കാമുകിയെ ചുവന്ന തെരുവില്‍ വില്‍ക്കാന്‍ ശ്രമിച്ച കാമുകന്‍ പിടിയില്‍
ചാവക്കാട്: കാമുകിയെ മുംബൈയിലെ ചുവന്ന തെരുവില്‍ വില്‍ക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ പുന്നയൂര്‍ സ്വദേശിയായ യുവാവിനെ അറസ്റ്റുചെയ്‌തു. ഗദ്ദാഫി എന്ന മുപ്പത്തിയൊന്നുകാരനാണ് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതിയായ അകലാട് പടിഞ്ഞാറ്റയില്‍ ഷിഹാബ് ഒളിവിലാണ്.
മന്ദലംകുന്ന് സ്വദേശിനിയായ യുവതിയും ഗദ്ദാഫിയും തമ്മില്‍ ആറുവര്‍ഷമായി പ്രണയത്തിലാണ്. വിവാഹം കഴിയ്‌ക്കാമെന്ന് ഉറപ്പ് നല്‍കിയ ഗദ്ദാഫി സുഹൃത്ത് ഷിഹാബുമൊത്ത് യുവതിയെ മുംബൈയിലേയ്‌ക്ക് കൊണ്ടുപോവുകയായിരുന്നു.
ഫെബ്രുവരി എട്ടിന് യാത്രപുറപ്പെട്ട ഇവര്‍ യാത്രക്കിടയില്‍ പട്ടാമ്പിയില്‍ മുറിയെടുത്തു. അവിടെവച്ച് ഗദ്ദാഫി തന്നെ പീഡിപ്പിച്ചുവെന്നും മുംബൈയിലെത്തിയശേഷം ചുവന്നതെരുവില്‍ വില്‍ക്കാന്‍ ശ്രമിച്ചുവെന്നുമാണ് അവിടെനിന്നും ഓടിരക്ഷപ്പെട്ട് മുംബൈ പൊലീസില്‍ അഭയം തേടിയെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.
യുവതിയുടെ കൈവശമുണ്ടായിരുന്ന പണവും സ്വര്‍ണാഭരണങ്ങളും ഇതിനിടയില്‍ ഗദ്ദാഫി കൈക്കലാക്കിയിരുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്. മകളെ കാണാനില്ലെന്ന് കാണിച്ച് യുവതിയെ പിതാവ് ഇതിനിടെ വടക്കേക്കാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
അന്വേഷണം നടക്കുന്നതിനിടെ യുവതിയെക്കുറിച്ച് മുംബൈ പൊലീസ് ചാവക്കാട് പൊലീസിനെയും യുവതിയുടെ ബന്ധുക്കളെയും അറിയിച്ചു. തുടര്‍ന്ന് യുവതിയെ നാട്ടില്‍ എത്തിക്കുകയായിരുന്നുവത്രേ. ഫെബ്രുവരി 8ന് നാട്ടിലെത്തിയ യുവതിയെ പൊലീസ് കുന്നംകുളം കോടതിയില്‍ ഹാജരാക്കി.
യുവതി സംഭവം കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെങ്കിലും പ്രതികള്‍ ഒളിവിലായിരുന്നു. ചൊവ്വാഴ്‌ചയാണ് ഒന്നാം പ്രതി ഗദ്ദാഫിയെ ചാവക്കാട് പൊലീസ് പിടികൂടിയത്. കുന്നംകുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്‌തു. ഹിന്ദി സംസാരിക്കാന്‍ അറിയാവുന്നതുകൊണ്ടാണത്രേ അയാളെയും ഗദ്ദാഫി മുംബൈയ്‌ക്ക് കൊണ്ടുപോയത്.












Click it and Unblock the Notifications