കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാതുവെപ്പിന് വിരാമമിടാന്‍ ഐ.സി.സിക്ക് കഴിയുമോ?

  • By Staff
Google Oneindia Malayalam News

ഡി. രാം രാജ്

ബാംഗ്ലൂര്‍: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി.) ചൊവാഴ്ചയും ബുധനാഴ്ചയും ലണ്ടനില്‍ വെച്ച് യോഗം ചേരുമ്പോള്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ടവരുടെയെല്ലാം മനസ്സും ശ്രദ്ധയും അങ്ങോട്ടു തിരിയുന്നു.

ക്രിക്കറ്റിനെ സമൂലം ബാധിച്ചിരിക്കുന്ന വാതുവെപ്പിനും കോഴവിവാദത്തിനും അറുതിവരുത്താന്‍ ഐ.സി.സി.ക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ എന്നതു തന്നെയാണ് ഏവരുടെയും ചോദ്യം. ക്രിക്കറ്റിലുണ്ടായിരിക്കുന്ന ആഗോളവല്‍ക്കരണമാണ് പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്ന് ഐ.സി.സി. പ്രസിഡണ്ട് ജഗ്മോഹന്‍ ദാല്‍മിയ മുതലുള്ള ആളുകള്‍ ആണയിടുമ്പോള്‍ അതിനു പുറമെ വല്ല വിശദീകരണങ്ങളും തീരുമാനങ്ങളും ഐ.സി.സിയില്‍ നിന്ന് പ്രതീക്ഷിക്കാമോ?

ക്രിക്കറ്റിനെ സംബന്ധിച്ച ഒരു പാട് വിവാദങ്ങളുടെ ഇടയിലാണ് ഐ.സി.സി. ഭാരവാഹികള്‍ യോഗം ചേരുന്നത്. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യെക്കെതിരെ ഉയര്‍ന്ന കോഴവിവാദം തന്നെ അതില്‍ പ്രധാനം. ലോകകപ്പിലെ ചില മത്സരങ്ങള്‍ വാതുവെപ്പുമായി ബന്ധപ്പെട്ടിരുന്നുവെന്ന ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി അലി ബാച്ചറിന്റെ ആരോപണവും ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ ചില കളിക്കാര്‍ വാതുവെപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ക്രിസ് ലൂയിസിന്റെ ആരോപണവും വിവാദങ്ങള്‍ക്ക് എരിവും പുളിയും കൂട്ടി.

അലി ബാച്ചറിന്റെ പ്രസ്താവന ഉടന്‍ തന്നെ ബംഗ്ലേദശിലെയും പാക്കിസ്ഥാനിലെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ നിരാകരിച്ചു. തിരിമറിയില്‍ ഉള്‍പ്പെട്ടുവെന്ന് ബാച്ചര്‍ ആരോപിച്ച പാക്കിസ്ഥാന്‍ അമ്പയര്‍ ജാവേദ് അക്തറും നിഷേധസ്വരവുമായി രംഗത്തെത്തി. ഇതിനിടയില്‍ ഇന്ത്യയില്‍ മനോജ് പ്രഭാകര്‍ ഉന്നയിച്ച വാതുവെപ്പാരോപണങ്ങള്‍ക്ക് പുതുജീവന്‍ കൈവരികയും സര്‍ക്കാര്‍ വാതുവെപ്പില്‍ ഇന്ത്യന്‍ കളിക്കാരുടെ പങ്കിനെക്കുറിച്ചന്വേഷിക്കാന്‍ സി.ബി.ഐ. അന്വേഷണത്തിനുത്തരവിടുകയും ചെയ്തു.

ഇന്ത്യന്‍ ഉപഭൂണ്ഡത്തില്‍ മാത്രം നടക്കുന്ന ഒരു പ്രതിഭാസമാണ് വാതുവെപ്പും കോഴവിവാദവുമെന്ന പാശ്ചാത്യരാഷ്ട്രങ്ങളുടെ പല്ലവിക്ക് താല്‍ക്കാലികമായി വിരാമം വന്നിരിക്കുന്ന സമയമാണിത്. ഇംഗ്ലണ്ട് കളിക്കാരെക്കുറിച്ച് ലൂയിസ് ഉന്നയിച്ച ആരോപണവും കോഴവിവാദത്തില്‍ ഹാന്‍സി ക്രോണ്യെ ഉള്‍പ്പെട്ടതോടെയുമാണ് ഈ ചിന്താഗതിക്ക് സാരമായ മാറ്റമുണ്ടായത്.

