പതിനാലാം ലോക്‌സഭ പിരിഞ്ഞു
ദില്ലി: പതിനാലാമത്തെ ലോക് സഭയുടെ അവസാന സമ്മേളനം 2009 ഫെബ്രുവരി 26ന് വ്യാഴാഴ്ച നടന്ന അവസാനിച്ചു.അവസാന ദിവസസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പാര്‍ലമെന്റ് അംഗങ്ങളുടെ എണ്ണം പൊതുവേ കുറവായിരുന്നു.
ഇനി പാര്‍ലമെന്റില്‍ താന്‍ എത്തുകയില്ലെന്ന് ലോക്‌സഭാ സ്‌പീക്കര്‍ സോമനാഥ് ചാറ്റര്‍ജി. പാര്‍ലമെന്റിന്റെ അവസാനസമ്മേളനത്തിന്റെ അവസാനദിവസത്തില്‍ അംഗങ്ങള്‍ പരസ്‌പരം യാത്രപറയുന്നതിനിടെയാണ് സ്‌പീക്കര്‍ താനിനി പാര്‍ലമെന്റിലേയ്‌ക്കില്ലെന്ന് പറഞ്ഞത്.
ഇത് പാര്‍ലമെന്റില്‍ നിന്നുള്ള എന്റെ അവസാന യാത്രയാണ്. ഇനി ഒരുവട്ടംകൂടി ഇങ്ങോട്ടില്ല- അദ്ദേഹം വ്യക്തമാക്കി. കീഴ്‌നടപ്പില്ലാത്ത ഒട്ടേറെ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചാണ് പതിനാലാം ലോക്‌സഭ പിരിഞ്ഞിരിക്കുന്നത്.
ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രത്തില്‍ മുമ്പെങ്ങും ഉണ്ടാകാത്ത വിധം 11 അംഗങ്ങളാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സഭയില്‍ നിന്നും പുറത്താക്കപ്പെട്ടത്. ലോക്‌സഭാ സ്‌പീക്കര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടതിനും രാജ്യം സാക്ഷ്യം വഹിച്ചു.
ആണവകരാര്‍ വിഷയത്തില്‍ പാര്‍ട്ടി തീരുമാനം മാനിക്കാതെ സ്‌പീക്കര്‍ പദവിയില്‍ നിഷ്‌പക്ഷനായി തുടരുമെന്ന് പ്രഖ്യാപിച്ച ചാറ്റര്‍ജിയെ സിപിഎം പുറത്താക്കുകയായിരുന്നു. ലോക്‌സഭാ അധ്യക്ഷനായ ആദ്യ ഇടതുപക്ഷക്കാരന്‍ കൂടിയായിരുന്നു ചാറ്റര്‍ജി.
ആണവകരാര്‍ പ്രശ്‌നത്തില്‍ യുപിഎ വിശ്വാസവോട്ട് തേടുന്നതിനിടെയുണ്ടായ വോട്ടിന് കോഴ വിവാദം ലോക്‌സഭയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ ദിനമായി ചരിത്രത്തില്‍ കുറിക്കപ്പെട്ടു. ഇംപീച്ച്‌മെന്റ് ഒഴികെയുള്ള എല്ലാ നടപടികള്‍ക്കും പതിനാലാം ലോക്‌സഭ സാക്ഷ്യം വഹിച്ചു.
യാദൃശ്ചികമായി പ്രതിപക്ഷം ഒരിക്കല്‍ സ്‌പീക്കറെ ബഹിഷ്‌കരിച്ചതും സഭാ ചരിത്രത്തില്‍ ആദ്യമായിരുന്നു. തന്റെ നിര്‍ദ്ദേശം കേള്‍ക്കാതെ സഭയില്‍ ബഹളം വച്ച അംഗങ്ങള്‍ തിരഞ്ഞെടുപ്പില്‍ തോറ്റുപോകട്ടെയെന്ന് സ്‌പീക്കര്‍ പറഞ്ഞതും ഇതാദ്യം. അദ്ദേഹം പിന്നീടതിന് മാപ്പുപറയുകയും ചെയ്‌തു.
പ്രധാനമന്ത്രി ലോക്‌സഭയുടെ ഭരണകക്ഷി നേതാവല്ലാതെ തുടര്‍ന്നതും ഈ ലോക്‌സഭയുടെ പ്രത്യേകതയാണ്. വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജിയായിരുന്നു അഞ്ചുവര്‍ഷവും സഭാ നേതാവ്.












Click it and Unblock the Notifications