തീവ്രവാദിയായ കമലഹാസനെ തടഞ്ഞു
ചെന്നൈ: നടന്‍ കമലഹാസനെ തീവ്രവാദിയെന്ന് സംശയിച്ച് കാനഡയിലെ ടൊറോന്റോയില്‍ കസ്റംസ് അധികൃതര്‍ തടഞ്ഞുവെച്ചു. ടൊറോന്റോയില്‍ നിന്ന് യുഎസിലെ ലോസ് ആഞ്ചലസിലേക്ക് വിമാനത്തില്‍ പോകാന്‍ കസ്റംസ് അധികൃതര്‍ കമലഹാസനെ അനുവദിച്ചില്ല.
കമലഹാസന്റെ പേരിന് മുസ്ലിം പേരുമായി സാദൃശ്യമുള്ളതാണ് വിനയായത്. (പേര് ഇംഗ്ലീഷില്‍ വായിക്കുമ്പോള്‍ കമല്‍ ഹസ്സന്‍ എന്നാവും.) സപ്തംബര്‍ 11ലെ അമേരിക്കയിലെ തീവ്രവാദി ആക്രമണത്തിന് ശേഷം അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ മുസ്ലിം പേരുള്ള ആരെയും സംശയത്തോടെ വീക്ഷിക്കുന്ന പ്രവണതയാണുള്ളത്.
പഞ്ചതന്ത്രം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് ശേഷം ഏപ്രില്‍ 27 ശനിയാഴ്ച ലോസ് ആഞ്ചലസിലേക്കു പോവാനൊരുങ്ങുമ്പോഴാണ് വിമാനത്താവളത്തില്‍ കമലഹാസനെ കസ്റംസ് അധികൃതര്‍ തടഞ്ഞത്. ഒരു തീവ്രവാദിയെന്ന നിലയിലാണ് തന്നോട് കസ്റംസ് ഉദ്യോഗസ്ഥര്‍ പെരുമാറിയതെന്ന് കമലഹാസന്‍ ഒരു ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞു.
ഒരു തമാശരംഗമെന്ന പോലെയാണ് അവര്‍ തന്നോട് സംസാരം തുടങ്ങിയത് കമലഹാസന്‍ പറയുന്നു. ഞാനെന്തിന് ടൊറാന്റോയില്‍ വന്നതെന്ന് അവര്‍ ആദ്യം ചോദിച്ചു. ചിത്രത്തിന്റെ ഷൂട്ടിംഗിനാണ് വന്നതെന്ന് പറഞ്ഞപ്പോള്‍ ആരാണ് ചിത്രത്തിന്റെ നിര്‍മാതാവെന്ന് ചോദിച്ചു. ഞാന്‍ നിര്‍മാതാവിന്റെ പേര് പറഞ്ഞു.
എന്തിനാണ് ഞാന്‍ ലോസ് ആഞ്ചലസിലേക്ക് പോവുന്നതെന്നായിരുന്നു അവരുടെ അടുത്ത ചോദ്യം. പ്രോസ്തെറ്റിക് മേക്കപ്പിന് വേണ്ടിയാണ് താന്‍ പോവുന്നതെന്ന് ഞാന്‍ പറഞ്ഞു. പ്രോസ്തെറ്റിക് മേക്കപ്പെന്താണെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. തന്റെ അടുത്ത ചിത്രത്തില്‍ (പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം) അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ഒരു പ്രത്യേക ഛായ വേണ്ടതിനാല്‍ അതിന് വേണ്ടിയുള്ള മേക്കപ്പാണെന്ന് ഞാന്‍ വിശദീകരിച്ചു.
ആരാണ് എന്റെ വിമാന ടിക്കറ്റുകള്‍ക്ക് പണം നല്‍കുന്നതെന്നായിരുന്നു അവര്‍ക്ക് പിന്നീട് അറിയാനുള്ളത്. എന്റെ കൈയില്‍ മതിയായ രേഖകളുണ്ടെന്ന് ഞാന്‍ പറഞ്ഞു. ഓഫീസര്‍മാരിലൊരാള്‍ റാംബോയിലെ വില്ലന്‍മാരെ പോലുള്ള ഒരാളാണെന്ന മട്ടിലാണ് എന്നോട് പെരുമാറിയത്.
നിര്‍മാതാവിനെ ഫോണ്‍ ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ സെല്‍ ഫോണില്‍ വിളിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു മറുപടി. അര മണിക്കൂറിനു ശേഷം അവര്‍ എന്നെ വീണ്ടും ചോദ്യം ചെയ്യാന്‍ തുടങ്ങി. ഒരു തീവ്രവാദിയോട് പെരുമാറുന്നതു പോലെയായിരുന്നു പിന്നീടുള്ള അവരുടെ ചോദ്യം ചെയ്യല്‍. ലോസ് ആഞ്ചലസിലേക്ക് പോകാന്‍ പറ്റില്ലെന്ന് അവര്‍ പറയുകയും ചെയ്തു.
പിന്നീട് അമേരിക്കന്‍ എംബസിയിലെ സുഹൃത്തുക്കളെ ഫോണ്‍ ചെയ്ത് താന്‍ കാര്യം ധരിപ്പിച്ചതായി കമലഹാസന്‍ പറഞ്ഞു.
കമലഹാസന് നേരിടേണ്ടി വന്നതു പോലുള്ള അനുഭവം അമീര്‍ഖാനുമുണ്ടായിട്ടുണ്ട്. മുസ്ലിം പേരില്‍ സംശയിച്ച് ഒരു മണിക്കൂറോളം അമീര്‍ഖാനെ ചിക്കാഗോയില്‍ തടഞ്ഞുവെച്ചിരുന്നു.












Click it and Unblock the Notifications