നെല്ലിന് മികച്ച വില ലഭ്യമാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: നെല്ലിന് മികച്ച വില ലഭ്യമാക്കണമെന്ന ആവശ്യം മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്ത് വേണ്ട നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.
പാടശേഖര സമിതി പ്രവര്‍ത്തകര്‍, കര്‍ഷക സംഘടനാ പ്രതിനിധികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് നെല്ലുസംഭരണം, വില എന്നിവ സംബന്ധിച്ച കാര്യങ്ങളില്‍ മുഖ്യമന്ത്രി ഉറപ്പു നല്‍കിയത്.
കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും കൂടിയ വിലയ്ക്ക് ഈ വര്‍ഷം നെല്ലു സംഭരണം നടത്തണമെന്ന് പാടശേഖര സമിതി ആവശ്യപ്പെട്ടു. പാലക്കാടന്‍ നെല്ലിന് കിലോയ്ക്ക് ഏഴ് രൂപ 7 പൈസക്കും കുട്ടനാടന്‍ നെല്ല് കിലോയ്ക്ക് 8 രൂപയ്ക്കുമാണ് കഴിഞ്ഞ വര്‍ഷം സംഭരണം നടത്തിയത്.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് നെല്ല് ക്വിന്റലിന് 850 രൂപ നല്‍കിയിരുന്നുവെന്നും അതില്‍നിന്നും വിലകുറയ്ക്കില്ലെന്നും കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ തങ്ങളെ അറിയിച്ചിരുന്നതായി പാടശേഖര സമിതി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
നെല്ല് സംഭരണം സഹകരണസംഘങ്ങള്‍ വഴി നടത്തണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം സഹകരണമന്ത്രിയുമായി ചര്‍ച്ചചെയ്തു തീരുമാനിക്കാമെന്നും ഒപ്പംതന്നെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വഴി നെല്ല് സംഭരിക്കാമെന്നും വി.എസ് ഉറപ്പുനല്‍കി.
നെല്‍ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കഴിഞ്ഞ തവണ നെല്ല് സംഭരണം നടത്തിയത് മില്ലുകാരാണ്. ഇതുവഴി കര്‍ഷകര്‍ ചൂഷണം ചെയ്യപ്പെടുകയാണുണ്ടായത്. ഇത്തരം ചൂഷണങ്ങളില്‍ നിന്നും കൃഷിക്കാരെ സംരക്ഷിക്കും- മുഖ്യമന്ത്രി ഉറപ്പു നല്‍കി.
ഭക്ഷ്യമന്ത്രി സി.ദിവാകരനും, കൃഷി മന്ത്രി മുല്ലക്കര രത്നാകരനും ചര്‍ച്ചയില്‍ പങ്കെടുത്തു.












Click it and Unblock the Notifications