ഇസ്ലാം നിന്ദ: യുഎസ് പൗരനെതിരെ അന്വേഷണം
ലോസ് ആഞ്ചലസ്: പ്രവാചകനിന്ദയുടെ പേരില്‍ യുഎസിനെതിരേ ഇസ്‌ലാമിക രാജ്യങ്ങളില്‍ അക്രമത്തിനിടയായ സിനിമ പ്രചാരണത്തിനു പിന്നില്‍ യുഎസ് പൗരനെതിരേ അന്വേഷണം. ബാങ്ക് തട്ടിപ്പു കേസില്‍ മുന്‍പു പ്രതിയായ കാലിഫോര്‍ണിയ സ്വദേശി നകൗല ബസ്സീലീ നകൗല എന്ന 55 കാരനെയാണു യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്. ഇയാള്‍ക്കെതിരേ അന്വേഷണം തുടങ്ങി.
ചിത്രം യൂട്യൂബില്‍ ഇട്ടത് ഇയാളാണെന്നു സംശയം. എന്നാല്‍ ഇതേക്കുറിച്ച് ഇയാള്‍ പ്രതികരിച്ചിട്ടില്ല. ഇയാള്‍ക്കെതിരേ അന്വേഷണം തുടങ്ങിയതായി അന്വേഷണ ഏജന്‍സി കോടതിയെ അറിയിച്ചു.
ലോസ് ആഞ്ചലസ് സെറിറ്റൊസ് സ്വദേശിയായ നകൗലയെ 2010ല്‍ ബാങ്ക് തട്ടിപ്പു കേസില്‍ 21 മാസത്തേക്കു ശിക്ഷിച്ചിരുന്നു. വ്യജ രേഖ ഉപയോഗിച്ചു ബാങ്ക് അക്കൗണ്ടുകളും ക്രെഡിറ്റ് കാര്‍ഡുകളും നേടിയെന്ന കേസിലാണിത്. 2011 ജൂണില്‍ ജയില്‍ മോചിതനായി. ഈ സമയത്താണു വിവാദ സിനിമയുടെ നിര്‍മാണം നടന്നത്. നിര്‍മാണവുമായി ഇയാള്‍ക്കു ബന്ധമുണ്ടെന്നാണു കരുതുന്നത്.
അതേസമയം പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന സിനിമയ്‌ക്കെതിരെയുള്ള പ്രക്ഷോഭം മലേഷ്യ, ബംഗ്ലദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഇവിടങ്ങളിലും അറബ് രാജ്യങ്ങളിലും പാശ്ചാത്യ രാജ്യങ്ങളുടെ എംബസികള്‍ക്ക് സുരക്ഷ ശക്തമാക്കി.
ഇസ്രയേല്‍ വംശജനായ യുഎസ് പൗരന്‍ സാം ബാക്കിള്‍ സംവിധാനം ചെയ്ത 'ഇന്നസന്‍സ് ഓഫ് മുസ്‌ലിംസ് എന്ന സിനിമയ്‌ക്കെതിരെ ഈജിപ്തിലും ലിബിയയിലും തുടങ്ങിയ പ്രതിഷേധമാണ് മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കുന്നത്. ലിബിയയില്‍ ബെന്‍ഗാസിയിലെ യുഎസ് കോണ്‍സുലേറ്റിനു നേരെ നടന്ന ആക്രമണത്തില്‍ അംബാസഡര്‍ ക്രിസ്റ്റഫര്‍ സ്റ്റീവന്‍സും മൂന്നു സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.
വിവാദസിനിമയുടെ സംവിധായകന്‍ സാം ബാക്കിള്‍ ഒളിവിലാണ്. സിനിമയുടെ 13 മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ മധ്യപൂര്‍വദേശത്ത് ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചതാണ് പ്രതിഷേധത്തിനു കാരണം.












Click it and Unblock the Notifications