മുസ്ലീങ്ങള്‍ ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നു

മാസപ്പിറവി കണ്ടതോടെ വിവിധ ഖാസിമാരും മത നേതാക്കളും വെള്ളിയാഴ്ച ചെറിയപെരുന്നാളായി പ്രഖ്യാപിച്ചു. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും വെള്ളിയാഴ്ചയാണ് പെരുനാള്‍.
വ്രതമനുഷ്ഠിക്കുകയും പ്രാര്‍ഥനകളും ദാനധര്‍മാദികളുമായി രാപ്പകലുകളെ ധന്യമാക്കുകയും ചെയ്ത വിശ്വാസികള്‍ പെരുന്നാള്‍ ദിനത്തിലും ദാനധര്‍മ്മങ്ങള്‍ നടത്തുന്നു.
റമസാനിലെ കഠിനവ്രതത്തിലൂടെ നേടിയ നന്മകള്‍ തുടര്‍ന്നുള്ള ദിനങ്ങളിലും ജീവിതത്തിനു പ്രകാശമായിരിക്കുമെന്ന ദൃഢപ്രതിജ്ഞയോടെയാണ് ഇസ്ലാം ശവ്വാല്‍ മാസത്തെ വരവേല്‍ക്കുന്നത്.
മനുഷ്യരുടെ വിശപ്പും ദാഹവും ക്ഷീണവും എല്ലാവരും മനസ്സിലാക്കുന്നതിനുവേണ്ടി ഹിജ്‌റ രണ്ടാം വര്‍ഷം മുതലാണ് പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍ മാസത്തിലെ പകല്‍ മുഴുവനും ആഹാരം വെടിഞ്ഞ് നോമ്പ് നോല്‍ക്കുന്ന രീതി ആരംഭിച്ചത്.
പാപങ്ങള്‍ കരിച്ചുകളയുന്നമാസം എന്നര്‍ത്ഥം വരുന്ന 'റമദാനിയ' വ്രതം അനുഷ്ഠിക്കുന്നവരുടെ അതുവരെയുള്ള എല്ലാ തെറ്റുകളും ദൈവം പൊറുത്തുകൊടുക്കുമെന്നാണ് വിശ്വാസം.
ഷഅബാന്‍ മാസത്തിന്റെ അവസാനത്തോടെ ആരംഭിക്കുന്ന വ്രതാനുഷ്ഠാനം ഷവ്വാല്‍പിറ കാണുന്നതോടെയാണ് അവസാനിക്കുന്നത്. ഇതോടൊപ്പം തന്നെ റംസാന്‍ മാസത്തില്‍ മാത്രം 'ഇഷാഅ് നമസ്‌കാരത്തോടനുബന്ധിച്ച് നടക്കുന്ന ഒരു മണിക്കൂറിലധികം നീളുന്ന ത്യാഗനിര്‍ഭരമായ 'തറാവീഅ്' നമസ്‌കാരവും അവസാനിക്കും.
മസ്ജിദുകളിലും ഈദുഗാഹുകളിലും ഒത്തുകൂടുന്ന വിശ്വാസികള്‍ സൂര്യോദയത്തിന് നിശ്ചിത മാത്ര കഴിഞ്ഞ് ഇമാമുകളുടെ നേതൃത്വത്തില്‍ പെരുന്നാള്‍ നമസ്‌കാരം നടത്തും. ഇമാമുകള്‍ പെരുന്നാള്‍ സന്ദേശവും ഖുത്ത്ബയും നടത്തുന്നതോടെ പെരുന്നാള്‍ പ്രാര്‍ത്ഥനകള്‍ പൂര്‍ണമാകും.












Click it and Unblock the Notifications