ആപ്പിള്‍ എ ഡേയ്‌ക്കെതിരെ പരാതികള്‍ പെരുകുന്നു
കൊച്ചി: പ്രമുഖ ഫ്ലാറ്റ് നിര്‍മ്മാതാക്കളാ ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസിനെതിരെയുള്ള പരാതികളുടെ എണ്ണം കൂടുന്നു. തിങ്കളാഴ്ച മാത്രം 42 പരാതികള്‍ ലഭിച്ചതായി പാലാരിവട്ടം പൊലീസ് അറിയിച്ചു.
നേരത്തേ ലഭിച്ച ചില പരാതികളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതിനിടെയാണ് പുതിയ പരാതികള്‍ ലഭിച്ചിരിക്കുന്നത്. ആപ്പിള്‍ പ്രോപ്പര്‍ട്ടീസിന്റെ ഒമ്പതു പ്രോജക്ടുകള്‍ക്കെതിരേയാണ് പ്രധാനമായും പരാതികള്‍ ലഭിച്ചിരിക്കുന്നത്.
പരാതിക്കാരുടെ എണ്ണം പെരുകിയതോടെ പരാതികള്‍ സ്വീകരിക്കാന്‍ പാലാരിവട്ടം പൊലീസ് സ്‌റ്റേഷനില്‍ അഞ്ചു പ്രത്യേക കൗണ്ടറുകള്‍ തുറന്നു. കേസിനെത്തുടര്‍ന്ന് സ്ഥാപന ഉമടകളായ സാജു കടവിലാന്‍, രാജീവ് ചെറുവാര എന്നിവര്‍ ഒളിവില്‍ക്കഴിയുകയാണ്. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നടപടികള്‍ പോലീസ് പൂര്‍ത്തിയാക്കി.
ഫെഡറല്‍ ബാങ്കില്‍ ഉടമകള്‍ക്കുണ്ടായിരുന്ന അക്കൗണ്ടുകള്‍ മാത്രമാണ് മരവിപ്പിച്ചതായി കാണിച്ചു പോലീസിനു മറുപടി ലഭിച്ചിട്ടുള്ളത്. ഈ അക്കൗണ്ടില്‍ പണമില്ലെന്ന വിവരവും ബാങ്ക് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. ഇവരുടെ ഒളിത്താവളം പൊലീസ് കണ്ടെത്തിയതായും സൂചനയുണ്ട്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സാജു കടവിലാനും രാജീവ്കുമാര്‍ ചെറുവാരയും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞാലുടന്‍ അറസ്റ്റുണ്ടാവുമെന്നാണു സൂചന. തട്ടിപ്പില്‍ കൂട്ടുപ്രതികളാണെന്ന നിഗമനത്തെത്തുടര്‍ന്ന് ഇവരുടെ അടുത്ത ബന്ധുക്കളില്‍ ചിലരെയും പൊലീസ് അടുത്ത ദിവസങ്ങളില്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്.
ഇതിനിടെ ഉടമകളുടെ അക്കൗണ്ടില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ വന്‍തോതില്‍ ഹവാല പണം എത്തിയിരുന്നുവെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കോടിക്കണക്കിനു കള്ളപ്പണം ആപ്പിള്‍ ഉടമകള്‍ വഴി കൊച്ചിയിലെത്തിച്ചു വന്‍ തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയതായാണു വിവരം.












Click it and Unblock the Notifications