കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ കൃഷിപാഠങ്ങളുമായി ജൈവ കര്‍ഷക സമിതി

  • By Staff
Google Oneindia Malayalam News

പുല്‍പ്പള്ളി: ജൈവകൃഷി ഉത്പന്നങ്ങളുമായി ആഗോള വിപണിയിലേക്ക് നീങ്ങുന്ന മറപ്പന്‍മൂലയിലെ കര്‍ഷകര്‍ തങ്ങളുടെ അധ്വാനത്തിലൂടെ പൊന്ന് വിളയിക്കുന്നതിന്റെ ആഹ്ലാദത്തിലാണ്.

മറപ്പന്‍മൂലയിലെ ജൈവ കര്‍ഷക സമിതിയാണ് ജൈവകൃഷിയിലൂടെ കൃഷിയിലെ വന്‍സാധ്യതകള്‍ വെട്ടിത്തുറന്നത്. കൃഷിയിലെ നൂതനപരീക്ഷണത്തിന് വലിയ വിളവെടുപ്പ് തന്നെയാണ് അവര്‍ക്ക് ലഭിക്കുന്നത്. ജൈവേതരകൃഷിഉത്പന്നങ്ങളേക്കാള്‍ നാലിരട്ടി വിലയാണ് ജൈവകൃഷിഉത്പന്നങ്ങള്‍ക്ക് ലഭിക്കുന്നത്. സാധാരണ കുരുമുളകിന് വിപണിയില്‍ ഒരു ക്വിന്റലിന് 7,000 രൂപ ലഭിക്കുമ്പോള്‍ ജൈവകൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന കുരുമുളകിന് ലഭിക്കുന്നത് 28,000 രൂപയാണ്.

തൊണ്ണൂറുകളുടെ തുടക്കത്തില്‍ തുടര്‍ച്ചയായി വിളനാശമുണ്ടായതോടെയാണ് പുതിയ കൃഷിമാര്‍ഗം കര്‍ഷകര്‍ അന്വേഷിച്ചുതുടങ്ങിയത്. പല കര്‍ഷകരും ആത്മഹത്യ ചെയ്യുന്ന സാഹചര്യമുണ്ടായതോടെ ഇതുവരെ തുടര്‍ന്നുപോന്ന കൃഷിരീതി നിരാകരിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായി.

രോഗങ്ങള്‍ മൂലം വിളനാശം തുടര്‍ന്നപ്പോള്‍ എസ്. എസ്. സുലുമോനെ പോലുള്ള കൃഷിവിദ്ഗ്ധര്‍ പുതി കൃഷിരീതി പരീക്ഷിക്കാന്‍ പുല്‍പ്പള്ളിയിലെ കര്‍ഷകരെ ഉപദേശിച്ചു. ഇതില്‍ നിന്നും പ്രചോദനമുള്‍കൊണ്ട ചില കര്‍ഷകരാണ് തൊണ്ണൂറുകളുടെ തുടക്കത്തില്‍ ജൈവകൃഷി തുടങ്ങിയത്.

അറുന്നൂറോളം പേരാണ് ജൈവ കര്‍ഷക സമിതിയിലെ അംഗങ്ങള്‍. പൂര്‍ണമായും ജൈവകൃഷിമാര്‍ഗങ്ങളുപയോഗിച്ചാണ് അവര്‍ കൃഷി ചെയ്യുന്നത്. ആധുനികരീതിയിലൂടെയുള്ള കൃഷിക്ക് മികച്ച ഫലമൊന്നുമുണ്ടാക്കാനാവാത്ത സാഹചര്യത്തില്‍ ജൈവകൃഷിയുടെ മാര്‍ഗത്തിലേക്ക് തിരിയുകയായിരുന്നു ഇവര്‍.

രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിതമായ ഉപയോഗം മൂലം മണ്ണ് മരിച്ചിരിക്കുകയാണെന്ന് തങ്ങള്‍ക്ക് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ജൈവകൃഷിയിലേക്ക് തിരിഞ്ഞതെന്ന് സമിതിയുടെ സ്ഥാപകരിലൊരാളായ ബാബു പറയുന്നു. ജൈവകൃഷി വിജയമാണെന്ന് കണ്ടതോടെ കൂടുതല്‍ കര്‍ഷകര്‍ ഈ മാര്‍ഗം അവലംബിച്ചു. മറപ്പന്‍മൂല പ്രദേശം ഇപ്പോള്‍ ജൈവകൃഷി മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്.

സമിതിയെ അഞ്ച് യൂണിറ്റുകളുള്ള അഞ്ച് മേഖലകളായി വിഭജിച്ചിട്ടുണ്ട്. ഓരോ യൂണിറ്റും ഓരോ സ്വാശ്രയ സംഘമായാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം 22 പുരുഷ സ്വാശ്രയ സംഘങ്ങളും ഏഴ് സ്ത്രീ സ്വാശ്രയ സംഘങ്ങളുമുണ്ട്.

അഞ്ച് മേഖലകളുടെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നത് പ്രസിഡന്റും ചെയര്‍മാനും കണ്‍വീനറും അംഗങ്ങളായുള്ള സമിതിയാണ്. കര്‍ഷകരുടെ പിഴവുകള്‍ തിരുത്താന്‍ ഒരു എത്തിക്സ് കമ്മിറ്റിയുമുണ്ട്. ജൈവ കര്‍ഷക സമിതി പലപ്പോഴായി ജൈവകൃഷി രീതികള്‍ സംബന്ധിച്ച സെമിനാറുകള്‍ സംഘടിപ്പിക്കും. ഓരോ കര്‍ഷകനും ഒരു വര്‍ഷം കുറഞ്ഞത് മൂന്ന് സെമിനാറിലെങ്കിലും പങ്കെടുത്തിരിക്കണം.

മധ്യസ്ഥനെ ഒഴിവാക്കി വിപണിയിലേക്ക് നേരിട്ട് കടക്കുന്നതിന് ഒരു സഹകരണ സൊസൈറ്റി രൂപീകരിച്ചിട്ടുണ്ട്. എല്ലാ ആഴ്ചകളുടെ അവസാനത്തിലും കര്‍ഷകരുടെ ചന്തയുണ്ടാവും. സ്ത്രീകള്‍ക്കായുള്ള ആയുര്‍വേദ മരുന്നുകള്‍ ഉണ്ടാക്കുന്ന ഒരു യൂണിറ്റും ജൈവ ഉത്പന്നങ്ങള്‍ ശേഖരിക്കുന്നതിന് ഒരു ശേഖരണകേന്ദ്രവും സ്ഥാപിക്കുന്നതിന് സമിതിക്ക് പദ്ധതിയുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X