കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരാഫത്തിനെ നാടുകടത്തും: ഇസ്രയേല്‍

  • By Staff
Google Oneindia Malayalam News

ജെറുസലെം: പലസ്തീന്‍ നേതാവ് യാസര്‍ അരാഫത്തിനെ നാടുകടത്താന്‍ ഇസ്രയേല്‍ തീരുമാനിച്ചു. അരാഫത്തിനെ റാമള്ളയിലെ വസതിയില്‍ നിന്നും പുറത്താക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നറിയിച്ചു. ഇസ്രയേല്‍ മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്.

എന്നാല്‍ താന്‍ പലസ്തീന്‍ വിട്ട് പോകുന്ന പ്രശ്നമില്ലെന്ന് യാസര്‍ അരാഫത്ത് ഒരു ടിവി അഭിമുഖത്തില്‍ പറഞ്ഞു. ശത്രുക്കള്‍ അവരുടെ ബോംബകള്‍ ഉപയോഗിച്ച് കൊന്നാലും ജന്മനാട് വിട്ട് പോകുന്ന പ്രശ്നമില്ല.- അരാഫത്ത് പറഞ്ഞു.

ഇസ്രയേലിന്റെ ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് പലസ്തീന്‍ തെരുവുകളില്‍ വന്‍ പ്രതിഷേധപ്രകടനങ്ങള്‍ നടക്കുകയാണ്.

പശ്ചിമേഷ്യയില്‍ സമാധാനം സ്ഥാപിക്കാന്‍ യുഎസ് പിന്തുണയോടെ കൊണ്ടുവന്ന സമാധാനപദ്ധതി ഈയിടെ തകിടം മറിഞ്ഞിരുന്നു. പലസ്തീന്‍ തീവ്രവാദികളുടെ തുടര്‍ച്ചയായ ബോംബാക്രമണങ്ങളെ തുടര്‍ന്നാണ് സമാധാനപദ്ധതി തകര്‍ന്നത്. കഴിഞ്ഞ ദിവസം ഹമാസ് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 15 ഇസ്രയേലികള്‍ കൊല്ലപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ച് ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ഹമാസ് നേതാവ് മഹ്മൂദ് സഹറിന്റെ വസതിയ്ക്ക് നേരെ ബോംബ് വര്‍ഷിച്ചു. ഇതില്‍ മഹ്മൂദ് സഹറിന്റെ മകനടക്കം 20 പേര്‍ കൊല്ലപ്പെട്ടിരുന്നു.

പലസ്തീന്‍ ഭരണകൂടത്തില്‍ ഈയിടെ അഭിപ്രായഭിന്നതകള്‍ തലപൊക്കിയിരുന്നു. അഭിപ്രായഭിന്നതയെ തുടര്‍ന്ന് അരാഫത്ത് പലസ്തീന്‍ പ്രധാനമന്ത്രി പദത്തില്‍ നിന്നും മഹ്മൂദ് അബാസിനെ പുറത്താക്കിയിരുന്നു. പകരം അഹ്മദ് ഖൊറെയെ പ്രധാനമന്ത്രിയായി നിര്‍ദേശിക്കുകയും ചെയ്തു. പക്ഷെ സുരക്ഷാസേനയുടെ മുഴുവന്‍ നിയന്ത്രണവും അരാഫത്ത് നേരിട്ട് കൈകാര്യം ചെയ്യാനും തീരുമാനിച്ചിരുന്നു.

ഇസ്രയേല്‍ തീരുമാനം അപകടകരമാണെന്ന് അഹ്മദ് ഖൊറെ പ്രസ്താവിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X