കോടികള്‍ വിലമതിക്കുന്ന ജനാധിപത്യം
ദില്ലി : നൂറു കോടിയ്ക്കപ്പുറത്തേയ്ക്ക് എം പിമാരുടെ വോട്ടിന് മൂല്യമേറുമ്പോള്‍ അഭിമാനം കൊണ്ട് പൊട്ടിത്തരിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം. ജനസംഖ്യ നൂറുകോടിയാവുമ്പോള്‍ തീര്‍ച്ചയായും അതിനനുസരിച്ച് മൂല്യമുണ്ടാവണം എംപിയുടെ വോട്ടിനും.
വിശ്വാസ പ്രമേയത്തെ അനുകൂലിക്കുകയോ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുകയോ ചെയ്താല്‍ തനിക്ക് നൂറുകോടി രൂപ നല്‍കാമെന്ന് വാഗ്ദാനം ലഭിച്ചെന്ന് വെളിപ്പെടുത്തുന്നത് ഹരിയാന മുന്‍മുഖ്യമന്ത്രി ഭജന്‍ലാലിന്റെ പുത്രന്‍ കുല്‍ദീപ് ബിഷ്‍നോയിയാണ്.
സോണിയയുടെ നേതൃത്വത്തെ വിമര്‍ശിച്ചതിന് ഒരു വര്‍ഷമായി പാര്‍ട്ടിയില്‍ നിന്ന് സസ്‍പെന്‍ഡ് ചെയ്യപ്പെട്ട എംപിയാണ് കുല്‍ദീപ്. തന്റെ പിതാവിന്റെ ഹരിയാനയിലെ മേധാവിത്വം അവസാനിപ്പിച്ച കോണ്‍ഗ്രസ് നേതൃത്വത്തോടുളള പകയില്‍ നിന്ന് ഉടലെടുത്ത വ്യാജആരോപണമായിരിക്കാം ഇതെന്ന് തളളിക്കളയാം. പക്ഷേ, 271 എന്ന മാന്ത്രിക സംഖ്യയിലെത്താന്‍ കോടികള്‍ ചില്ലറയൊന്നുമല്ല ദില്ലിയില്‍ ഒഴുകുന്നത്. ലളിതമായ സത്യം മാത്രമാണത്.
മുലായം സിംഗ് യാദവും ഉന്നയിച്ചിരുന്നു ഇങ്ങനെയൊരു ആരോപണം. മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയില്‍ ചേരുന്നതിന് കെട്ടിടനിര്‍മ്മാണ ലോബി തന്റെ പാര്‍ട്ടിയിലെ എംപിക്ക് 30 കോടി വാഗ്ദാനം ചെയ്തുവെന്നായിരുന്നു മുലായത്തിന്റെ ആരോപണം. യുപിയുടെ മുഖ്യമന്ത്രിക്കസേര, പ്രധാനമന്ത്രി പദത്തിലേയ്ക്കുളള ചവിട്ടു പടിയായി കാണുന്ന മായാവതിയുടെ സമ്പാദ്യത്തിന്റെ വലിപ്പം ഓര്‍ത്താല്‍, മറുഭാഗത്തിന്റെ പ്രകടനവും അത്ര മോശമാകാന്‍ വഴിയില്ല.
വിശ്വാസ പ്രമേയത്തെ അനുകൂലിക്കുന്നതിന് ഒരു എംപിക്ക് യുപിഎ നല്‍കിയ വില 25 കോടിയാണെന്ന വിവരം വെളിപ്പെടുത്തിയത് സിപിഐ അഖിലേന്ത്യാ സെക്രട്ടറി എ ബി ബര്‍ദാനാണ്. സമാജ്‍വാദി പാര്‍ട്ടിയുടെ നേതാവ് അമര്‍സിംഗിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന പിന്തുണാവേട്ടയില്‍ കോടികളുമായി കൂടെ നില്‍ക്കുന്നത് ഇന്ത്യയിലെ പ്രമുഖ വ്യവസായികള്‍ തന്നെയാവും.
തീവില നേടി പാര്‍ലമെന്ററി ജനാധിപത്യത്തെ സംരക്ഷിക്കുന്ന എംപിമാരും, ജനാധിപത്യം പുലരാന്‍ കോടികള്‍ സന്തോഷത്തോടെ ദാനം ചെയ്യുന്ന വ്യവസായ ഭീമന്മാരുമുളളപ്പോള്‍ പൗരന് ഭീതിയെന്തിന്? അയ്യഞ്ചു വര്‍ഷം കൂടുമ്പോഴുളള നാണംകെട്ട പ്രഹസനം കൂടി ഒഴിവാക്കിയാല്‍ അവനിത്തിരി സ്വൈര്യം കിട്ടിയേനെ. ആ വഴിക്കും ചിന്തിക്കാവുന്നതാണ് രാഷ്ട്രതന്ത്രജ്ഞന്മാര്‍ക്ക്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications