ഏകജാലക സംവിധാനം ഡിസംബറില്‍
ദില്ലി: ഗള്‍ഫ് രാജ്യങ്ങളിലേക്ക് ജോലി തേടി പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിനുള്ള ഏകജാലക സംവിധാനം ഡിസംബറില്‍ തന്നെ കേരളത്തില്‍ തുടങ്ങുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി സാഹിബ്സിംഗ് വര്‍മ അറിയിച്ചു.
മന്ത്രിമാരായ എം. എം. ഹസ്സന്‍, എം. കെ. മുനീര്‍, ബാബു ദിവാകരന്‍ എന്നിവരുടെയും വിദേശകാര്യ, തൊഴില്‍, മാനവശേഷി മന്ത്രാലയങ്ങളിലെ ഉന്നതഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് കേന്ദ്രമന്ത്രി ഇതുസംബന്ധിച്ച ഉറപ്പ് നല്‍കിയത്.
തുടക്കത്തില്‍ മൂന്ന് പ്രാദേശിക പാസ്പോര്‍ട്ട് ഓഫീസുകളിലാണ് സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുക. വിദേശകാര്യ മന്ത്രാലയമായിരിക്കും ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്. കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഇവിടെ നിന്ന് സാക്ഷ്യപ്പെടുത്താം. കേരളത്തിന്റെ പുറത്തുള്ള സര്‍വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താന്‍ തുടര്‍ന്നും ദില്ലിയില്‍ തന്നെ പോവേണ്ടിവരും.
ഗള്‍ഫിലേക്ക് പോവുന്നവരുടെ മടക്കയാത്രാക്കൂലി മുന്‍കൂറായി നല്‍കണമെന്ന വ്യവസ്ഥ ഡിസംബര്‍ 25 മുതല്‍ ഇല്ലാതാവും. സൗദി അറേബ്യയുടെ കോണ്‍സുലേറ്റ് കേരളത്തില്‍ തുടങ്ങുന്നതിന് മുഖ്യമന്ത്രി രേഖാമൂലം താത്പര്യം അറിയിച്ചാലുടനെ സൗദി ഇക്കാര്യം പരിഗണിക്കും.
പുതിയ സംവിധാനങ്ങള്‍ നിലവില്‍ വരുന്നതുവരെ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താന്‍ ദില്ലിയിലെത്തുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സൗകര്യങ്ങളേര്‍പ്പെടുത്തുമെന്ന് മന്ത്രിമാര്‍ അറിയിച്ചു.












Click it and Unblock the Notifications