ഇന്ത്യ ആസ്ത്രേല്യയെ തോല്പിച്ചു
അഡലെയ്ഡ്: ആസ്ത്രേല്യയ്ക്കെതിരായ രണ്ടാം ടെസ്റില്‍ ഇന്ത്യയ്ക്ക് ഐതിഹാസിക ജയം. നാല് വിക്കറ്റിനാണ് ഇന്ത്യ ആസ്ത്രേല്യയ്ക്കെതിരെ ഡിസംബര്‍ 16 ചൊവാഴ്ച വിജയം കുറിച്ചത്. 72.4 ഓവറില്‍ ഇന്ത്യ 230 എന്ന വിജയലക്ഷ്യത്തിലെത്തി.
വിവിഎസ് ലക്ഷ്മണും രാഹുല്‍ ദ്രാവിഡുമായിരുന്നു ഇന്ത്യയുടെ വിജയശില്പികള്‍. ഇരുവരും ചേര്‍ന്ന് നാലാംവിക്കറ്റ് കൂട്ടുകെട്ടില്‍ 66 പന്തുകളില്‍ നിന്ന് 51 റണ്‍സെടുത്തു. ജയിക്കാന്‍ ഒമ്പതു റണ്‍സ് ആവശ്യമായിരിക്കെ കാറ്റിച്ചിന്റെ പന്ത് പൊക്കിയടിക്കാന്‍ ശ്രമിച്ചപ്പോള്‍ ലക്ഷ്മണ്‍ ബിച്ചെലിന് ക്യാച്ച് നല്കി മടങ്ങി. ലക്ഷ്മണ്‍ 32 റണ്‍സെടുത്തു. തുടര്‍ന്ന് വന്ന പാര്‍ത്ഥിവ് പട്ടേല്‍ ജയിക്കാന്‍ ഒരു റണ്‍സ് വേണ്ടിയിരിക്കെ പുറത്തായി. പിന്നീട് ദ്രാവിഡും അഗാര്‍ക്കറും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു. ആദ്യത്തെ നാലുവിക്കറ്റുകള്‍ വീണ ശേഷം ലക്ഷ്മണും ദ്രാവിഡും ചേര്‍ന്നാണ് ഇന്ത്യയ്ക്ക് വിജയത്തിലെത്തിച്ചത്. ദ്രാവിഡ് 72 റണ്‍സെടുത്തു.
നാല് പരമ്പരകളുള്ള ടെസ്റില്‍ ആദ്യ മത്സരം സമനിലയില്‍ കലാശിച്ചു. ഇപ്പോള്‍ ഇന്ത്യ 1-0ന് മുന്നിലാണ്.
ആദ്യ ഇന്നിംഗ്സില്‍ 556 റണ്‍സെടുത്ത ആസ്ത്രേല്യയ്ക്കെതിരെ ഇന്ത്യയുടെ സ്കോര്‍ 500 കടത്തിയതും വി.വി.എസ്. ലക്ഷ്മണും രാഹുല്‍ ദ്രാവിഡും ചേര്‍ന്നാണ്. ദ്രാവിഡ് ആദ്യ ഇന്നിംഗ്സില്‍ ഡബിള്‍ സെഞ്ച്വറിയും ലക്ഷ്മണ്‍ സെഞ്ച്വറിയും നേടിയിരുന്നു.
എല്ലാവരും ഏറെ പ്രതീക്ഷിച്ചിരുന്ന സച്ചിന്‍ ഇതുവരെ ഫോമിലേക്കുയര്‍ന്നിട്ടില്ല. പക്ഷെ ഇന്ത്യന്‍ ബൗളിംഗ് ആക്രമണത്തിന് കുറെക്കൂടി മൂര്‍ച്ച കൂട്ടാനായി എന്നതാണ് ഇന്ത്യയുടെ ആശ്വാസം.
ഇന്ത്യ ജയത്തിലേക്ക് കുതിക്കുന്നു
ഡിസംബര്‍ 16, 2003
10.28 എഎം
അഡലെയ്ഡ്: ആസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റില്‍ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു. ജയിക്കാന്‍ ഇന്ത്യയ്ക്ക് 39 റണ്‍സ് കൂടി വേണം.
ഒന്നാം ഇന്നിഗ്സില്‍ ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കര കയറ്റി മികച്ച സ്കോറിലെത്തിച്ച രാഹുല്‍ ദ്രാവിഡും വി. വി. എസ്. ലക്ഷ്മണുമാണ് ക്രീസില്‍. ദ്രാവിഡ് അര്‍ധസെഞ്ച്വറി തികച്ചു.
ആകാശ് ചോപ്രയും (27) വീരേന്ദ്ര ഷെവാഗും (47) സച്ചിന്‍ ടെണ്ടുല്‍ക്കറും (37) സൗരവ് ഗാംഗുലിയും (12) ആണ് പുറത്തായത്.