ഇറാഖ്: യുഎസിന് വീണ്ടും തിരിച്ചടി
ബഗ്ദാദ്: ഇറാഖിനെതിരെ ഉടനടി യുദ്ധം തുടങ്ങാനുള്ള യുഎസ് നീക്കത്തിന് വീണ്ടും തിരിച്ചടി. ഇക്കുറി ഒരു യുഎന്‍ ആയുധപരിശോധകന്റെ വെളിപ്പെടുത്തല്‍ ആണ് യുഎസിന് വിനയായിരിക്കുന്നത്.
ഇറാഖിന്റെ ആയുധകേന്ദ്രങ്ങളെപ്പറ്റി യുഎസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്കുന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന യുഎന്‍ ആയുധപരിശോധകരില്‍ ഒരാളുടെ വെളിപ്പെടുത്തല്‍ യുഎസിന്റെ യുദ്ധനീക്കങ്ങള്‍ക്ക് ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. യുഎന്‍ ആയുധപരിശോധകസംഘത്തിന് യുഎസ് നല്കുന്ന വിവരങ്ങള്‍ വെറും ചവറാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബ്രിട്ടനില്‍ നിന്നുള്ള ഡെയ്ലി മിറര്‍ എന്ന പത്രമാണ് ആയുധപരിശോധകന്റെ ഈ വെളിപ്പെടുത്തലുകള്‍ പ്രസിദ്ധീകരിച്ചത്.
അതേ സമയം യുഎന്‍ അനുവദിക്കുന്ന ദൂരപരിധി ലംഘിക്കുന്ന ഇറാഖിന്റെ പക്കലുള്ള അല്‍ സമൂദ് മിസ്സിലുകള്‍ മാര്‍ച്ച് ഒന്നിന് മുമ്പ് നശിപ്പിക്കാന്‍ മുഖ്യആയുധ പരിശോധകന്‍ ഹാന്‍സ് ബ്ലിക്സ് കഴിഞ്ഞ ദിവസം ഇറാഖിനോട് നിര്‍ദേശിച്ചു. ഫിബ്രവരി 23 ഞായറാഴ്ച അല്‍ സമൂദ് മിസ്സിലുകള്‍ നിര്‍മ്മിക്കുന്നതായി പറയപ്പെടുന്ന ഇറാഖിന്റെ രണ്ട് കേന്ദ്രങ്ങള്‍ യുഎന്‍ ആയുധപരിശോധകര്‍ പരിശോധിച്ചു. അടുത്തയാഴ്ച യുഎന്നില്‍ യുദ്ധത്തിന് അനുമതി തേടിക്കൊണ്ട് പ്രമേയം അവതരിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രമേയത്തെ എന്തുവില കൊടുത്തും എതിര്‍ക്കുമെന്ന നിലപാട് തുടരുകയാണ് ഫ്രാന്‍സ്, ജര്‍മ്മനി, റഷ്യ, ചൈന എന്നീ രാഷ്ട്രങ്ങള്‍.
യുദ്ധനീക്കം ഉപേക്ഷിച്ചാല്‍ മാത്രമേ യുഎസുമായി ചര്‍ച്ചയാകാമെന്ന നിലപാടിലാണ് ഇറാഖ്. ഇസ്രയേല്‍ ഒഴികെ ലോകത്തെ ഏത് രാഷ്ട്രവുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇറാഖ് വൈസ് പ്രസിഡന്റ് താഹ യാസിന്‍ റമദാന്‍ അറിയിച്ചു.












Click it and Unblock the Notifications