വിമാനത്തിന്റെ ഫോട്ടോയെടുത്ത മലയാളികള്‍ പിടിയില്‍
ചെന്നൈ: എയര്‍ ഇന്ത്യാ വിമാനത്തില്‍ കയറി വിമാനത്തിന്റെ ഫോട്ടോ എടുത്തശേഷം ഇറങ്ങാന്‍ ശ്രമിച്ച രണ്ടു മലയാളികള്‍ പിടിയിലായി. എറണാകുളം മുടവുര്‍ പേഴക്കാപിള്ളി പുലക്കുട്ടില്‍ വീട്ടില്‍ മന്‍സൂര്‍ (19) പെരുമ്പാവൂര്‍ കണ്ടന്‍തറ കത്തുകുടി വീട്ടില്‍ അമീര്‍ താഹ (35) എന്നിവരാണ് പിടിയിലായത്.
ദില്ലിയിലേയ്ക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യയുടെ ഏറ്റവും പുതിയ വിമാനമായ ഡ്രീംലൈനില്‍ കയറിയ ഇരുവരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വിമാനത്താവളത്തിന്റെയും വിമാനത്തിന്റെ ഉള്‍വശത്തെയും ഫോട്ടോകള്‍ എടുത്തു. ഫോട്ടോ എടുത്ത ശേഷം ധൃതിയില്‍ പുറത്തേയ്ക്കിറങ്ങുമ്പോഴാണ് ഇവര്‍ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ പിടിയിലായത്.
ചൊവ്വാഴ്ചയും ഇവര്‍ സമാനമായ രീതിയില്‍ വിമാനത്തില്‍ കയറുകയും ഫോട്ടോകള്‍ എടുക്കുകയും ചെയ്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. അസുഖമാണെന്ന് പറഞ്ഞ് ഇരുവരും ഇറങ്ങിപ്പോരുകയായിരുന്നു. ഇവര്‍ ചിത്രങ്ങള്‍ എടുത്തത് എന്തിനാണെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. മന്‍സൂര്‍ എറണാകുളം അല്‍മീന്‍ കോളേജ് വിദ്യാര്‍ഥിയാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. അമീര്‍ താഹ മുന്‍ എന്‍.ഡി.എഫ്. പ്രവര്‍ത്തകനാണെന്നും പൊലീസ് കണ്ടെത്തി. ഇവര്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിച്ച വരികയാണ്.
എച്ച്.ഡി.എഫ്.സി. മാസ്റ്റര്‍ കാര്‍ഡ് ഉപയോഗിച്ച് ജെ ക്ലാസില്‍ 36,000 രൂപയുടെ ടിക്കറ്റ് എടുത്താണ് ഇരുവരും വിമാനത്തില്‍ കയറിയത്.












Click it and Unblock the Notifications