സോണിയക്ക് വിജയം ഉറപ്പെന്ന് മുഖ്യമന്ത്രിമാര്‍
അമിനി(ലക്ഷദ്വീപ്): കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സോണിയാ ഗാന്ധിയുടെ പിന്നില്‍ അണിനിരന്നിരിക്കുകയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ എല്ലാവരും. സോണിയക്ക് വിജയം ഉറപ്പെന്ന് എല്ലാവരും ഒറ്റക്കെട്ടായി പറയുന്നു. തിരഞ്ഞെടുപ്പില്‍ ജിതേന്ദ്രപ്രസാദ പാര്‍ട്ടി അധ്യക്ഷയ്ക്ക് യാതൊരു വെല്ലുവിളിയുമുയര്‍ത്തില്ലെന്ന് മുഖ്യമന്ത്രിമാര്‍ വാക്കു കൊടുത്തു.
ലക്ഷദ്വീപസമൂഹത്തിലെ അമിനിയില്‍ മൂന്നുദിവസമായി നടക്കുന്ന കോണ്‍ഗ്രസ് മഹാസമ്മേളനത്തില്‍ വച്ചാണ് മുഖ്യമന്ത്രിമാര്‍ സോണിയയുടെ വിജയം ഉറപ്പാക്കിയത്.
സമ്മേളനത്തിന്റെ രണ്ടാംദിവസമായ നവംബര്‍ മൂന്ന് വെള്ളിയാഴ്ച സോണിയാഗാന്ധി മുഖ്യമന്ത്രിമാരുമായി തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളെപ്പറ്റി ആശയവിനിമയം നടത്തി. അനൗപചാരിക ആശയവിനിമയമായിരുന്നതിനാല്‍ ഔദ്യോഗികമായി പ്രധാനപ്പെട്ട തീരുമാനങ്ങളൊന്നും ഉരുത്തിരിഞ്ഞില്ല.
എന്നാല്‍ സംസ്ഥാനഭരണത്തലവന്‍മാര്‍ക്ക് സോണിയയോടുള്ള തങ്ങളുടെ വിധേയത്വം പ്രകടിപ്പിക്കാനുള്ള മറ്റൊരു വേദിയായി യോഗം മാറി. തന്നെ എതിര്‍ക്കുന്ന ജിതേന്ദ്രപ്രസാദയുമായി തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ താന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സോണിയാഗാന്ധി വ്യക്തമാക്കി.
സോണിയാഗാന്ധി വെള്ളിയാഴ്ച തന്നെ ദില്ലിക്കു മടങ്ങി.സമ്മേളനം നവംബര്‍ നാല് ശനിയാഴ്ച സമാപിക്കും.












Click it and Unblock the Notifications