ഇന്ത്യയില്‍ അഞ്ചാമത്തെ പന്നിപ്പനി സ്ഥിരീകരിച്ചു
ദില്ലി: ഇന്ത്യയില്‍ അഞ്ചാമത്തെ പന്നിപ്പനിബാധ സ്ഥിരീകരിച്ചു. അമേരിക്കയില്‍ നിന്നും ലണ്ടന്‍വഴി ഹൈദരാബാദിലെത്തിയ ഇരുപത്തിയെട്ടുകാരന് പന്നിപ്പനിയുണ്ടെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.
രാജ്യത്തെ റിപ്പോര്‍ട്ട് ചെയ്യുന്ന അഞ്ചാമത്തെ പന്നിപ്പനി കേസാണിത്. മെയ് 31നാണ് ഇയാള്‍ രാജ്യത്തെത്തിയത്. രണ്ട് ദിവസത്തിനകം പന്നിപ്പനിയുടെ ലക്ഷണങ്ങളായ തൊണ്ടവേദനയും കടുത്ത ജലദോഷവും കണ്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് നടന്ന പരിശോധനയില്‍ എച്ച1എന്‍1 വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇയാള്‍ക്ക് ഗുരുതരമായ രോഗാവസ്ഥയില്ലെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്.
രോഗബാധിതനുമായി അടുത്ത ബന്ധം പുലര്‍ത്തിയിട്ടുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും വൈദ്യപരിശോധന നടത്തണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം ഇതുവരെ 69 രാജ്യങ്ങളിലായി 22,000ത്തിലധികം ആളുകള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. 125 പേരാണ് പന്നിപ്പനിമൂലം ഇതുവരെ മരിച്ചത്.












Click it and Unblock the Notifications