ലോകകപ്പിലെ തിരിമറികളില്‍ ഉള്‍പ്പെട്ടവരുടെ പേരുവിവരം ഐ.സി.സി. യോഗത്തില്‍ വെളിപ്പെടുത്തുമെന്ന് ബാച്ചര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പുറമെ പാക്കിസ്ഥാന്‍ ക്രിക്കറ്റിലെ അഴിമതിയെക്കുറിച്ചന്വേഷിച്ച ജസ്റിസ് മാലിക്ക് മൊഹമ്മദ് ഖയ്യൂം റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിക്കുമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ഖയ്യൂം റിപ്പോര്‍ട്ടില്‍ ഒരുപാട് തിരുത്തലുകള്‍ വരുത്തിയിട്ടുണ്ടെന്ന് ജസ്റിസ് ഖയ്യൂം തന്നെ ആരോപിക്കുന്നു. കൂടാതെ തന്റെ അന്വേഷണപരിധിയില്‍ നിന്ന് ലോകകപ്പ് മത്സരങ്ങളെ ഒഴിവാക്കാന്‍ പ്രസിഡണ്ട് റഫീഖ് താരാര്‍ ആവശ്യപ്പെട്ടതിനെതിരെയും ഖയ്യൂം രംഗത്തെത്തിയിരിക്കുകയാണ്. ഈയവസരത്തില്‍ തീര്‍ത്തും നിഷ്പക്ഷമായ റിപ്പോര്‍ട്ട് ഐ.സി.സിക്ക് ലഭിക്കുമെന്ന് ഉറപ്പു പറയാന്‍ സാധ്യമല്ല.

ഖയ്യൂം റിപ്പോര്‍ട്ട് യോഗത്തില്‍വെക്കുന്നതിനെക്കുറിച്ചുതന്നെ പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകളാണുള്ളത്. ഖയ്യൂം റിപ്പോര്‍ട്ടും അനുബന്ധരേഖകളും യോഗത്തില്‍ വെക്കാന്‍ ദാല്‍മിയ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനോടാവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തങ്ങള്‍ക്ക് അദ്ദേഹം തങ്ങള്‍ക്ക് നേരിട്ട് എഴുതിയിട്ടില്ലെന്നാണ് പി.സി.ബി. അവകാശപ്പെടുന്നത്.

വിവാദത്തില്‍ ഉള്‍പ്പെട്ട കളിക്കാരെ വിളിച്ചുവരുത്താനുള്ള ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനവും ഐ.സി.സിയില്‍ ചര്‍ച്ചാവിഷയമായേക്കും. എന്നാല്‍ വിവാദത്തെക്കുറിച്ച് അന്വേഷിക്കാനോ മൊഴി നല്‍കാന്‍ തയ്യാറാകുന്ന കളിക്കാര്‍ക്ക് വേണ്ട സുരക്ഷിതത്വം നല്‍കാനോ അധികാരമില്ലാത്ത ഐ.സി.സി. ഇക്കാര്യത്തില്‍ എന്തു തീരുമാനമെടുക്കുമെന്ന് കണ്ടു തന്നെ അറിയണം.

എന്തുതന്നെയായാലും സംഭവത്തെക്കുറിച്ച് ഐ.സി.സി. തികച്ചും നിഷ്പക്ഷമായ ആത്മപരിശോധന നടത്തേണ്ട സമയമാണിത്. ക്രിക്കറ്റിനെ ആരാധിക്കുന്ന കോടിക്കണക്കിന് ആളുകളെ മാനിച്ചെങ്കിലും ക്രിക്കറ്റിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മാന്യത തിരിച്ചെത്തിക്കാന്‍ ഐ.സി.സി. പ്രയത്നിക്കേണ്ടതുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X