പത്താം ക്ലാസുകാരി സ്കൂളില്‍ പ്രസവിച്ചു
രാമനാഥപുരം(തമിഴ്‌നാട്): സ്കൂള്‍ ടോയ്‌ലറ്റില്‍ വെച്ച് പ്രസവിച്ച പത്താം ക്ലാസുകാരിയെ സ്കൂളില്‍ നിന്നും പുറത്താക്കിയ സംഭവം വിവാദമാകുന്നു. രാമനാഥപുരത്തെ ഒരു സ്വകാര്യ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ടോയ്‌ലറ്റില്‍ കുഞ്ഞിന് ജന്‍മം നല്‍കിയത്.
തടിച്ച ശരീരപ്രകൃതിയായതിനാല്‍ പതിനഞ്ചുകാരി ഗര്‍ഭിണിയായ വിവരം മാതാപിതാക്കളോ സ്കൂള്‍ അധികൃതരോ അറിഞ്ഞിരുന്നില്ലെന്ന് മുഖ്യ വിദ്യാഭ്യാസ ഓഫിസര്‍ ബാലസുബ്രഹ്മണ്യം പറഞ്ഞു.
ഒരാഴ്ച മുമ്പ് ക്ലാസ് നടന്നു കൊണ്ടിരിയ്‌ക്കെ ടോയ്‌ലറ്റില്‍ പോകാന്‍ പെണ്‍കുട്ടി അനുമതി ചോദിച്ചിരുന്നു. പ്രസവിച്ച ശേഷം കുഞ്ഞിനെ ടോയ്‌ലറ്റില്‍ ഉപേക്ഷിച്ച പെണ്‍കുട്ടി ഉടനെ സുഖമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
പിന്നീട് സഹപാഠികളാണ് ടോയ്‌ലറ്റില്‍ ഉപേക്ഷിയ്ക്കപ്പെട്ട നിലയില്‍ ചോരക്കുഞ്ഞിനെ കണ്ടെത്തിയത്. പിന്നീട് സ്കൂള്‍ അധികൃര്‍ തന്നെ കുഞ്ഞിനെ ആശുപത്രയിലെത്തിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പെണ്‍കുട്ടി കുടുങ്ങിയത്.
കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അച്ചടക്ക നടപടിയുടെ ഭാഗമായി പെണ്‍കുട്ടിയ്ക്ക് അധികൃതര്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. എന്നാല്‍ വിദ്യാര്‍ഥിനിയുടെ സമ്മതമില്ലാതെ സ്‌കൂള്‍ അധികൃതര്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് തെറ്റാണെന്ന് ബാലസുബ്രഹ്മണ്യം പറഞ്ഞു. പെണ്‍കുട്ടിയുടെ വിദ്യാഭ്യാസം തുടരാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications