ആത്മഹത്യക്ക് സമ്മതിക്കണമെന്ന് 12 അംഗകുടുംബം
അംബാല: ഊരു വിലക്കനുഭവിയ്ക്കുന്ന കുടുംബം ആത്മഹത്യ ചെയ്യാന്‍ അനുവദിയ്ക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയ്ക്കു കത്തെഴുതി. ഹരിയാനയിലെ അംബാലയിലാണ് സംഭവം. ബാലദേവ് സിങ്ങിന്റെ കുടുംബമാണ് കഴിഞ്ഞ ഒന്നര വര്‍ഷമായി ഊരു വിലക്കനുഭവിയ്ക്കുന്നത്. ഇവരുടെ മകന്‍ ഒരു കൊലക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് 12 പേരടങ്ങുന്ന ഇവരുടെ കുടുംബത്തിന് ഊരു വിലക്കേര്‍പ്പെടുത്തിയത്.
ബാലദേവ് സിങ്ങിന്റെ ഇളയ മകനായ ഹര്‍പീതിനെ 2010 ജനുവരിയില്‍ ഇവരുടെ ഗ്രാമത്തില്‍ തന്നെയുള്ള മറ്റൊരു യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. ഈ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റു ചെയ്ത മറ്റ് അഞ്ച് പേരോടൊപ്പം ഇയാള്‍ ഇപ്പോള്‍ അംബാല ജയിലിലാണ്.
ഈ സംഭവത്തിനെ തുടര്‍ന്ന് ഇവരുടെ കുടുംബത്തിന് ഗ്രാമവാസികള്‍ ഊരു വിലക്കേര്‍പ്പെടുത്തുകയായിരുന്നു. ഗ്രാമത്തിലെ മറ്റുള്ളവരില്‍ നിന്ന് ഇവര്‍ക്ക് നിരന്തരമായി ഭീഷണിയുണ്ടാകുകയും ചെയ്തിരുന്നു. ഇതിനെക്കുറിച്ച് പോലീസില്‍ പരാതിപ്പെട്ടിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. കേസില്‍ കോടതിയുടെ വിധി വന്നു കഴിഞ്ഞാല്‍ തങ്ങള്‍ ഗ്രാമം വിട്ടു പൊയ്‌ക്കോളാമെന്ന് പറഞ്ഞെങ്കിലും ഗ്രാമവാസികള്‍ തങ്ങളെ നിരന്തരം വേട്ടയാടുകയാണെന്ന് ഇവര്‍ പറയുന്നു.
ഇതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്യാന്‍ അനുവദിയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഇവര്‍ രാഷ്ട്രപതിയ്ക്കു കത്തെഴുതിയത്. കത്തിന്റെ കോപ്പി ഹരിയാന മുഖ്യമന്ത്രിയ്ക്കും മനുഷ്യാവകാശ കമ്മീഷനും അയച്ചിട്ടുണ്ട്. എന്നാല്‍ ബാലദേവിനും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നാണ് പോലീസിന്റെ ഭാഷ്യം.












Click it and Unblock the Notifications