കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസാധാരണം, ജനപ്രിയം...

  • By Staff
Google Oneindia Malayalam News

Finance Minister Thomas Isaac
തിരുവനന്തപുരം: ജനപ്രിയം, നികുതി രഹിതം... ധനമന്ത്രി തോമസ്‌ ഐസക്ക്‌ വെള്ളിയാഴ്‌ച നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിനെ ഇങ്ങനെ വിലയിരുത്താം. സാമ്പത്തിക മാന്ദ്യത്തിന്റെ കാലഘട്ടത്തില്‍ ആപത്തിനെ അവസരമാക്കി മാറ്റാനാണ്‌ ധനമന്ത്രി ബജറ്റിലൂടെ ആഹ്വാനം ചെയ്യുന്നത്‌.

പുതിയ ബജറ്റിലൂടെ രാജ്യത്തിന്റെ ഫെഡറല്‍ ബന്ധങ്ങളിലുള്ള പൊളിച്ചെഴുത്താണ്‌ സാമ്പത്തിക ശാസ്‌ത്രജ്ഞനായ തോമസ്‌ ഐസക്‌ നടത്തിയിരിക്കുന്നത്‌. ധനക്കമ്മി 2.8 ശതമാനത്തിലേക്ക്‌ ചുരുക്കണമെന്ന്‌ കേന്ദ്ര നിര്‍ദ്ദേശത്തെ പൂര്‍ണമായും അവഗണിയ്‌ക്കുന്ന ഐസക്ക്‌ 9 ശതമാനം ധനകമ്മിയുള്ള കേന്ദ്രത്തിന്‌ ഇത്‌ പറയാന്‍ അവകാശമില്ലെന്ന്‌ പ്രഖ്യാപിയ്‌ക്കുന്നു. തന്റെ രാഷ്ട്രീയ നിലപാടുകളും ചെറുത്തു നില്‌പുമാണ്‌ ഐസക്ക്‌ ഇതിലൂടെ പ്രകടിപ്പിയ്‌ക്കുന്നത്‌.

ഇടക്കാല ബജറ്റിന്റെ മറവില്‍ കേന്ദ്ര സര്‍ക്കാര്‍ മുഖം തിരിച്ച മാന്ദ്യ കാലത്തെ പ്രതിസന്ധികളെ ഗൗരവപൂര്‍ണമായാണ്‌ ഐസക്ക്‌ സമീപിച്ചിരിയ്‌ക്കുന്നത്‌. സാമ്പത്തിക മാന്ദ്യത്തിന്റെ ഉച്ചചൂടില്‍ തളര്‍ന്ന്‌ തിരികെയെത്തുന്ന പ്രവാസികളെ മന്ത്രി നിരാശപ്പെടുത്തുന്നില്ല. രാജ്യത്തിന്റെ സമ്പദ്‌ഘടനയ്‌ക്ക്‌ വന്‍ സംഭവനകള്‍ നല്‌കിയ പ്രവാസികളെ കേന്ദ്രം മറന്നപ്പോള്‍ അവര്‍ക്ക്‌ ചെറിയ രീതിയിലെങ്കിലും ആശ്വാസം പകരാന്‍ ഐസക്കിന്‌ കഴിഞ്ഞു.

സാമ്പത്തിക മാന്ദ്യത്തെ നേരിടുന്നതിന്‌ ദ്വിമുഖ തന്ത്രമാണ്‌ ഐസക്ക്‌ മുന്നോട്ട്‌ വെയ്‌ക്കുന്നത്‌. സാമൂഹ്യ സുരക്ഷാ പാക്കേജും പശ്ചാത്തല വികസന പാക്കേജുമാണ്‌ ഇതിനായി അദ്ദേഹം കണ്ടെത്തിയിരിക്കുന്ന പ്രതിവിധികള്‍.
പതിനായിരം കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടിസ്ഥാന സൗകര്യ മേഖയില്‍ അടുത്ത രണ്ട്‌ വര്‍ഷങ്ങളില്‍ നടത്തും. ഇതിനൊപ്പം 10,000 കോടിയുടെ സ്വകാര്യ നിക്ഷേപവും പ്രതിവര്‍ഷം ഇവിടെയെത്തുമെന്ന്‌ അദ്ദേഹം പ്രതീക്ഷിയ്‌ക്കുന്നു. ഈ പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ മാന്ദ്യം കഴിയുമ്പോള്‍ ഒരു കുതിപ്പിന്‌ തയാറാകുന്ന അവസ്ഥയിലേക്ക്‌ കേരളം എത്തുമെന്ന്‌ ഐസക്ക്‌ പ്രതീക്ഷിയ്‌ക്കുന്നു.

