കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഷ്യാക്കപ്പ്: ഇന്ത്യ ചൊവാഴ്ചയിറങ്ങുന്നു

  • By Staff
Google Oneindia Malayalam News

ധാക്ക: വാതുവെപ്പും ഒത്തുകളിയും തല്‍ക്കാലത്തേക്കെങ്കിലും മറന്നുകൊണ്ട് ഇന്ത്യ ചൊവാഴ്ച ഏഴാമത് ഏഷ്യാക്കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആദ്യ മത്സരത്തിനിറങ്ങും. ബംഗബന്ദു സ്റേഡിയത്തില്‍ ആതിഥേയരായ ബംഗ്ലാദേശുമായാണ് ഇന്ത്യയുടെ ആദ്യ പരീക്ഷണം.

നാലു തവണ ഏഷ്യാക്കപ്പ് കിരീടം നേടിയ ഇന്ത്യയുടെ ഇന്നത്തെ സ്ഥിതി അത്ര മെച്ചമല്ല. വാതുവെപ്പ് വിവാദം ഉയര്‍ത്തിവിട്ട കൊടുങ്കാറ്റില്‍പ്പെട്ട് ക്ഷീണിതരായാണ് മിക്ക സീനിയര്‍ കളിക്കാരും ധാക്കയിലെത്തിയിരിക്കുന്നത്. ബാറ്റിംഗില്‍ സന്തുലനം നിലനിര്‍ത്താന്‍ കഴിയുമെങ്കിലും ജവഗല്‍ ശ്രീനാഥിന്റെയും വെങ്കിടേശ് പ്രസാദിന്റെയും അഭാവത്തില്‍ ഇന്ത്യന്‍ ബൗളിംഗ് നിര എത്രത്തോളം പുരോഗമിക്കുമെന്ന് കണ്ടറിയണം.

എന്നാല്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ടീമില്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഞങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നത് മികച്ച കളി പുറത്തെടുക്കാനും ടൂര്‍ണമെന്റ് വിജയിക്കാനുമാണ്. ഏഷ്യാക്കപ്പില്‍ നമ്മുടെ റിക്കാര്‍ഡും മികച്ചതാണ്. അത് നിലനിര്‍ത്താന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ശ്രീനാഥിന്റെയും പ്രസാദിന്റെയും അഭാവം ചെറിയ പ്രശ്നങ്ങളുണ്ടാക്കുമെങ്കിലും യുവകളിക്കാരായ തിരുനാവക്കരശ് കുമരനും അമിത് ഭണ്ഡാരിയും ആ പ്രശ്നം പരിഹരിക്കും. ലഭിക്കാവുന്നതില്‍വെച്ച് ഏറ്റവും മികച്ച ടീമാണിത്, ഗാംഗുലി പറഞ്ഞു.

ധാക്കയിലെ വിക്കറ്റ് ബാറ്റിംഗ് വിക്കറ്റായതിനാല്‍ ഇന്ത്യക്ക് കൂടുതല്‍ സാധ്യതയുണ്ടെന്ന് ഗാംഗുലി പറഞ്ഞു. ധാക്കയില്‍ ഇതിനു മുമ്പ് നടന്ന ഇന്‍ഡിപ്പെന്റന്‍സ് കപ്പിലും മിനി ലോകക്കപ്പിലും ധാരാളം റണ്ണുകളൊഴുകിയിരുന്നു. മിനി ലോകക്കപ്പില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും ഇന്ത്യക്കു വേണ്ടി ധാരാളം റണ്ണുകള്‍ ഈ പിച്ചില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

അതിനാല്‍ത്തന്നെ സച്ചിനെയും ഗാംഗുലിയെയും കേന്ദ്രീകരിച്ചാണ് ഇന്ത്യയുടെ തന്ത്രങ്ങളത്രയും. എന്നാല്‍ ഗാംഗുലി ഇക്കാര്യം നിഷേധിച്ചു. രാഹുല്‍ദ്രാവിഡ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, അജയ് ജഡേജ, റോബിന്‍ സിംഗ് തുടങ്ങിയവരടങ്ങിയ പരിചയസമ്പന്നമായ ഒരു ബാറ്റിംഗ് നിര ഇന്ത്യക്കുണ്ട്, ഗാംഗുലി പറഞ്ഞു.

ബംഗ്ലാദേശ് താരതമ്യേന ചെറിയ ടീമാണെങ്കിലും കളിയെ ഗൗരവമായിത്തന്നെ സമീപിക്കുമെന്ന് കോച്ച് കപില്‍ ദേവ് പറഞ്ഞു. ബംഗ്ലാദേശിനെ ഞങ്ങള്‍ ഗൗരവമായിത്തന്നെയാണ് കാണുന്നത്. നാട്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യം അവര്‍ക്കുണ്ട്. കൂടാതെ കഴിഞ്ഞ ലോകക്കപ്പില്‍ അവര്‍ നല്ലകളി പുറത്തെടുക്കുകയും ചെയ്തിട്ടുണ്ട്, കപില്‍ പറഞ്ഞു.

ചൊവാഴ്ച ധാക്ക സ്റേഡിയത്തിലെ കാലാവസ്ഥയും കളിക്കാന്‍ ലഭിക്കുന്ന സമയത്തിനും അനുസരിച്ചായിരിക്കും തന്ത്രം രൂപീകരിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട്ടില്‍ നിന്നുള്ള പുതുമുഖം ഹേമാംഗ് ബദാനിക്ക് മിക്കവാറും ചൊവാഴ്ചയിലെ മത്സരത്തില്‍ കളിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു. ബാറ്റ്സ്മാന്‍ എന്നതിനു പുറമെ ഫീല്‍ഡിങ്ങിലും സ്പിന്‍ ബൗളിംഗിലും ബദാനി മികവ് പുലര്‍ത്തുന്നു.

ഇന്ത്യക്കെതിരായ മത്സരം കടുത്തതാണെങ്കിലും തങ്ങള്‍ എളുപ്പത്തില്‍ വിട്ടുകൊടുക്കില്ലെന്ന് ബംഗ്ലാദേശ് ക്യാപ്റ്റന്‍ അമീനുള്‍ ഇസ്ലാം പറഞ്ഞു. പരിചയസമ്പന്നതയില്‍ ഞങ്ങളും മോശമല്ല. അവസരം കിട്ടിയപ്പോഴെല്ലാം ബംഗ്ലാദേശ് അവരുടെ കഴിവുകള്‍ തെളിയിച്ചിട്ടുണ്ട്. ഫീല്‍ഡിംഗിലും ഞങ്ങള്‍ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. സ്വന്തം നാട്ടില്‍ ഒരു വിജയം കരസ്ഥമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിനുവേണ്ടി ഞങ്ങള്‍ രണ്ടും കല്പിച്ച് പോരാടും, ഇസ്ലാം വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X