പീഡനത്തെത്തുടര്‍ന്ന് മകള്‍ എയ്‌ഡ്‌സ് ബാധിച്ച് മരിച്ചെന്ന് അമ്മ
കോട്ടയം: പതിനഞ്ചുകാരിയായ മകള്‍ മരിച്ചതിനെത്തുടര്‍ന്ന് അമ്മ ബന്ധുവായ സ്ത്രീയ്ക്കെതിരെ പരാതി നല്‍കി.
എയ്‌ഡ്‌സ് മൂലമാണ് മകള്‍ മരിച്ചതെന്നും ബന്ധുവായ ഒരു സ്‌ത്രീ, മകളെ പീഡിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയായിരുന്നെന്നും കാണിച്ച് പാലാ സ്വദേശിയായ അമ്മയാണ് ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിരിക്കുന്നത്.
പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ഡിവൈഎസ്‌പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് എസ്‌പി മാത്യു പോളികാര്‍പ്പ് അറിയിച്ചു.
തമിഴ്‌നാട് സ്വദേശിയാണ് പരാതിക്കാരിയുടെ ഭര്‍ത്താവ്. ഇവര്‍ കൂലിവേലയെടുത്താണ് ജീവിക്കുന്നത്. രണ്ടു പെണ്‍മക്കളാണ് ഉണ്ടായിരുന്നത്. എട്ടാംക്ലാസ്സില്‍ പഠിക്കുന്ന മൂത്ത മകളെ, അടുത്ത ബന്ധുവായ ഒരു സ്ത്രീ ഇടക്കിടെ അവരുടെ കൂട്ടിക്കൊണ്ടുപോകുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു.
മിക്കപ്പോഴും വെള്ളിയാഴ്‌ച കൂട്ടി കൊണ്ടുപോയി, ഞായറാഴ്‌ച കുട്ടിയെ തിരിച്ചുകൊണ്ടുവിടുകയായിരുന്നത്രേ പതിവ്. ഒന്‍പത് മാസത്തോളം ഇത് തുടര്‍ന്നു . സ്‌ത്രീ കുട്ടിയെ കൊണ്ടുപോകന്നതില്‍ വീട്ടുകാര്‍ക്ക് സംശയമൊന്നും തോന്നിയിരുന്നില്ല.
ഏപ്രില്‍ അഞ്ചിന് മഞ്ഞപ്പിത്തം ബാധിച്ച് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. പരിചരിക്കാന്‍ നിന്നത് കുട്ടിയെ കൂട്ടിക്കൊണ്ടുപോകാറുള്ളബന്ധു സ്‌ത്രീ തന്നെയായിരുന്നു.
25 ദിവസത്തോളം കുട്ടി ആശുപത്രിയില്‍ കഴിഞ്ഞു. അതിനിടയില്‍ കുട്ടിക്ക് എയ്‌ഡ്‌സ് ആണെന്ന് ഡോക്ടര്‍ അമ്മയോടു പറഞ്ഞു. തുടര്‍ന്ന് മകളോട് ചോദിച്ചപ്പോഴാണ് ബന്ധുവായ സ്‌ത്രീ തന്നെ പല പ്രാവശ്യം ചങ്ങനാശ്ശേരിയിലുള്ള ഒരു വീട്ടില്‍ കൊണ്ടുപോയിരുന്ന കാര്യം മകള്‍ പറഞ്ഞത്.
അവിടെ അനാശാസ്യ പ്രവൃത്തികളായിരുന്നു നടന്നത്. ആദ്യം എതിര്‍ത്ത കുട്ടിയെ മര്‍ദിച്ചു. പുറത്തുപറഞ്ഞാല്‍ ഒന്നാംപ്രതിയാകുമെന്നും പത്രത്തില്‍ ഫോട്ടോ വരുമെന്നുമൊക്കെ പറഞ്ഞ് ഭയപ്പെടുത്തി. പിന്നീട്, കുട്ടിയെ ബന്ധുവായ സ്‌ത്രീ പലപ്രാവശ്യം ചങ്ങനാശ്ശേരിയിലെ വീട്ടില്‍ എത്തിച്ചിരുന്നുവത്രേ.
കുട്ടിയുടെ രോഗാവസ്ഥ ഗുരുതരമായതോടെ ബന്ധുസ്‌ത്രീ ആസ്‌പത്രിയിലേക്ക് വരാതെയുമായി. വീട്ടുകാര്‍ നിര്‍ബന്ധിച്ച് കുട്ടിയെ ഡിസ്‌ചാര്‍ജ് വാങ്ങി തേനി മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി. അവിടെവച്ച് മെയ് 5ന് കുട്ടി മരിക്കുകയായിരുന്നു. തുടര്‍ന്നാണ് മാതാവ് ബന്ധുസ്ത്രീയ്ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications