ക്വട്ടേഷന്‍ വിവാദത്തില്‍ കണ്ണൂര്‍ തിളച്ചുമറിയുന്നു
കണ്ണൂര്‍: തിരഞ്ഞെടുപ്പിന്റെ ക്ഷീണത്തില്‍ സംസ്ഥാന രാഷ്ട്രീയം ആലസ്യത്തിലാണ്ടു കിടക്കുന്പോള്‍ ക്വട്ടേഷന്‍ വിവാദത്തെ ചൊല്ലി കണ്ണൂര്‍ രാഷ്ട്രീയം തിളച്ചു മറിയുന്നു.
ഒരു ഭാഗത്ത് സിപിഎമ്മും മറുഭാഗത്ത് കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും തമ്മിലുള്ള വാക് പോര് ഒരോ ദിനവും കൂടുതല്‍ ശക്തിയാര്‍ജ്ജിയ്ക്കുകയാണ്. തിരഞ്ഞെടുപ്പ് ദിവസം തൃശൂരില്‍ നിന്നും കണ്ണൂരിലെത്തിയ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവമാണ് ആരോപണ പ്രത്യാരോപണങ്ങളിലേക്ക് വഴിതെളിയിച്ചിരിയ്ക്കുന്നത്.
കണ്ണൂര്‍ രാഷ്ട്രീയത്തിലെ ഒരുന്നത നേതാവിനെ വധിയ്ക്കാനും അതിന്റെ കുറ്റം സിപിഎമ്മിന് മേല്‍ കെട്ടിവെയ്ക്കാനും വേണ്ടി കോണ്‍ഗ്രസ് രംഗത്തിറക്കിയ ക്വട്ടേഷന്‍ സംഘമാണിതെന്നാണ് സിപിഎമ്മിന്റെ ആരോപണം. ഇക്കാര്യം പുറത്തറിയാതിരിയ്ക്കാനാണ് കെ സുധാകരന്‍ നടത്തിയ കുത്തിയിരുപ്പ് സമരം നടത്തി അവരെ പുറത്തെത്തിച്ചതെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു.
സിപിഎമ്മില്‍ നിന്ന് മറുകണ്ടം ചാടി കോണ്‍ഗ്രസിലെത്തിയ എപി അബ്ദുള്ളക്കുട്ടി എംപിയെ ചുറ്റിയാണ് പുതിയ വിവാദവും മുന്നോട്ട് നീങ്ങുന്നത്. അബ്ദുള്ളക്കുട്ടിയെ വധിയ്ക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ക്വട്ടേഷന്‍ രംഗത്തിറക്കിയതെന്നാണ് സിപിഎം നേതൃത്വം പറയാതെ പറഞ്ഞുവെയ്ക്കുന്നത്. എന്നാല്‍ ഇതിനെതിരെ എപി അബ്ദുള്ളക്കുട്ടി തന്നെ രംഗത്തെത്തിയതോടെയാണ് വിവാദം പുതിയ വഴിത്തിരവിലെത്തിയിരിക്കുന്നത്. തന്നെ വധിയ്ക്കാന്‍ സിപിഎം തന്നെ ആസൂത്രണം ചെയ്ത പദ്ധതിയാണെന്നാണ് അബ്ദുള്ളക്കുട്ടി ആരോപണം. തന്നെ വധിയ്ക്കാനും ആ കുറ്റം സുധാകരന്റെ മേല്‍ കെട്ടിവെയ്ക്കുന്നതിലൂടെയും സിപിഎം ഒരു വെടിയ്ക്ക് രണ്ടു പക്ഷിയെന്ന തന്ത്രമാണ് പയറ്റുന്നതെന്നും പഴയ സഖാവ് പറയുന്നു.
എന്നാല്‍ സിപിഎമ്മിന്റെ ആരോപണം മറിച്ചാണ്. അബ്ദുള്ളക്കുട്ടിയെ വധിയ്ക്കുകയും അത് സിപിഎമ്മിന്റെ തലയില്‍ വച്ചുകെട്ടാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും അവര്‍ ആരോപിയ്ക്കുന്നു. ഇത് പുറത്താകുമോയെന്ന് ഭയന്നാണ് സുധാകരന്‍ 13 മണിക്കൂര്‍ നീണ്ട സമരത്തിലൂടെ പോലീസ് കസ്റ്റഡിയിലെടുത്തവരെ മോചിപ്പിച്ചതെന്നും സിപിഎം നേതാക്കള്‍ പറയുന്നു.
അതിനിടെ തിരഞ്ഞെടുപ്പ് ദിനത്തില്‍ സിപിഎം നേതാവും എംഎല്‍എയുമായ പി ജയരാജന്റെ മകന്‍ ആഷിഷ് സ്ഫോടനത്തില്‍ പരിക്കേറ്റ് ആശുപത്രിയിലായ സംഭവം എല്‍ഡിഎഫ് നേതൃത്വത്തിന് ക്ഷീണമായിട്ടുണ്ട്. ഈ സംഭവം എല്‍ഡിഎഫിനെതിരെ ആയുധമാക്കാനുള്ള ശ്രമത്തിലാണ് ഐക്യമുന്നണിയും യുഡിഎഫും ഇപ്പോള്‍ നടത്തുന്നത്.












Click it and Unblock the Notifications