ശ്രീ ശ്രീ രവിശങ്കറിന് നേരെ വെടിവെപ്പ്

ഞായറാഴ്ച രാത്രി ഏഴ് മണിക്ക് പതിവ് സത്സംഗം പൂര്‍ത്തിയാക്കി വേദിയില്‍ നിന്നിറങ്ങി കാറില്‍ കയറിയപ്പോഴാണ് അദ്ദേഹത്തിന് നേരെ അനുയായികള്‍ക്കിടയില്‍നിന്ന് ഒരാള്‍ അപ്രതീക്ഷിതമായി വെടിവെച്ചത്. എന്നാല്‍ ശ്രീശ്രീ രവിശങ്കര്‍ കാറില്‍ കയറിക്കഴിഞ്ഞിരുന്നതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വിനയ് എന്നയാളിന്റെ കാല്‍മുട്ടിനാണ് പരിക്ക്. ഇയാളെ ബാംഗ്ലൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബഹളത്തിനിടെ അക്രമി രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു.
ഞായറാഴ്ചയായതുകൊണ്ട് ആശ്രമത്തിലെത്തുന്നവര്‍ക്ക് ഒരുവിധ നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നില്ല. ഏകദേശം എണ്ണായിരത്തോളം പേര്‍ സംഭവസമയത്ത് അവിടെയുണ്ടായിരുന്നതയാണ് സൂചന.
0.22 റൈഫിളില്‍ നിന്നാണ് വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു. ശ്രീശ്രീ രവിശങ്കറിന്റെ സുരക്ഷയ്ക്ക് രണ്ട് ഗണ്‍മാന്മാരാണ് പതിവായുള്ളത്. ഇതില്‍ ഒരാള്‍ കാറില്‍ കയറിയിരുന്നു. രണ്ടാമത്തെയാള്‍ കാറിനു പുറത്തായിരുന്നു. സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യജ്ഞവേദിയിലേക്കു രാത്രി 8.30ന് ആത്മീയപ്രഭാഷണത്തിനു മടങ്ങിയെത്തിയ ശ്രീശ്രീ തന്നെയാണ് ആക്രമണത്തെക്കുറിച്ച് അനുയായികളെ അറിയിച്ചത്. അഹിംസയില്‍ അടിയുറച്ചു വിശ്വസിക്കുന്ന ജീവനകലാ പ്രസ്ഥാനത്തിന്റെ ഇച്ഛാശക്തിയെ തകര്‍ക്കാന്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീ ശ്രീ രവിശങ്കര്‍ തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരെ കാണും. ശ്രീശ്രീ തികച്ചും സുരക്ഷിതനാണെന്നും അക്രമി ആരാണെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി വിഎസ് ആചാര്യ അറിയിച്ചു.












Click it and Unblock the Notifications