അസാധാരണ കാലത്തെ അസാധാരണമായ ഉത്തരങ്ങളാണ്‌ തന്റെ ബജറ്റെന്ന്‌ ഐസക്ക്‌ തന്നെയാണ്‌ ബജറ്റിനെ വിശേഷിപ്പിച്ചിരിയ്‌ക്കുന്നത്‌. ലോപമില്ലാത്ത പ്രതീക്ഷകളും ആത്മവിശ്വാസവും അദ്ദേഹം ബജറ്റില്‍ പ്രകടിപ്പിച്ചിട്ടുണ്ട്‌. കേന്ദ്ര സഹായമില്ലെങ്കില്‍ കൂടി കേരളത്തിന്‌ മുന്നേറാനാകുമെന്ന ധനമന്ത്രിയുടെ പ്രതീക്ഷകള്‍ അദ്ദേഹത്തിന്റെ ഉറച്ച ആത്മവിശ്വാസത്തെയാണ്‌ വെളിപ്പെടുത്തുന്നത്‌. പ്രലോഭനീയമായ പലിശ വാഗ്‌ദാനം ചെയ്‌ത്‌ സംസ്ഥാന ഖജനാവില്‍ ആളുകള്‍ നിക്ഷേപം നടത്താനുള്ള സാഹചര്യം സൃഷ്ടിയ്‌ക്കാനാകാമെന്നും അദ്ദേഹം കണക്കു കൂട്ടുന്നു.

ധനകമ്മി 2.8 ശതമാനത്തില്‍ കൂടരുതെന്ന കേന്ദ്ര നിര്‍ദ്ദേശത്തിന്‌ 3.25 ശതമാനം ധനകമ്മിയുള്ള ബജറ്റ്‌ അവതരിപ്പിച്ചാണ്‌ ഐസക്ക്‌ മറുപടി നല്‌കിയിരിക്കുന്നത്‌. ഇത്തരം നിര്‍ദ്ദേശങ്ങള്‍ ഫെഡറല്‍ ബന്ധങ്ങളില്‍ സ്വീകാര്യമല്ലെന്നും അദ്ദേഹം ഇതിലൂടെ അടിവരയിടുന്നു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച്‌ 800 കോടിയുടെ കുറവാണ്‌ ധനക്കമ്മിയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്‌. അടുത്ത വര്‍ഷം റവന്യൂ കമ്മി ഇല്ലാതാക്കാമെന്ന പ്രതീക്ഷയും ധനമന്ത്രി പങ്കുവെയ്‌ക്കുന്നുണ്ട്‌.

തെരഞ്ഞെടുപ്പ്‌ അടുത്തെത്തിയതിന്റെ പശ്ചാത്തലത്തില്‍ ബജറ്റിനെ ജനപ്രിയമാക്കാന്‍ ഐസക്ക്‌ കിണഞ്ഞ്‌ പരിശ്രമിച്ചിട്ടുണ്ട്‌. നികുതി നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയതിന്‌ പുറമെ പല ഇളവുകളും അദ്ദേഹം പ്രഖ്യാപിച്ചു. ഉപാധികള്‍ക്ക്‌ വിധേമായി ദാരിദ്ര രേഖയ്‌ക്ക്‌ മുകളിലുള്ളവര്‍ക്ക്‌ 2 രൂപയ്‌ക്ക്‌ അരി, വിദ്യാഭ്യാസം, മൃഗസംരക്ഷണം, ക്ഷേമ നടപടികള്‍ തുടങ്ങിയവക്ക്‌ പണമൊഴുക്കിയത്‌ ബജറ്റ്‌ ജനപ്രിയമാക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌.

അതേ സമയം ബജറ്റ്‌ നേരിടുന്ന വെല്ലുവിളികളും കാണാതിരുന്നു കൂടാ. വിഭവ സമാഹരണം തന്നെയായിരിക്കും ഐസക്ക്‌ നേരിടുന്ന പധാന വെല്ലുവിളി. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നികുതി പിരിച്ചെടുക്കുന്നതില്‍ സര്‍ക്കാര്‍ കാണിച്ച ആര്‍ജ്ജവം തുടര്‍ന്നാല്‍ ഇതും പരിഹരിയ്‌ക്കാന്‍ കഴിയുമെന്ന കാര്യമുറപ്പാണ്‌.

വരവും ചെലവും ത്രാസില്‍ തൂക്കി നോക്കിയുള്ള പരമ്പരാഗത രീതിയിലുള്ള ബജറ്റല്ല ഐസക്ക്‌ അവതരിപ്പിച്ചിരിയ്‌ക്കുന്നത്‌. മികച്ച ഗൃഹപാഠത്തിലൂടെ ബജറ്റിനെ പുതിയ കാലഘട്ടത്തിന്റെ പ്രതീകമാക്കാനാണ്‌ അദ്ദേഹം ശ്രമിക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X