ജനപ്രിയ പ്രഖ്യാപനങ്ങളോടെ തുടക്കം

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഈ ആദ്യ തീരുമാനത്തെ തുടര്‍ന്ന് ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ സംസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് ഒരു രൂപ 22 പൈസ കുറഞ്ഞു.
രണ്ടു മണിക്കൂറോളം നീണ്ടുനിന്ന ആദ്യ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് വാര്‍ത്താലേഖകരെ അറിയിച്ചത്. കൂട്ടിയ വിലയുടെ അധികനികുതി ഉപേക്ഷിക്കുന്നതുമൂലം സംസ്ഥാന സര്‍ക്കാറിന് പ്രതിവര്‍ഷം 131.94 കോടി രൂപയുടെ വരുമാനനഷ്ടമുണ്ടാകും. മെയ് 19 മുതല്‍തന്നെ ഇതുപ്രകാരം വില കുറയുന്നതിനാല്‍ 20ാം തീയതിയിലെ വാഹന പണിമുടക്ക് ഉപേക്ഷിക്കണമെന്ന് സമരത്തിന് ആഹ്വാനംചെയ്തവരോട് അദ്ദേഹം അഭ്യര്‍ഥിച്ചു.
1.22 രൂപ നികുതി ഉള്‍പ്പെടെ പെട്രോള്‍വിലയില്‍ 5.39 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. നികുതി ഒഴിവാകുന്നതോടെ പെട്രോള്‍വില വര്‍ധന 5.39 രൂപയില്‍നിന്ന് 4.17 ആയി കുറയും.
എന്‍ഡോസള്‍ഫാന്‍ മൂലം മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം അര ലക്ഷത്തില്‍നിന്ന് ഒരു ലക്ഷം രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതത്തിനിരയായി മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ഒരുലക്ഷം രൂപവീതം അടിയന്തര സഹായം നല്‍കും. കഴിഞ്ഞ സര്‍ക്കാര്‍ 50,000 രൂപവീതം നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഈ ദുരന്തത്തില്‍ 486 പേരാണ് മരിച്ചത്. പക്ഷേ, കഴിഞ്ഞ സര്‍ക്കാര്‍ 178 പേര്‍ക്കു മാത്രമാണ് സഹായം നല്‍കിയത്. പുതിയ തീരുമാനമനുസരിച്ച് 486 പേരുടെ കുടുംബങ്ങള്‍ക്കും ഒരു ലക്ഷം രൂപവീതം നല്‍കും. നേരത്തേ 50,000 രൂപ മാത്രം ലഭിച്ചവര്‍ക്ക് ബാക്കി തുകകൂടി വിതരണംചെയ്യും.
ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ഒരു രൂപയ്ക്ക് റേഷന്‍കടകളിലൂടെ അരി നല്‍കുന്നതുസംബന്ധിച്ച് വിശദാംശങ്ങള്‍ തയ്യാറാക്കാന്‍ മന്ത്രി ടി.എം. ജേക്കബിനെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സിലബസ്സില്‍ 10ാം ക്ലാസ് പാസായ കുട്ടികള്‍ക്ക് കേരള ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന്റെ രണ്ടാം അലോട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ സഹായിക്കുന്ന വിധത്തില്‍ അവരുടെ അപേക്ഷ സ്വീകരിക്കും. ഫസ്റ്റ് അലോട്ട്‌മെന്റില്‍ കൊടുക്കാന്‍ തീരുമാനിച്ചാല്‍ നാലുലക്ഷം പേര്‍ക്ക് 12 ദിവസത്തെ അധ്യയനദിവസങ്ങള്‍ നഷ്ടപ്പെടുന്നതുകൊണ്ട് രണ്ടാം അലോട്ട്‌മെന്റില്‍ അപേക്ഷകള്‍ സ്വീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതനുസരിച്ച് ജൂണ്‍ ഏഴ്, എട്ട് തീയതികളില്‍ ഫസ്റ്റ് അലോട്ട്‌മെന്റ് നടക്കും. 13, 14 തീയതികളില്‍ നടക്കുന്ന സെക്കന്‍ഡ് അലോട്ട്‌മെന്റില്‍ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. കുട്ടികളെ ഏകജാലകംവഴി പരിഗണിക്കും.
കുട്ടനാട്ടില്‍ വേനല്‍മഴമൂലം കൃഷിനാശം സംഭവിച്ച കൃഷിക്കാര്‍ക്ക് ഹെക്ടറിന് 20,000 രൂപവീതം നഷ്ടപരിഹാരം നല്‍കും. കഴിഞ്ഞ സര്‍ക്കാര്‍ 10,000 രൂപ വീതമാണ് നഷ്ടപരിഹാരം അനുവദിച്ചത്.
കേരളത്തിന് ലഭിക്കുന്ന കേന്ദ്രപദ്ധതികള്‍ നഷ്ടപ്പെടാതിരിക്കാനും കേന്ദ്ര പാക്കേജുകള്‍ കണ്ടുപിടിച്ച് നടപ്പാക്കാനുമായി ഒരു പ്രോഗ്രാം ആന്‍ഡ് ഇംപ്ലിമെന്റേഷന്‍ സെല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കും. അത് എങ്ങനെ പ്രാവര്‍ത്തികമാക്കണമെന്നതിനെക്കുറിച്ച് ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് നല്‍കാനും മന്ത്രിസഭ ആവശ്യപ്പെട്ടു.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് 2011 ജനവരി ഒന്നുമുതല്‍ നടത്തിയ എല്ലാ നിയമനങ്ങളും വിവാദ ഉത്തരവുകളും പുനഃപരിശോധിക്കും. ഈ പുനഃപരിശോധനയിലും നിയമത്തിന് അതീതമായ നടപടി ഉണ്ടാവില്ല. നിയമപരമായ കാര്യങ്ങളും എവിടെയെങ്കിലും വീഴ്ചയോ അഴിമതിയോ നടന്നുവോയെന്ന കാര്യവും പരിശോധിക്കുമെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ചു












Click it and Unblock the Notifications