സിപിഎം കോഴിക്കോട് നേതൃത്വവും കോര്‍പ്പറേറ്റ് പാതയില്‍
കോഴിക്കോട്: കണ്ണൂരിലെ സിപിഎം നേതൃത്വം വാട്ടര്‍ തീം പാര്‍ക്കും ഷോപ്പിങ് മാളും നിര്‍മ്മിച്ചതിന് പിന്നാലെ കോഴിക്കോട്ടെ സിപിഎം നേതൃത്വവും കോര്‍പ്പറേറ്റ് പാതയില്‍ മുന്നേറാനൊരുങ്ങുന്നു.
ഒരു കോടി രൂപമുടക്കി അത്യാധുനിക സൗകര്യങ്ങളോടെ പാര്‍ട്ടി ഓഫീസ് കെട്ടിപ്പൊക്കുന്നതിനൊപ്പം സിപിഎം നിയന്ത്രണത്തില്‍ നഗരത്തില്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടലും താമസിയാതെ ഉയരും. ഹോട്ടല്‍ നിര്‍മ്മിക്കാനായി കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് 58 സെന്റ് സ്ഥലം പാര്‍ട്ടി നിയന്ത്രണത്തില്‍ രൂപീകരിച്ച സൊസൈറ്റി വാങ്ങിക്കഴിഞ്ഞു.
മാനാഞ്ചിറയ്‌ക്കു സമീപമുള്ള കോംട്രസ്‌റ്റ് കമ്പനിയുടെ സ്ഥലമാണ് ഹൈക്കോടതി മുഖാന്തരം സൊസൈറ്റി സ്വന്തമാക്കിയിരിക്കുന്നത്. ഈ സ്ഥലത്തിന് സെന്റിന് ഇരുപത് ലക്ഷമാണ് മതിപ്പുവില.
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ടിപി രാമകൃഷ്‌ണന്‍, പി സതീദേവി എംപി, കോര്‍പ്പറേഷന്‍ മേയര്‍ എം ഭാസ്‌കരന്‍ തുടങ്ങി ജില്ലയിലെ പ്രമുഖ നേതാക്കള്‍ ഡയറക്ടര്‍മാരായി രൂപീകരിച്ച ഡിസ്‌ട്രിക്ട് കോ-ഓപ്പറേറ്റീവ് ട്രാവല്‍ ആന്റ് ടൂറിസം ഡവലപ്‌മെന്റ് സൊസൈറ്റ് ആന്റ് സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഭൂമി വിലയ്‌ക്കുവാങ്ങിയിരിക്കുന്നത്.
ടൂറിസം മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍, സഹകരണമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എം. രാധാകൃഷ്‌ണന്‍ എന്നവരും സൊസൈറ്റിയുടെ ഡയറക്ടര്‍മാരാണ്.
സഹകരണ ആക്ട് പ്രകാരം ഡി 2882നമ്പറില്‍ രജിസ്റ്റര്‍ ചെയ്‌ത സൊസൈറ്റിയാണിത്. മുന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ പി.എം അബ്ദുള്‍ ഖാദറാണ് സൊസൈറ്റിയുടെ പ്രസിഡന്റ്, എം മെഹബൂബ് വൈസ് പ്രസിഡന്റുമാണ്.
ആദ്യഘട്ടത്തില്‍ പഞ്ചനക്ഷത്ര സൗകര്യമുള്ള ഹോട്ടലാണ് സൊസൈറ്റി സ്ഥാപിക്കാനുദ്ദേശിക്കുന്നത്. രണ്ടാംഘട്ടത്തില്‍ റസ്റ്റോറന്റും പിന്നീട് ഘട്ടംഘട്ടമായി ടൂര്‍ പാക്കേജ്, ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നിവയും ലക്ഷ്യമിടുന്നു. ഇതിനായി അയ്യായിരം രൂപയുടെ ഓഹരികളാണ് വ്യക്തികളില്‍ നിന്നും സഹകരണ ബാങ്കുകളില്‍ നിന്നും സമാഹരിക്കുക. ഓഹരി സമാഹരം ഇതിനകംതന്നെ തുടങ്ങിയിട്ടുണ്ട്.
28 കോടിയുടെ പ്രൊജക്ടിനാണ് ഇപ്പോള്‍ രൂപം നല്‍കിയിരിക്കുന്നത്. പ്രത്യയശാസ്‌ത്ര പോരാട്ടങ്ങളില്‍ നിന്നും അകന്ന വാട്ടര്‍ തീം പാര്‍ക്കും പഞ്ചനക്ഷത്ര ഹോട്ടലും പണിതുകൊണ്ടുള്ള സിപിഎം നേതാക്കളുടെ ആഢംബര ഭ്രമത്തിനെതിരെ പലയിടത്തുനിന്നും കടുത്ത പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications