്നപ്പോള്‍ പണം വാങ്ങിയില്ല എന്നും രണ്ടുതവണ ക്ഷേത്രത്തിന് അദ്ദേഹം സംഭാവന നല്‍കിയെന്നും നന്ദകുമാര്‍ വിശദീകരിച്ചു.















Click it and Unblock the Notifications