മകളെ പണയമാക്കി ചീട്ടുകളി; അച്ഛന്‍ തോറ്റു
മാള്‍ഡ: മഹാഭാരതത്തില്‍ ചൂതുകളിച്ച് സ്വത്തെല്ലാം തുലച്ച യുധിഷ്ഠിരന്‍ ഒടുക്കം ഭാര്യയെയാണ് പണയമാക്കിയത്. എന്നാല്‍ ബംഗാളിലെ മാള്‍ഡയിലെ അഭിനവ യുധിഷ്ഠിരന്‍ പണയ വസ്‌തുവാക്കിയത് പതിനെട്ടുകാരിയായ സ്വന്തം മകളെ, കളി തോറ്റ പിതാവിന് മകളെ നഷ്ടമാവുകയും ചെയ്‌തു.
മാള്‍ഡ ജില്ലയിലെ സത്‌ഗാരിയ ഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച ചീട്ടുകളി അരങ്ങേറിയത്. പറഞ്ഞ വാക്ക് പാലിയ്‌ക്കാന്‍ ഭാര്യയെ വിട്ടുകൊടുത്ത യുധിഷ്‌ഠിരനെ അനുകരിയ്‌ക്കാന്‍ ശ്രമിച്ച പിതാവിന്റെ ചെയ്‌തികള്‍ പക്ഷേ നാട്ടുകാര്‍ക്ക് ദഹിച്ചില്ല. അവര്‍ 'കലിയുഗ ദുര്യോധനനില്‍' നിന്നും മകളെ മോചിപ്പിച്ചു.
ഗ്രാമത്തിലെ ചീട്ടുകളി സംഘത്തിലെ പ്രധാനിയായ ഇസ്‌മായിലാണ്(30) മകളെ പണയം വെച്ചത്. അടുത്ത ഗ്രാമത്തിലെ മുസ്‌തഫയുമായി കളിച്ച് പണമെല്ലാം നഷ്ടപ്പെട്ട ഇസ്‌മായില്‍ അറ്റകൈയ്‌ക്ക് പതിനൊന്നാം ക്ലാസുകാരിയായ മകളെ പണയം വെച്ച് കളിക്കുകയായിരുന്നു. കളിയില്‍ ജയിച്ച മുസ്‌തഫ ഇസ്‌മായിലിനെ അടിച്ചവശനാക്കി മകളെയും കൊണ്ട് കടന്നു.
സംഭവം കണ്ടു നിന്ന നാട്ടുകാര്‍ ഗ്രാമത്തലവനെയും പഞ്ചായത്തിനെയും ഇതിനെപ്പറ്റി അറിയിച്ചു. പിറ്റേന്ന് ആളെക്കൂട്ടി അയല്‍ഗ്രാമത്തിലെത്തിയ നാട്ടുകാര്‍ മുസ്‌തഫയില്ലാത്ത തക്കത്തിന് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി തിരികെ കൊണ്ടുവരികയായിരുന്നു.
ചീട്ടുകളിനാടകത്തെക്കുറിച്ചറിഞ്ഞ ഇസ്‌മായിലിന്റെ പിതാവ് നെയ്‌മുദ്ദീന്‍ മകനെ വീട്ടില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. മദ്യത്തിനും ചീട്ടുകളിയ്‌ക്കും അടിമയായ ഇസ്‌മായിലിനെ മുമ്പ് പലതവണ ഉപദേശിച്ചിട്ടുണ്ടെങ്കിലും കാര്യമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.












Click it and Unblock the Notifications