കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ വന്‍ തീപിടുത്തം

മലയാളികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരും ഒട്ടേറെ രോഗികളും ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ആശുപത്രിയിലെ ഇലക്ട്രിക്കല്‍ വിഭാഗത്തിലുണ്ടായ തീപിടുത്തം ഒന്ന് രണ്ട് നിലകളില്‍ പടര്‍ന്നുപിടിക്കുകയായിരുന്നു.
ഡോക്ടര്‍മാരും നഴ്‌സുമാരും രോഗികളുമുള്‍പ്പെടെ 40ഓളം പേര്‍ ഐസിയു, ഐസിസിയു, ഐടിയു, അത്യാഹിത വിഭാഗം എന്നീ യൂണിറ്റുകളില്‍ കുടുങ്ങിക്കിടക്കുകയാണ്.
ഇരുപത്തഞ്ചോളം അഗ്‌നിശമന സേനാ യൂനിറ്റുകള്‍ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അഗ്നിബാധയുണ്ടായ മുറികളില്‍ നിന്നും പുറത്തേക്ക് വരുന്ന പുക രക്ഷാപ്രരവര്‍ത്തനത്തെ തടസപ്പെടുത്തുന്നുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ തീയണക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തീപിടുത്തം ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല.
പരുക്കേറ്റവരില്‍ മൂന്ന് പേര്‍ മലയാളികളാണ്. ഇവരുടെ പരുക്ക് ഗുരുതരമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ നില മെച്ചപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ ഒരു മലയാളി നഴ്‌സിനെ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. 400ഓളം മലയാളി നഴ്‌സുമാരാണ് ഇവിടെ ജോലിചെയ്യുന്നത്.
25ഓളം രോഗികളെ ഇതുവരെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചിട്ടുണ്ട്. ആശുപത്രി കെട്ടിടത്തിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്താണ് ഇത്രയും പേരെ രക്ഷപെടുത്തിയത്. കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ ആര്‍.കെ പഞ്ച്‌നാഥ, പശ്ചിമബംഗാള്‍ ഗ്രാമവികസനമന്ത്രി ഫിര്‍ഹാദ് ഹക്കിം എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. എഎംആര്‍ഐ ആശുപത്രിയിലുണ്ടാകുന്ന രണ്ടാമത്തെ വലിയ തീപിടിത്തമാണിത്. 2008ലും ഇവിടെ അഗ്‌നിബാധയുണ്ടായിരുന്നു.












Click it and Unblock the Notifications