പെട്രോള്‍ വില നൂലു കൊണ്ട് കഴുത്തറുക്കുന്നത് പോലെ
കൊച്ചി: തുടരെ തുടരെയുള്ള പെട്രോള്‍ വില വര്‍ദ്ധന നൂലുകൊണ്ട് കഴുത്തറക്കുന്നതു പൊലെയെന്നു ഹൈക്കോടതി. ഒരു വര്‍ഷത്തിനുള്ളില്‍ 40-50 ശതമാനം വരെ വില വര്‍ധിച്ചു. ഇരുചക്ര വാഹന യാത്രക്കാരും ചെറിയ കാറുകളിലെ യാത്രക്കാരുമാണ് ഇതിന്റെ ദുരിതം നേരിടുന്നത്. വില വര്‍ധനയ്‌ക്കെതിരേ കേരള കോണ്‍ഗ്രസ് ലയനവിരുദ്ധ വിഭാഗം നേതാവ് പി.സി. തോമസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഈ നിരീക്ഷണം.
പണമുള്ളവര്‍ പ്രീമിയം ഡീസല്‍ കാറുകളിലാണു സഞ്ചരിക്കുന്നത്. പെട്രോള്‍ വില വര്‍ധനയുടെ ദുരിതം അനുഭവിക്കുന്നത് പാവങ്ങളും സബ്‌സിഡി ഉള്‍പ്പടെയുള്ള ഗുണങ്ങള്‍ അനുഭവിക്കുന്നതു പണക്കാരുമാണെന്നും ആക്റ്റിങ് ചീഫ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
വര്‍ധനക്കെതിരേ ജനങ്ങള്‍ പ്രതികരിക്കണം. കാറും ബൈക്കും ഉപയോഗിക്കാതെ നടന്നുപോകുമെന്ന നിലപാട് സ്വീകരിക്കണം. വര്‍ധന വരുമ്പോള്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമാണു സമരവുമായി രംഗത്തെത്തുന്നത്. പൊതുജനങ്ങള്‍ ഇതൊന്നും കാര്യമായി എടുക്കുന്നില്ല. രണ്ടോ മൂന്നോ ദിവസം കഴിയുമ്പോള്‍ വീണ്ടും പഴയപടിയാകും. കോടതി ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും റിലയന്‍സും എണ്ണ വില്‍പ്പനയുടെ കണക്കുകളും ബാലന്‍സ് ഷീറ്റും ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. വില വര്‍ധനയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഹര്‍ജി ഡിസംബര്‍ ആറിനു പരിഗണനയ്ക്കായി മാറ്റി.












Click it and Unblock the Notifications