പന്നിപ്പനി: മുഖാവരണത്തിനും കിറ്റിനും ദൗര്‍ലഭ്യം
ചെന്നൈ: പന്നിപ്പനി ബാധയെ ചെറുക്കാന്‍ ധരിക്കുന്ന മുഖാവരണം മുതല്‍ പനിബാധ സ്ഥിരീകരിക്കാനുള്ള കിറ്റിനുവരെ വിലകൂടുകയും ദൗര്‍ലഭ്യമനുഭവപ്പെടുകയും ചെയ്യുന്നു.
വന്‍ തുകയ്‌ക്കാണ് ഇവ കച്ചവടക്കാര്‍ വില്‍ക്കുന്നത്. പന്നിപ്പനി ബാധ സ്ഥിരീകരിക്കാനുള്ള കിറ്റിന് വില 10,000 രൂപയാണ്. രോഗത്തിന്റെ ലക്ഷണങ്ങള്‍ ഉള്ളവരുടെ രക്തസാമ്പില്‍ പരിശോധിക്കുന്നതിനുള്ള കിറ്റുകള്‍ വളരെ ചെലവേറിയതാണ്.
ഇതിലുപയോഗിക്കുന്ന ഘടകങ്ങളാണ് മൊത്തം കിറ്റിന്റെ വില ഉയര്‍ത്തുന്നത്. രക്തസാമ്പിള്‍ പരിശോധിക്കുമ്പോള്‍ നെഗറ്റീവാണ് ലഭിക്കുന്നതെങ്കില്‍ കിറ്റിന്റെ ചെലവ് 5000 രൂപയില്‍ ഒതുങ്ങും. എന്നാല്‍ പോസിറ്റീവ് കിറ്റിന് 10,000 രൂപയാണ് വില.
രക്തസാമ്പിള്‍ പരിശോധനയില്‍ പോസിറ്റീവായി കണ്ടാല്‍ എച്ച്1എന്‍1വൈറസ് ബാധസ്ഥിരീകരിക്കുന്നതിന് കൂടുതല്‍ ടെസ്‌ററുകള്‍ ആവശ്യമായി വരുന്നതിനാലാണ് പോസിറ്റീവ് കിറ്റിന് വിലയേറുന്നത്.
നിലവില്‍ പന്നിപ്പനിബാധ സ്ഥിരീകരിക്കുന്നതിനുള്ള ലാബ്‌ടെസ്റ്റുകള്‍ തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ലാബുകളില്‍ സൗജന്യമായിട്ടാണ് ചെയ്യുന്നത്.സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നയയ്‌ക്കുന്ന സാമ്പിളുകളാണ് ഈ ലാബുകളില്‍ പരിശോധിക്കുന്നത്.
ബാംഗ്ലൂരില്‍ രോഗബാധയുണ്ടെന്ന് സംശയിച്ച് ആശുപത്രികളിലെത്തുന്ന പലരെയും തിരിച്ചയയ്‌ക്കുന്നതായി റിപ്പോര്‍ട്ട്. രോഗപരിശോധനാ കിറ്റുകളുടെ ദൗര്‍ലഭ്യമാണ് രോഗികളെ തിരിച്ചയക്കാന്‍ കാരണം.
ചൊവ്വാഴ്‌ച രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസിലെത്തിയ നൂറോളം പനിബാധിതരെ സാമ്പിള്‍ ശേഖരിക്കാതെ പ്രാഥമിക പരിശോധന മാത്രം നടത്തി തിരിച്ചയക്ക്‌കുയാണത്രേ ഉണ്ടായത്. എല്ലാവരെയും പരിശോധിക്കാനുള്ള കിറ്റുകള്‍ സംസ്‌ഥാനത്ത് ഇല്ലെന്നാണ് ഇന്‍സ്‌റ്റിറ്റിയൂട്ട് വൃത്തങ്ങള്‍ പറയുന്നത്.
നിംഹാന്‍സ് ആശുപത്രിയിലാണ് ബാംഗ്ലൂരിലെ ആശുപത്രികളില്‍ നിന്നും ശേഖരിക്കുന്ന സാമ്പിളുകള്‍ പരിശോധിക്കുന്നത്. അടിയന്തിരമായി 500 പരിശോധനാ കിറ്റുകളെങ്കിലും ലഭ്യമാക്കണമെന്ന് കര്‍ണാടക ആരോഗ്യവകുപ്പ് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ ലഭ്യമായിട്ടില്ല.
സ്വകാര്യ ലാബുകളില്‍ക്കൂടി സാമ്പിള്‍ പരിശോധന നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കിയേയ്‌ക്കുമെന്ന് സൂചനയുണ്ട്. ഇതിനിടെ പനിബാധ തടയുവാനായി ധരിക്കുന്ന മുഖാവരണത്തിനും ബാംഗ്ലൂര്‍ പോലുള്ള പലയിടത്തും ദൗര്‍ലഭ്യം അനുഭവപ്പെട്ടുതുടങ്ങി.
കുട്ടികള്‍ മുഖാവരണം ധരിക്കണമെന്ന് ചില സ്‌കൂളുകള്‍ നിര്‍ബന്ധമാക്കിയതാണ് വിപണിയില്‍ ദൗര്‍ലഭ്യമുണ്ടാകാന്‍ കാരണം. പല മെഡിക്കല്‍ സ്റ്റോറുകളും ഈ അവസ്ഥയെ മുതലെടുത്ത് തോന്നിയ വിലക്കാണ് മാസ്‌കുകള്‍ വില്‍ക്കുന്നത്.
സാധാരണ 75-80 രൂപ വില വരുന്ന ഇതിന് പലയിടത്തും 100മുതല്‍ 150 രൂപവരെ ഈടാക്കുന്നുണ്ട്. ചിലര്‍ ഇത് 250 രൂപ വിലയുള്ള സര്‍ജ്ജിക്കല്‍ കിറ്റായി മാത്രമേ നല്‍കുകയുള്ളുവെന്ന് വാശിപിടിക്കുകയാണെന്നും പരാതി ഉര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications