കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല സീസണില്‍ പ്രത്യേക തീവണ്ടി

  • By Staff
Google Oneindia Malayalam News

ശബരിമല സീസണില്‍ പ്രത്യേക തീവണ്ടിതിരുവനന്തപുരം: ശബരിമല സീസണില്‍ തിരുവനന്തപുരത്തു നിന്നും ചെന്നൈയിലേയ്ക്ക് ദക്ഷിണ റെയില്‍വേ പ്രത്യേക തീവണ്ടി ഏര്‍പ്പെടുത്തും.കേന്ദ്ര റെയില്‍വേ സഹമന്ത്രി ഒ. രാജഗോപാല്‍ ഒക്ടോബര്‍ 16 തിങ്കളാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്.

നവംബര്‍ 25 മുതല്‍ ശബരിമല സീസണ്‍ അവസാനിക്കുന്ന ജനുവരി മധ്യം വരെ എല്ലാ ദിവസവും തിരുവനന്തപുരം -ചെന്നൈ പ്രത്യേക തീവണ്ടി ഉണ്ടാകും. ശബരിമല സീസണില്‍ ഉണ്ടാകുന്ന തീര്‍ത്ഥാടകരുടെ വര്‍ദ്ധിച്ച തിരക്കു കണക്കിലെടുത്താണ് ഈ നടപടിയെന്ന് രാജഗോപാല്‍ പറഞ്ഞു.

ബാംഗ്ലൂരില്‍ നിന്നും കോട്ടയത്തേയ്ക്ക് ശബരിമല സീസണില്‍ മറ്റൊരു പ്രത്യേക തീവണ്ടി ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ട്. ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ഈ തീവണ്ടി.

ശബരി റെയില്‍ പദ്ധതിയുടെ സര്‍വേ ജോലികള്‍ പുരോഗമിച്ചു വരികയാണെന്ന് മന്ത്രി രാജഗോപാല്‍ പറഞ്ഞു. പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതിക്ക് പ്രത്യേക പരിഗണന നല്‍കുന്നുണ്ട്.

കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ അവഗണനയാണ് പ്രദര്‍ശിപ്പിക്കുന്നതെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു. കേരളത്തില്‍ റെയില്‍വേ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍ സ്ഥാപിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ കേരളസര്‍ക്കാര്‍ അനുകൂലിച്ചില്ലെന്ന് ഇതിനുദാഹരണമായി മന്ത്രി രാജഗോപാല്‍ ചൂണ്ടിക്കാട്ടി.

റെയില്‍വേ വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മന്ത്രി പറഞ്ഞു. സാമ്പത്തിക ഭാരം ലഘൂകരിക്കാനായി സംസ്ഥനങ്ങളുമായി ചേര്‍ന്ന് കൂട്ടുത്തരവാദിത്വമുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു വരുന്നു. ഇക്കാര്യത്തിലും കേരളസര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം സ്റ്റേഷനില്‍ ആധുനിക ഭക്ഷണശാല

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ അത്യാധുനിക ഭക്ഷണശാലാ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി രാജഗോപാല്‍ അറിയിച്ചു. സ്വകാര്യ കേറ്ററിംഗ് കമ്പനികള്‍ക്ക് ആധുനിക ഭക്ഷണശാലകള്‍ നടത്താനുള്ള അവകാശം റെയില്‍വേ നല്‍കും.

രാജ്യത്തെ 50 തിരഞ്ഞെടുത്ത റെയില്‍വേ സ്റ്റേഷനുകളില്‍ ആധുനിക ഭക്ഷണശാലകള്‍ നടത്താനുള്ള ചുമതല സ്വകാര്യ ഏജന്‍സികള്‍ക്കു കൈമാറുമെന്ന് രാജഗോപാല്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് തിരുവനന്തപുരം സ്റ്റേഷനിലും ഈ സൗകര്യം ഏര്‍പ്പെടുത്തുന്നത്. ഉടന്‍ തന്നെ ഇതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

സാധാരണയിലും അല്‍പം ഉയര്‍ന്ന നിരക്കിലായിരിക്കും ഇത്തരം കന്റീനുകളില്‍ ഭക്ഷണം നല്‍കുക. എങ്കിലും ഇവ അത്യാധുനിക ഫാസ്റ്റ് ഫുഡ് സെന്ററുകളായിരിക്കും.

ഇന്ത്യയിലെ 100 പ്രധാന റെയില്‍വേ സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്ന സ്ഥലങ്ങള്‍ സ്വകാര്യ കെട്ടിടനിര്‍മാണ കമ്പനികള്‍ക്ക് പാട്ടത്തിനു നല്‍കാനുള്ള നിര്‍ദ്ദേശം ഉയര്‍ന്നിട്ടുണ്ടെന്ന് ഒ. രാജഗോപാല്‍ പറഞ്ഞു. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം മികച്ച ഹോട്ടലുകള്‍ പണിയാനായാണ് ഈ പദ്ധതി. ഇത് അംഗീകരിക്കപ്പെട്ടാല്‍ തിരുവനന്തരപുരം, എറണാകുളം. കോഴിക്കോട്, പാലക്കാട് സ്റ്റേഷനുകളില്‍ ഇപ്രകാരം സ്വകാര്യ ഹോട്ടലുകള്‍ ഉയരുമെന്നും മന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X