അഭയ കേസ്: സാക്ഷിയുടെ മൊഴി രേഖപ്പെടുത്തി
കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ ഒരു സാക്ഷിയെ കോടതിയില്‍ ഹാജരാക്കി. സാക്ഷിയില്‍ നിന്നും മൊഴിയെടുക്കുന്ന സമയത്ത് കോടതി മുറിയില്‍ ആര്‍ക്കും പ്രവേശനം അനുവദിച്ചില്ല.
സിബിഐയുടെ കൊച്ചി യൂണിറ്റിന്റെ ആവശ്യപ്രകാരമാണ് ഈ സാക്ഷിയെ തിങ്കളാഴ്‌ച ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയത്. മൊഴി രേഖപ്പെടുത്താന്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ടിന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടാണ് നിര്‍ദ്ദേശം നല്‍കിയത്.
ഭാവിയില്‍ ഈ സാക്ഷി കൂറുമാറി പ്രതിഭാഗം ചേരുന്നത് തടയാനാണ് ക്രിമിനല്‍ നടപടിക്രമമനുസരിച്ച് മൊഴി രേഖപ്പെടുത്തിയത്. സാക്ഷിയുടെ പേര് സിബിഐ വെളിപ്പെടുത്തിയിട്ടില്ല.
സിബിഐ സംഘം കഴിഞ്ഞ ദിവസം കോട്ടയത്ത് അഭയ താമസിച്ചിരുന്ന പയസ് ടെന്‍ത് കോണ്‍വെന്റില്‍ എത്തിയിരുന്നു. ഹോസ്‌റ്റലിന്റെ അടുക്കള കേന്ദ്രീകരിച്ചാണ് സിബിഐ അന്വേഷണം തുടങ്ങിയത്.
അടുക്കളയില്‍ വച്ച് അഭയയുടെ തലയ്‌ക്കടിച്ച് കൊല്ലുകയും പിന്നീട് മൃതദേഹം കിണറ്റിലിടുകയും ചെയ്‌തുവെന്നാണ് കരുതപ്പെടുന്നത്. അഭയ താമസിച്ചിരുന്ന കാലത്ത് കോണ്‍വെന്റില്‍ രാത്രികാലങ്ങളില്‍ ചില സന്ദര്‍ശകര്‍ എത്തിയിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഏതാനും പേരെ ചോദ്യം ചെയ്യുകയും ചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications