നീലക്കുറിഞ്ഞി ഉത്സവം ശനിയാഴ്ച തുടങ്ങും
മൂന്നാര്‍: നീലക്കുറിഞ്ഞി ഉത്സവം ശനിയാഴ്ച മൂന്നാറില്‍ തുടങ്ങും.പന്ത്രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം പൂക്കുന്ന കുറിഞ്ഞികളുടെ പ്രാധാന്യം ലോകത്തെ അറിയിക്കാനും സംരക്ഷണം ഉറപ്പാക്കാനുമായി വനം, ടൂറിസം വകുപ്പുകള്‍ ചേര്‍ന്നാണ് ഉത്സവംസംഘടിപ്പിക്കുന്നത്.
വൈകിട്ട് നാലരയ്ക്ക് കെ.ഡി.എച്ച്.പി. മൈതാനത്ത് റവന്യൂമന്ത്രി കെ.പി. രാജേന്ദ്രന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ ടൂറിസംമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉത്സവം ഉദ്ഘാടനംചെയ്യും.
കുറിഞ്ഞി ആവാസമേഖലയെ ഉള്‍പ്പെടുത്തി ദേശീയോദ്യാനം സ്ഥാപിക്കുന്നതുസംബന്ധച്ച് വനംമന്ത്രി ബിനോയ് വിശ്വം പ്രഖ്യാപനം നടത്തും.
ഉത്സവം തിങ്കളാഴ്ച അവസാനിക്കും. നീലക്കുറിഞ്ഞി പൂത്തത് കാണാന്‍ വന്‍ തിരക്കാണ് മൂന്നാറില്‍ അനുഭവപ്പെടുന്നത്. മൂന്നാര്‍ പട്ടണവും പ്രാന്തപ്രദേശങ്ങളും സന്ദര്‍ശകരെ കൊണ്ട് നിറഞ്ഞു കഴിഞ്ഞു.
രാജമലയിലെ നീലക്കുറിഞ്ഞി വസന്തം കാണാന്‍ ഒരാളിന്റെ പക്കല്‍ നിന്നും 35 രൂപയാണ് ഫീസായി ഈടാക്കുന്നത്.
എന്നാല്‍ സന്ദര്‍ശകരുടെ ബാഹുല്യം കാരണം ടിക്കറ്റൊന്നിന് കരിഞ്ചന്തയില്‍ 100 രൂപയിലധികം നല്‍കേണ്ട ഗതികേടിലാണ് സന്ദര്‍ശകര്‍ . വനം വകുപ്പ് ജീവനക്കാരാണ് ഇങ്ങനെ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നത്. ഇവര്‍ സന്ദര്‍ശകരെ ചൂഷണം ചെയ്യുകയാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications