സഹോദരഭാര്യയ്‌ക്കെതിരെ അശ്ലീലമെയില്‍;യുവതി കുടുങ്ങി
തിരുവനന്തപുരം: വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് സഹോദരന്‍ വിദേശത്തു പഠിച്ച പെണ്‍കുട്ടിയെ വിവാഹംചെയ്തതിന് പകരംവീട്ടാന്‍ വ്യാജ ഇമെയില്‍ പ്രചാരണം നടത്തിയ യുവതി അറസ്റ്റിലായി.
വട്ടിയൂര്‍ക്കാവ് സ്വദേശിനിയാണ് സഹോദരഭാര്യക്കെതിരെ വ്യാജ ഇമെയില്‍ പ്രചാരണം നടത്തിയതിനെത്തുടര്‍ന്ന് പിടിയിലായത്. ഇവരും വിദേശത്ത് തന്നെയാണ് പഠിച്ചതെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.
സഹോദരന്റെ ഭാര്യയുടെ ഇമെയില്‍ വിലാസവും പാസ് വേര്‍ഡും രഹസ്യമായി ചോര്‍ത്തിയെടുത്ത് അതിലൂടെ സഹോദരന്റെ സുഹൃത്തുക്കള്‍ക്ക് ഈ യുവതി നിരന്തരം അശ്‌ളീല സന്ദേശങ്ങള്‍ അയയ്ക്കുകയായിരുന്നു.
മെയിലുകള്‍ കണ്ട സുഹൃത്തുക്കള്‍ പലരും യുവാവിനെയും ഭാര്യയെയും വിവരമറിയിച്ചു. യുവതി സ്വന്തം ഉഇമെയില് അക്കൗണ്ടിന്റെ പാസ് വേര്‍ഡ് മാറ്റിയെങ്കിലും സഹോദരി അശ്ലീല സന്ദേശങ്ങള്‍ അയയ്്ക്കുന്നത് നിര്‍ത്തിയില്ല.
യുവതി നാട്ടിലുള്ള മാതാപിതാക്കളെ വിവരമറിയിച്ചു. ഇവര്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കി. കമ്മിഷണര്‍ പേരൂര്‍ക്കട സി. ഐ ജവഹര്‍ ജനാര്‍ദ്ദിനെ അന്വേഷണത്തിനു ചുമതലപ്പെടുത്തി.
സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പേരൂര്‍ക്കട പൊലീസ് പ്രതിയെ കുടുക്കിയത്. കഴിഞ്ഞ ദിവസം പേരൂര്‍ക്കട സി. ഐയും സംഘവും യുവതിയുടെ വീട് റെയ്ഡ് ചെയ്ത് അശ്‌ളീല സന്ദേശങ്ങള്‍ അയക്കാന്‍ ഉപയോഗിച്ച ലാപ്‌ടോപ്പും കമ്പ്യൂട്ടര്‍ മോഡവും അനുബന്ധ ഉപകരണങ്ങളും കണ്ടെടുത്തു.












Click it and Unblock the Notifications