കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റമ്മെടുത്തതില്‍ കരിക്കൊഴിച്ചിട്ട്.....

  • By Staff
Google Oneindia Malayalam News

Rum Jugതിരുവനന്തപുരം : "റമ്മെടുത്തതില്‍ കരിക്കൊഴിച്ചിട്ട്, വലിച്ചു കേറ്റട മക്കാനേ"യെന്നൊരു പാട്ടുണ്ട്, പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത "വെട്ടം" സിനിമയില്‍.

നാദിര്‍ഷ എഴുതിയ ആ പാട്ട് അക്ഷരാര്‍ത്ഥത്തില്‍ മലയാളി ദേശീയ ഗാനമായി ഏറ്റെടുത്തിരിക്കുന്നു. ബിവറേജസ് കോര്‍പറേഷന്റെ കണക്കുകൂട്ടല്‍ തെറ്റിയില്ലെങ്കില്‍ ഈ സാമ്പത്തിക വര്‍ഷം മലയാളികള്‍ 4000 കോടിയുടെ മദ്യം കുടിക്കും. ഇതില്‍ അറുപതു ശതമാനം പങ്കും റമ്മിനാണെന്നറിയുമ്പോള്‍ നാദിര്‍ഷയുടെ ആഹ്വാനം മലയാളികള്‍ അക്ഷരംപ്രതി അനുസരിക്കുന്നുവെന്ന് ബോധ്യമാകും.

സെപ്തംബര്‍ മാസത്തില്‍ മാത്രം 408 കോടി രൂപയുടെ മദ്യമാണ് ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ കുടിച്ചു തീര്‍ത്തത്. ആകെ മുപ്പത് ദിവസങ്ങളുളള സെപ്തംബറില്‍ മൂന്നു ദിവസം ബാര്‍ അവധിയായിരുന്നുവെന്നതും മദ്യസ്നേഹികളെ ബാധിച്ചില്ല. തലേന്നു തന്നെ സംഗതി വാങ്ങി സ്റ്റോക്ക് ചെയ്ത് അവര്‍ റെക്കോ‍‍ഡ് കുടി കുടിച്ചു.

ആകെയുളള മൂന്നേകാല്‍ കോടി മലയാളികളില്‍ മദ്യപന്മാരുടെ എണ്ണം ഇതുവരെ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. പകുതിയിലധികം സ്ത്രീകളെയും പത്തു വയസില്‍ താഴെയുളള കുട്ടികളെയും ഒഴിവാക്കിയാല്‍ ഏതാണ്ട് അമ്പതു ലക്ഷം പുരുഷന്മാരില്‍ നിന്നാണ് ബിവറേജസ് കോര്‍പറേഷന്‍ അതിഭീമമായ ലാഭം നേടുന്നത്. മാസം പത്തുരൂപ വെളളക്കരം കൂട്ടിയാല്‍ കണ്ണീരൊഴുക്കി, നെഞ്ചത്തടിച്ച് നിലവിളിക്കുന്ന മലയാളിക്ക് മദ്യവില എത്ര കൂടിയാലും പ്രശ്നമില്ല.

ബിവറേജസ് കോര്‍പറേഷന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മാസം 400 കോടി രൂപയുടെ മദ്യവില്‍പന നടക്കുന്നത്. ഈ പോക്ക് പോയാല്‍ ഈ സാമ്പത്തിക വര്‍ഷം 4000 കോടിയുടെ വില്‍പന അസാധ്യമല്ലെന്ന് ബിവറേജസ് കോര്‍പറേഷന്‍ എന്‍ ശങ്കര്‍ റെഡ്ഢി എക്കണോമിക് ടൈംസിനോട് വെളിപ്പെടുത്തുന്നു.

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 2261 കോടിയുടെ വില്‍പന നടന്നു. ഇതില്‍ 62% റം വില്‍പനയില്‍ നിന്ന് ലഭിച്ചത്. ബ്രാന്‍ഡിയ്ക്കാണ് തൊട്ടടുത്ത സ്ഥാനം 32%. വിസ്കിയോട് എന്തോ വൈരാഗ്യമുളളതു പോലെയാണ് മലയാളികളുടെ പെരുമാറ്റം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ കാലയളവില്‍ 1732 കോടിയാണ് മദ്യപന്മാര്‍ സംസ്ഥാന സര്‍ക്കാരിന് സംഭാവന ചെയ്തത്.

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറുമാസങ്ങളില്‍ 1730 കോടി രൂപ ബിവറേജസ് കോര്‍പറേഷന്‍ സംസ്ഥാന ഖജനാവിന് നല്‍കി. കഴിഞ്ഞ വര്‍ഷം ഇത് 1369 കോടി രൂപയായിരുന്നു.

മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന സന്ദേശമുളള പരസ്യവും ബിവറേജസ് കോര്‍പറേഷന്‍ പ്രചരിപ്പിക്കുന്നുണ്ട്. ഏതാണ്ട് 40 ലക്ഷം രൂപ മുടക്കിയാണ് പരസ്യം നല്‍കുന്നത്. അടിച്ച് കോണ്‍ തിരിഞ്ഞിരിക്കുന്ന ലഹരിസ്നേഹികള്‍ ഈ പരസ്യം കാണില്ലെന്ന് ബിവറേജസ് കോര്‍പറേഷന് ഉറപ്പാണ്. മദ്യപിക്കാത്തവര്‍ പരസ്യം കണ്ടിട്ടും പ്രത്യേകിച്ച് ഗുണവുമില്ല.

ഏതായാലും പരസ്യം കണ്ട് ജനത്തിന് ബോധം വീണാല്‍ ഖജനാവിന്റെ താക്കോല്‍ സൂക്ഷിപ്പുകാര്‍ക്ക് ബോധം പോകുമെന്നുറപ്പ്. സത്യത്തില്‍ ബിവറേജസ് കോര്‍പറേഷന്‍ വെട്ടം സിനിമയുടെ പാട്ടാണ് പരസ്യത്തിന് ഉപയോഗിക്കേണ്ടത്..

റമ്മെടുത്തതില്‍ കരിക്കൊഴിച്ചിട്ട്
വലിച്ചു കേറ്റട മക്കാനേ.......

ഏതു പ്രതിസന്ധിയെയും നേരിടാന്‍ ഖജനാവിനെ പ്രാപ്തനാക്കുന്ന ബഹുമാനപ്പെട്ട റം അവര്‍കളെ കേരളത്തിന്റെ ദേശീയ പാനീയമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം. ചീയേഴ്സ്..

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X