വ്യാജ പീഡന പരാതി: യുവതി കുരുക്കില്‍
ആലുവ: യുവാവിനെതിരെ വ്യാജ പീഡനക്കേസ് നല്‍കിയ യുവതിയ്‌ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തീരുമാനം. കോതമംഗലം സ്വദേശിയായ യുവതിയാണ് വ്യാജ പരാതി നല്‍കി നിയമക്കുരുക്കിലായത്.
ആലുവ റയില്‍വേ സ്റ്റേഷനില്‍വച്ച് പ്രവാസി മലയാളിയായ യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു യുവതിയുടെ ആരോപണം. ആലുവ പൊലീസിലായിരുന്നു ഇവര്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.
എന്നാല്‍ പീഡന ശ്രമം നടന്നുവെന്ന് യുവതി പറയുന്ന സമയത്ത് ശസ്‌ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുകയായിരുന്ന യുവാവ് ഇന്റര്‍നെറ്റില്‍ സുഹൃത്തുമായി ചാറ്റ് ചെയ്യുകയായിരുന്നുവെന്നതിന് പൊലീസിന് തെളിവ് ലഭിച്ചു.
ഇതോടെയാണ് യുവതിയുടെ പരാതി വ്യാജമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് പൊലീസ് പരാതിക്കാരിയെക്കുറിച്ച് അന്വേഷണം നടത്തി. കോതമംഗലത്തെ ഒരു വൈദികന്റെ മകളാണ് യുവതി. പിതാവിന്റെ നിര്‍ദ്ദേശപ്രകാരമാണത്രേ യുവതി പൊലീസില്‍ പരാതി നല്‍കിയത്.
യുവതിയുടെ സഹോദരിയുമായി യുവാവ് പ്രണയത്തിലാണ്. സഹോദരി അയര്‍ലണ്ടിലാണ് ജോലിചെയ്യുന്നത്. യുവാവും അയര്‍ലണ്ടിലേയ്‌ക്ക് പോകാന്‍ തീരുമാനിച്ചിരുന്നു. ഇത് തടയാന്‍ വേണ്ടിയാണത്രേ പീഡനകഥ കെട്ടിച്ചമച്ചത്.
അയര്‍ലണ്ടിലുള്ള മകള്‍ വീട്ടിലേക്ക് പണമയയ്‌ക്കാത്തതില്‍ വൈദികന് കടുത്ത ദേഷ്യമുണ്ടായിരുന്നു. യുവാവിനെക്കുരക്കി ഇവരുടെ പ്രണയം തകര്‍ക്കുകയായിരുന്നു വൈദികന്റെ ഉദ്ദേശമെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications