ബൈക്കിടിച്ച് കൊല: അമ്മ വിവരങ്ങള്‍ മറച്ചുവച്ചു
വര്‍ക്കല: വര്‍ക്കല മുണ്ടിയില്‍ പഴവിള വീട്ടില്‍ ലിജി(19)യെ ബൈക്കിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ബിജുവാണെന്ന് പെണ്‍കുട്ടിയുടെ അമ്മ ലീനയ്ക്ക് മുന്‍പേ അറിയാമായിരുന്നുവെന്ന് പൊലീസ്. ഇതറിയാവുന്നതു കൊണ്ടാണ് കേസന്വേഷണവുമായി ലീന സഹകരിക്കാതിരുന്നത്. ലിജിയുടെ അമ്മയുമായി ബിജുവിന് വഴിവിട്ട് ബന്ധമുണ്ടായിരുന്നു. ഇതുമൂലമാണ് ഇവര്‍ പ്രതി ബിജുവാണെന്ന കാര്യം മറച്ചു വച്ചതെന്നും പൊലീസ് പറയുന്നു.
ലിജി ചികിത്സയില്‍ കഴിയുമ്പോള്‍ പണം നല്‍കിയും അല്ലാതെയും സഹായിക്കാന്‍ ബിജു മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. ലിജിയുടെ ചികിത്സയ്ക്കാവശ്യമായ പണം താന്‍ നല്‍കാമെന്നും ബൈക്കിടിച്ചത് താനാണെന്ന് പുറത്ത് പറയരുതെന്നും ബിജു ലീനയോട് ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ പൊലീസ് അന്വേഷണവുമായി ഇവര്‍ സഹകരിച്ചിരുന്നില്ല.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജുവിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വിട്ടു തരണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിക്കും. ലിജിയുടെ മരണവുമായി ബന്ധപ്പെട്ട് ഇനിയും ചില നിര്‍ണ്ണായക വിവരങ്ങള്‍ കൂടി ലഭിക്കാനുണ്ടെന്ന് പൊലീസ് പറയുന്നു.
വിവാഹിതനായ ബിജുവിന് ലിജിയോട് അടുപ്പം തോന്നിയിരുന്നു. ഇയാള്‍ ഇക്കാര്യം ലിജിയോട് പറഞ്ഞെങ്കിലും പെണ്‍കുട്ടി ഇയാളുടെ പ്രണയാഭ്യര്‍ഥന നിരസിച്ചു. ഇതിന്റെ പേരില്‍ ബിജുവിന് ലിജിയോട് പകയുണ്ടായിരുന്നു. പലപ്പോഴും ഇയാള്‍ പെണ്‍കുട്ടിയെ പരസ്യമായി അപമാനിക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നു. ലിജി ഇക്കാര്യം മാതാവിനെ അറിയിച്ചെങ്കിലും അവര്‍ ചെവിക്കൊണ്ടില്ല.
സംഭവ ദിവസം വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ബിജു വഴിയില്‍ തടഞ്ഞു നിര്‍ത്തി അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ പേടിച്ച് തൊട്ടടുത്ത വീട്ടില്‍ അഭയം തേടിയ പെണ്‍കുട്ടി ബിജു പോയി കാണുമെന്ന് കരുതി വീണ്ടും റോഡിലേയ്ക്കിറങ്ങി. ഈ സമയത്ത് ഇയാള്‍ പെണ്‍കുട്ടിയെ ബൈക്കിടിപ്പിച്ച് വീഴുത്തി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ലിജി ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.












Click it and Unblock the Notifications