മകനെ കൂടെക്കിടത്തി; ദമ്പതിമാര്‍ കുരുക്കില്‍
ഓസ്ലോ: മക്കള്‍ക്ക് കൈകൊണ്ട് ഭക്ഷണം നല്‍കുന്നുവെന്നും മൂന്നുവയസ്സുള്ള മകനെ കൂടെക്കിടത്തി ഉറക്കുന്നുവെന്നും ഇന്ത്യന്‍ ദമ്പതിമാര്‍ക്കെതിരെ കുറ്റം ചുമത്തി.
നോര്‍വേയിലെ ശിശു സംരക്ഷണ സര്‍വ്വീസ് ഏജന്റുമാര്‍ ഇവരുടെ രണ്ട് മക്കളെയും കസ്റ്റഡിയിലെടുത്തി ശിശു സംരക്ഷണ കേന്ദ്രത്തില്‍ ഏല്‍പ്പിച്ചിട്ട് എട്ടു മാസമാകുന്നു. ഇന്ത്യക്കാരായ അനുരൂപ്, സാഗരിക എന്നിവരുടെ മൂന്നു വയസ്സുള്ളമകനെയും ഒരു വയസ്സുള്ള മകളെയുമാണ് ഏജന്റുമാര്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
കുഞ്ഞുങ്ങള്‍ക്ക് കൈകൊണ്ട് ഭക്ഷണം വാരി നല്‍കുന്നതും കൊച്ചു കുഞ്ഞുങ്ങളെ ഒപ്പം കിടത്തി ഉറക്കുന്നതും ഇന്ത്യന്‍ സംസ്‌കാരമാണെന്നും മറ്റും അനുരൂപും സാഗരികയും വാദിച്ചെങ്കിലും ഇതംഗീകരിച്ച് കുട്ടികളെ തിരികെ നല്‍കാന്‍ നോര്‍വീജിയന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
2011 മേയിലാണ് മാതാപിതാക്കളില്‍ നിന്ന് കുഞ്ഞുങ്ങളെ നോര്‍വീജിയന്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്ത് ശിശു കേന്ദ്രത്തിലേക്ക് നീക്കിയത്. കുഞ്ഞുങ്ങളെ വിട്ടുകിട്ടാന്‍ ആ ഇന്ത്യന്‍ മാതാപിതാക്കള്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ സഹായം തേടിയിരുന്നു. സര്‍ക്കാര്‍ ഇടപെടുന്നുണ്ടെങ്കിലും ശ്രമങ്ങള്‍ ഇതുവരെ എവിടെയും എത്തിയിട്ടില്ല.
ഒരു കൊല്ലം രണ്ടു തവണ മാത്രമാണ് കുഞ്ഞുങ്ങളെ കാണാന്‍ മാതാപിതാക്കള്‍ക്ക് അനുമതി നല്‍കുന്നത്. അതുതന്നെ വെറും ഒരു മണിക്കൂര്‍ മാത്രമാണ് കൂടിക്കാഴ്ച അനുവദിക്കുന്നത്.
മൂന്നു വയസുള്ള മൂത്ത മകന്‍ അച്ഛന്‍ അനുരൂപിനൊപ്പമാണ് കിടന്നുറങ്ങിയിരുന്നത്. കുട്ടിയെ ഒപ്പം കിടത്താതെ പ്രത്യേകം കിടത്തണമെന്നും അതിന് വിരുദ്ധമായി പ്രവര്‍ത്തിച്ച അനുരൂപിന്റെ നടപടി ഉചിതമായില്ലെന്നും നോര്‍വീജിയന്‍ സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.
കുഞ്ഞുങ്ങള്‍ക്ക് കൈ കൊണ്ട് ഭക്ഷണം വാരി നല്‍കുന്നത് അനാവശ്യമായി കൂടുതല്‍ ഭക്ഷണം കഴിപ്പിക്കാന്‍ ഇടയാക്കുന്നതാണെന്നാണ് ഇവരുടെ മറ്റൊരു വാദം.
നോര്‍വേയില്‍ ജോലിചെയ്യുന്ന അനുരൂപിന്റെയും സാഗരികയുടെയും വിസയുടെ കാലാവധി 2012 മാര്‍ച്ചില്‍ അവസാനിക്കും. അതിനകം കുട്ടികളെ വീണ്ടെടുക്കാനായില്ലെങ്കില്‍ അവരെ വിട്ടുകിട്ടും വരെ ഇവര്‍ അവിടെത്തന്നെ താമസിക്കേണ്ടിവരും.












Click it and Unblock the Notifications