പെട്രോള്‍, ഡീസല്‍ വിലവര്‍ധനയ്‌ക്ക് ശുപാര്‍ശ
ദില്ലി: പെട്രോള്‍, ഡീസല്‍ വിലവര്‍ധനയ്‌ക്ക് കേന്ദ്ര പെട്രോളിയം മന്ത്രാലയം ശുപാര്‍ശ ചെയ്‌തു. എക്‌സൈസ് കസ്റ്റംസ് തീരുവ വെട്ടിക്കുറയ്‌ക്കാനും ശുപാര്‍ശ ചെയ്‌തിട്ടുണ്ട്. ഈ ശുപാര്‍ശകള്‍ വെള്ളിയാഴ്‌ച കേന്ദ്രമന്ത്രിസഭയ്‌ക്ക് സമര്‍പ്പിയ്‌ക്കും.
കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദേവ്‌റയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. എക്‌സൈസ് തീരുവ 7.5 ശതമാനത്തില്‍ നിന്നും 2.5 ശതമാനമാക്കി കുറയ്‌ക്കാനാണ് ശുപാര്‍ശ. എണ്ണക്കമ്പനികള്‍ക്ക് ബോണ്ട് പുറപ്പെടുവിക്കാനുള്ള അനുമതി നല്‍കാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്.
ഈ വിലവര്‍ധനവ് അനിവാര്യമാണെന്ന് കേന്ദ്ര പെട്രോളിയം സെക്രട്ടരി ശ്രീനിവാസന്‍ അറിയിച്ചു. എണ്ണവില ലിറ്ററിന് രണ്ടുരൂപമുതല്‍ അഞ്ചുരൂപവരെ വര്‍ധിപ്പിക്കാനാണ് കന്ദ്രസര്‍ക്കാറിന് മുന്നിലുള്ള സമ്മര്‍ദ്ദമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 135 ഡോളറിന് മുകളിലെത്തിയതോടെ പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടം നികത്താന്‍ വിലവര്‍ധന ആവസ്യമാണെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ നിലാപാട്.
ആഭ്യന്തര വിപണയില്‍ പെട്രോള്‍, ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വിതരണത്തിന് എണ്ണക്കമ്പനികള്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ തുടങ്ങിയതോടെ പ്രതിസന്ധി രൂക്ഷമായി. ചൊവ്വാഴ്‌ച മുതല്‍ ഭാരത് പെട്രോലിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് രാജ്യത്തെ പെട്രോള്‍ ബങ്കുകളില്‍ എണ്ണ വിതരണം ചെയ്യുന്നത് പരിമിതപ്പെടുത്തിയിരുന്നു. മറ്റു കമ്പനികളും വരും ദിവസങ്ങളില്‍ ഇതേമാര്‍ഗം സ്വീകരിച്ചേയ്‌ക്കുമെന്നാണ് സൂചന.
പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ എന്നിവയുടെ വില്‍പ്പന മൂലമുള്ള നഷ്ടം രണ്ടു ലക്ഷം കോടി രൂപയാണെന്ന് പൊതുമേഖലാ എണ്ണക്കമ്പനികള്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഇറക്കുമതി നഷ്ടം കൂടാതെയുള്ള കണക്കാണിത്.












Click it and Unblock the Notifications