തീവ്രവാദത്തിനെതിരേ പോരാടാന്‍ പ്രതിജ്ഞ
ന്യൂയോര്‍ക്ക്: തീവ്രവാദത്തിനെതിരേയുള്ള പോരാട്ടം ശക്തിപ്പെടുത്തുമെന്ന പ്രഖ്യാപനത്തോടുകൂടി ഐക്യരാഷ്ട്ര സഭയുടെ സഹസ്രാബ്ദ സമ്മേളനം സമാപിച്ചു.
ആണവായുധം ഉള്‍പ്പടെ സംഹാരശേഷി കൂടിയ ആയുധങ്ങള്‍ നശിപ്പിക്കുന്നതിനും ഐക്യരാഷ്ട്ര രക്ഷാസമിതി വികസിപ്പിക്കുന്നതിനുമുള്ള നടപടികളെടുക്കുമെന്നും സമ്മേളനം അംഗീകരിച്ച പ്രഖ്യാപനത്തില്‍ പറയുന്നു. ലോകസമാധാനം എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതാണ് ഈ പ്രഖ്യാപനം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 150ഓളം രാഷ്ട്രനേതാക്കളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. അന്താരാഷ്ട്ര തീവ്രവാദം അവസാനിപ്പിക്കണമെന്ന ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ആഹ്വാനത്തിന് തൊട്ടുപിന്നാലെയാണ് ലോകനേതാക്കളുടെ പ്രഖ്യാപനമുണ്ടായത്. പാകിസ്താന്‍ സഹായത്തോടെ അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള തീവ്രവാദം ഇന്ത്യയില്‍ 30,000 ജീവന്‍ അപഹരിച്ചുവെന്ന് വാജ്പേയി ചൂണ്ടിക്കാട്ടി.
മൂന്നു ദിവസത്തെ സമ്മേളനത്തിന്റെ അവസാനം ആണവായുധങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള വഴികള്‍ കണ്ടെത്താന്‍ മറ്റൊരു അന്താരാഷ്ട്ര സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിനുള്ള സാധ്യതകള്‍ ലോകനേതാക്കള്‍ വിശകലനം ചെയ്തു. ഇതിനായുള്ള ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ നിര്‍ദ്ദേശത്തെ പ്രധാനമന്ത്രി വാജ്പേയി ഉള്‍പ്പടെ മിക്ക രാഷ്ട്രനേതാക്കളും പിന്താങ്ങി.
ലോകകുടുംബത്തിന്റെ പൊതുവേദിയായ ഐക്യരാഷ്ട്ര സഭയെ കൂടുതല്‍ ശക്തിപ്പെടുത്താനും സമ്മേളനം തീരുമാനിച്ചു. ഐക്യരാഷ്ട്ര സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മേളനമായിരുന്നു ഇത്. രാഷ്ട്രനേതാക്കളെ കൂടാതെ 8000ലധികം പ്രതിനിധികളും 5500ഓളം വാര്‍ത്താലേഖകരും സഹസ്രാബ്ദ സമ്മേളനത്തില്‍ സംബന്ധിച്ചു.












Click it and Unblock the Notifications