കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂലമറ്റം പവര്‍ഹൗസില്‍ പൊട്ടിത്തെറി

  • By Lakshmi
Google Oneindia Malayalam News

Moolamattom Power House
തൊടുപുഴ: ഇടുക്കി പദ്ധതിയുടെ വൈദ്യുതോല്പാദനനിലയമായ മൂലമറ്റത്തെ ഭൂഗര്‍ഭ പവര്‍ഹൗസില്‍ തീപ്പിടിത്തവും പൊട്ടിത്തെറിയുമുണ്ടായി. സംഭവത്തില്‍ ഒരു വനിത ഉള്‍പ്പെടെ രണ്ട് എന്‍ജിനീയര്‍മാര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. പൊട്ടിത്തെറിയുടെ കാരണം വ്യക്തമായിട്ടില്ല.

സംഭവത്തെത്തുടര്‍ന്ന് പവര്‍ഹൗസില്‍നിന്നുള്ള വൈദ്യുതി ഉല്പാദനം പൂര്‍ണമായും നിര്‍ത്തി. കേരളത്തിന്റെ ഏറ്റവും വലിയ വൈദ്യുതോല്പാദനകേന്ദ്രമായ മൂലമറ്റത്ത് ഉല്പാദനം നിലച്ചതോടെ സംസ്ഥാനത്ത് അനിശ്ചിതകാലത്തേക്ക് ഭാഗിക വൈദ്യുതനിയന്ത്രണം ഏര്‍പ്പെടുത്തി.

അസിസ്റ്റന്റ് എന്‍ജിനീയര്‍(ഓപ്പറേഷന്‍) മെറിന്‍ ഐസക് (27), സബ് എന്‍ജിനീയര്‍ കെ.എസ്. പ്രഭ(50) എന്നിവര്‍ക്കാണു പൊള്ളലേറ്റത്. ഇരുവരും തിരുവനന്തപുരം സ്വദേശികളാണ്.
കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഏപ്രില്‍ 20ന് തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ പവര്‍ ഹൌസില്‍ 130 മെഗാവാട്ട് വീതമുള്ള ആറു ജനറേറ്ററുകളാണുള്ളത്. മൊത്തം ഉല്‍പാദന ശേഷി 780 മെഗാവാട്ട്.

രണ്ടാം ഘട്ടത്തില്‍പ്പെട്ട അഞ്ചാമത്തെ ജനറേറ്റിങ് സിസ്റ്റത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് അല്‍പ സമയത്തിനു ശേഷം വന്‍ ശബ്ദത്തോടെ കണ്‍ട്രോള്‍ പാനലും ട്രാന്‍സ്‌ഫോമറും പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ പവര്‍ഹൗസിനുള്ളില്‍ പുക നിറഞ്ഞു.

അപകടമൊഴിവാക്കാന്‍ മുഴുവന്‍ ജനറേറ്ററുകളും നിര്‍ത്തിവച്ചു. ജീവനക്കാരെ മുഴുവന്‍ പുറത്തിറക്കി. ജീവനക്കാര്‍ക്കു ശ്വാസതടസ്സം ഉണ്ടാകുമെന്നതിനാല്‍ പുക നീക്കം ചെയ്യാനായിരുന്നു ആദ്യ ശ്രമം. ഇതിനായി രാത്രി ഏഴരയോടെ ഒരു ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു.

അപകടത്തിനിടയാക്കിയ കാരണം കണ്ടെത്താന്‍ വിദഗ്ധരുടെ സാന്നിധ്യത്തില്‍ ജനറേറ്റര്‍ ചൊവ്വാഴ്ച പരിശോധിക്കും. തൊടുപുഴയില്‍നിന്നു രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും അതിനു മുന്‍പുതന്നെ തീ കെടുത്താന്‍ കഴിഞ്ഞു.

15 വര്‍ഷം മുന്‍പും പവര്‍ ഹൌസില്‍ ചപ്പുചവറുകള്‍ക്കു തീപിടിച്ചിരുന്നു. ഇതേ തുടര്‍ന്ന് പവര്‍ ഹൌസില്‍ പുക നിറയുകയും ജീവനക്കാരെ അടിയന്തരമായി പുറത്തിറക്കുകയും ചെയ്തിരുന്നു.

English summary
A major fire broke out at Moolamattom power house in Idukki. Two KSEB employees, Assistant Executive Engineer and Sub Engineer have been injured,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X