Get Updates
Get notified of breaking news, exclusive insights, and must-see stories!

2ജിയില്‍ ചിദംബരവും കുരുങ്ങുന്നു

P Chidambaram
ദില്ലി: ഖജനാവിന് ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തിവച്ച 2ജി സ്‌പെക്ട്രം അഴിമതിയില്‍ ആഭ്യന്തര മന്ത്രി പി. ചിദംബരം കുറ്റക്കാരനല്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തെ ഖണ്ഡിക്കുന്ന ധനമന്ത്രാലയത്തിന്റെ കത്ത് സുപ്രീം കോടതിയില്‍.

ചിദംബരം ഉറച്ച നിലപാടെടുത്തെങ്കില്‍ ചുളുവിലയ്ക്കു സ്‌പെക്ട്രം വില്‍ക്കാനാവില്ലായിരുന്നുവെന്നു ചൂണ്ടിക്കാട്ടി ധനമന്ത്രി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനയച്ച കുറിപ്പാണ് ജനതാപാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന്‍ സ്വാമി ബുധനാഴ്ച ജസ്റ്റിസുമാരായ ജി.എസ്. സിങ്വിക്കും എ.കെ. ഗാംഗുലിക്കും മുന്‍പാകെ സമര്‍പ്പിച്ചത്. യുപിഎ സര്‍ക്കാരിലെ പ്രമുഖരായ പ്രണാബും ചിദംബരവും തമ്മില്‍ അകല്‍ച്ച കൂടുന്നതായ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കത്തു പുറത്തുവന്നിരിയ്ക്കുന്നത്.

ഇതോടെ, സ്‌പെക്ട്രം അഴിമതിയില്‍ പങ്കില്ലെന്ന ചിദംബരത്തിന്റെ വാദവും ഡിഎംകെ നേതാക്കളില്‍ മാത്രം പഴിചാരി രക്ഷപെടാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമങ്ങളും കൂടുതല്‍ ദുര്‍ബലമായി.

2011 മാര്‍ച്ച് 25ന് സാമ്പത്തിക കാര്യ ഡെപ്യൂട്ടി ഡയറക്റ്റര്‍ പി.ജി.എസ്. റാവുവാണ് ചിദംബരത്തിനെതിരേ റിപ്പോര്‍ട്ട് തയാറാക്കിയത്. ധനമന്ത്രി പ്രണബ് മുഖര്‍ജി ഇതു പരിശോധിച്ച് നിരീക്ഷണങ്ങളോടു യോജിപ്പു രേഖപ്പെടുത്തിയശേഷം പ്രധാനമന്ത്രിയുടെ ഓഫിസിലെ ജോയ്ന്റ് സെക്രട്ടറി വിനി മഹാജന് അയയ്ക്കുകയായിരുന്നു. കഴിഞ്ഞകാലത്തെ സ്‌പെക്ട്രം ഇടപാടുകള്‍ അടഞ്ഞ അധ്യായമായി കണ്ടാല്‍ മതിയെന്നു ചിദംബരം പ്രധാനമന്ത്രിയോട് പറഞ്ഞതായും രേഖയിലുണ്ട്.

വിവരാവകാശ പ്രവര്‍ത്തകന്‍ വിവേക് ഗാര്‍ഗിനു ലഭിച്ച രേഖയാണ് സുബ്രഹ്മണ്യന്‍ സ്വാമി കോടതിക്കു കൈമാറിയത്. ലൈസന്‍സ് അനുവദിച്ച് 20 ദിവസത്തിനുശേഷം രാജയും ചിദംബരവും കൂടിക്കാഴ്ച നടത്തി. ലൈസന്‍സ് നടപടിക്രമങ്ങള്‍ പുനഃപരിശോധിക്കേണ്ടതില്ലെന്നാണ് അന്നു ചിദംബരം പറഞ്ഞത്.

ലേലം നടത്താതെ, മുന്‍പേ വരുന്നവര്‍ക്കു മുന്‍ഗണനയെന്ന നയപ്രകാരം അനര്‍ഹര്‍ക്ക് സ്‌പെക്ട്രം അനുവദിച്ചുവെന്നതാണ് മുന്‍ ടെലികോം മന്ത്രി എ. രാജയ്‌ക്കെതിരേ ആരോപണം. അന്നു ധനമന്ത്രിയായിരുന്ന ചിദംബരത്തിന്റെ സമ്മതമില്ലാതെ ഇടപാടു നടക്കില്ലെന്നു ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലെ വാദത്തിനിടെയാണു സുബ്രഹ്മണ്യന്‍ സ്വാമി കത്തു സമര്‍പ്പിച്ചത്.

2ജി സ്‌പെക്ട്രം ഇടപാടിനെക്കുറിച്ചു പ്രധാനമന്ത്രിക്കും ചിദംബരത്തിനും അറിയാമെന്നും അവരെ കേസില്‍ സാക്ഷികളാക്കണമെന്നുമുള്ള തിഹാര്‍ ജയിലില്‍ കഴിയുന്ന രാജയുടെയും കനിമൊഴിയുടെയും വാദത്തോടു ചേര്‍ന്നു നില്‍ക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. 2ജി ഇടപാടില്‍ ചിദംബരത്തിന്റെ പങ്ക് അന്വേഷിക്കേണ്ടെന്ന്‌സുപ്രീം കോടതിയില്‍ സിബിഐ വാദിച്ചതിനു പിന്നാലെയാണ് പ്രണബിന്റെ കുറിപ്പ് പുറത്തു വന്നത്.

കത്ത് പുറത്തായതിനെ തുടര്‍ന്ന് ചിദംബരത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. വെളിപ്പെട്ട കുറിപ്പ് ബിജെപിയുടെ നിലപാടു ശരിവയ്ക്കുകയാണെന്നും ചിദംബരം രാജിവയ്ക്കണമെന്നും പാര്‍ട്ടി വക്താവ് പ്രകാശ് ജാവ്‌ദേക്കര്‍ ആവശ്യപ്പെട്ടു. ചിദംബരം രാജിവയ്ക്കണമെന്ന് ഇടതുപാര്‍ട്ടികളും ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+