ഉപവാസം: സിസ്റ്റര്‍ ടീനയെ ആശുപത്രിയിലേയ്ക്ക് മാറ്റി
ആലുവ: സഭാനേതൃത്വം മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്നാരോപിച്ച് നിരാഹാരസമരം നടത്തുന്ന സിസ്റ്റര്‍ ടീനയെ ആരോഗ്യനില കണക്കിലെടുത്ത് ആലുവ താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.
ആശുപത്രിയിലും ഇവര്‍ സമരം തുടരുകയാണ്. ആലുവ മൗണ്ട് കാര്‍മല്‍ ജനറലേറ്റില്‍ ടീന നടത്തുന്ന ഉപവാസ സമരം ഒന്‍പതാം ദിവസം പിന്നിട്ടു.
സിസ്റ്റര്‍ ടീനയുടെ രക്തസമ്മര്‍ദ്ദം 184 കഴിഞ്ഞതിനാല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്നതിനാലാണ് ആ ശുപത്രിയിലേക്ക് മാറ്റുന്നതെന്ന് ആലുവ സി.ഐ. പ്രഫുല്ലചന്ദ്രന്‍ നായര്‍ പറഞ്ഞു. ആര്‍ഡിഒ, സിസ്റ്റര്‍ ടീനയെ ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആരോഗ്യപരമായി ഒരു പ്രശ്‌നവുമില്ലെന്നും സഭാ നേതൃത്വത്തിന്റെ ഇടപെടല്‍ മൂലമാണ് തന്നെ ആശുപത്രിയിലേക്ക് മാറ്റുന്നതെന്നും സിസ്റ്റര്‍ ടീന പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ സിഎംസി സഭയുടെ ഉടമസ്ഥതയില്‍ തന്നെയുള്ള കാര്‍മല്‍ ആശുപത്രിയിലെ ഡോക്ടര്‍ മേരി ജോസഫ് പരിശോധിച്ച് പ്രശ്‌നമൊന്നുമില്ലെന്ന് വ്യക്തമാക്കിയിരുന്നു.രണ്ടു മണിക്കൂറിനുള്ളില്‍ പോലീസ് കൊണ്ടുവന്ന ഡോക്ടര്‍ എന്തടിസ്ഥാനത്തിലാണ് ആരോഗ്യം വഷളായെന്ന് പറഞ്ഞതെന്ന് മനസ്സിലാകുന്നില്ലെന്നും സിസ്റ്റര്‍ ടീന പറഞ്ഞു.
ഞാറയ്ക്കലില്‍ പള്ളി ഇടവകയും കന്യാസ്ത്രീകളും തമ്മിലുള്ള തര്‍ക്കത്തില്‍ കന്യാസ്ത്രീകള്‍ക്കൊപ്പം നിന്നതിനെ തുടര്‍ന്ന് സിഎംസി സഭ പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് സിസ്റ്റര്‍ ടീന ഉപവാസം നടത്തുന്നത്.
സഭയിലെ തിരഞ്ഞെടുപ്പുകളില്‍ പങ്കെടുപ്പിക്കാതെയും ഉത്തരവാദിത്വങ്ങള്‍ നല്‍കാതെയും അവഗണിക്കുകയാണെന്നും സിസ്റ്റര്‍ ആരോപിക്കുന്നു.
ടീനയുടെ ഉപവാസത്തിന് പിന്തുണ പ്രഖ്യാപിച്ച് ചൊവ്വാഴ്ച ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രകടനമായെത്തി മൗണ്ട് കാര്‍മല്‍ ജനറലേറ്റിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞതോടെ നേരിയ സംഘര്‍ഷാവസ്ഥയുണ്ടായി.
പ്രകടനക്കാര്‍ പിന്നീട് ജനറലേറ്റിന് മുന്നില്‍ ഉപരോധസമരം നടത്തി. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഫെലിക്‌സ് പുല്ലൂടന്റെ നേതൃത്വത്തിലായിരുന്നു ധര്‍ണ.












Click it and Unblock the Notifications